Asianet News MalayalamAsianet News Malayalam

സ‍ർക്കാരിനെതിരെ ഓർത്തഡോക്സ് സഭ; ച‍ർച്ചയിൽ പങ്കെടുക്കില്ലെന്ന് സൂചന

സർക്കാർ ഇപ്പോൾ ചർച്ചക്ക് വിളിച്ചത് രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണോ എന്ന് സംശയിക്കുന്നുവെന്നും രാഷ്ട്രീയ താല്പര്യത്തിന് നിന്ന് കൊടുക്കാൻ താൽപര്യമില്ലെന്നും വൈദിക ട്രസ്റ്റി ഫാദർ എം ഒ ജോൺ

orthodox church will not ready for a Compromise negotiation with Jacobite
Author
Kochi, First Published Mar 16, 2019, 11:05 AM IST


കൊച്ചി: ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സമവായ ചർച്ച നടത്താനുള്ള സർക്കാർ നീക്കത്തിനെതിരെ ഓർത്തഡോക്സ് സഭ. സർക്കാർ ഇപ്പോൾ ചർച്ചക്ക് വിളിച്ചത് രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണോ എന്ന് സംശയിക്കുന്നുവെന്നും രാഷ്ട്രീയ താല്പര്യത്തിന് നിന്ന് കൊടുക്കാൻ താൽപര്യമില്ലെന്നും വൈദിക ട്രസ്റ്റി ഫാദർ എം ഒ ജോൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പള്ളികൾ വിട്ടുകൊടുക്കുന്നതുൾപ്പെടെയുള്ള ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന സൂചനയാണ് ഓർത്തഡോക്സ് സഭ ഇതിലൂടെ നൽകുന്നത്. 

കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്ന് ഫാദർ എം ഒ ജോൺ പറയുന്നു. മന്ത്രിസഭാ സമിതി രൂപീകരിച്ചിട്ട് മാസങ്ങളാവുകയും ചെയ്തു. ഇപ്പോഴാണ് ചർച്ചക്ക് ശ്രമമുണ്ടായതെന്നും ഫാദർ വിമ‍‍ർശിച്ചു. ചൊവ്വാഴ്ചത്തെ ചർച്ചയെക്കുറിച്ച് ആദ്യമറിഞ്ഞത് മാധ്യമങ്ങളിൽ നിന്നാണ്. അതിന് ശേഷമാണ് മന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേ‍‍ർത്തു. 

തർക്കത്തിലുള്ള പള്ളികളുടെ അവകാശം ഓർത്തോക്സ് സഭയ്ക്ക് കൈമാറണമെന്ന സുപ്രീംകോടതി വിധിക്ക് ശേഷം പലയിടുത്തും ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘ‍ർഷം നടക്കുകയാണ്. ഈ സാഹചര്യത്തിലാണ്  മന്ത്രി ഇ പി ജയരാജൻ അദ്ധ്യക്ഷനായി സർക്കാർ  മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത്. 

മന്ത്രിസഭാ ഉപസമിതി അടുത്ത ചൊവ്വാഴ്ച തിരുവനന്തപുരത്ത് വച്ച് ചർച്ച നടത്താനാണ് ഇരുവിഭാഗങ്ങളേയും ക്ഷണിച്ചത്. ഓർത്തോഡോക്സ്, യാക്കോബായ വിഭാഗങ്ങളുമായി ആദ്യം  മന്ത്രിസഭാ ഉപസമതി പ്രത്യേകം ചർച്ചയും പിന്നീട് ഇരുകൂട്ടരും ഉൾപ്പെട്ട ചർച്ചയുമാണ് ഉദ്ദേശിക്കുന്നത്. യാക്കോബായ വിഭാഗം ക്ഷണം സ്വകരിച്ചു. എന്നാൽ ഓർത്തഡോക്സ് സഭ ക്ഷണം തള്ളുകയാണെന്ന സൂചനയാണ് നൽകുന്നത്. 

കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് താൽപര്യമില്ലെന്നാണ് ഓർത്തഡോക്സ് സഭ കരുതുന്നത്. ഇപ്പോൾ ചർച്ചയ്ക്ക് ക്ഷണിച്ചത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നതും നേതൃത്വം കരുതുന്നു. അതാണ് ചർച്ച ബഹിഷ്കരിക്കാൻ കാരണം. എന്നാല്‍ സമവായ ശ്രമങ്ങൾ തുടരുമെന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. 

Follow Us:
Download App:
  • android
  • ios