Asianet News MalayalamAsianet News Malayalam

കണ്ണീരായി അഫീൽ; ജൂനിയർ അത്‍ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ കുട്ടി മരിച്ചു

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സെന്‍റ് തോമസ് ഹയർസെക്കൻ‍റി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അഫീൽ ജോൺസണാണ് മരിച്ചത്.

plus one student injured by hammer throw during state junior athletic meet dies
Author
Kottayam, First Published Oct 21, 2019, 4:05 PM IST

കോട്ടയം: പാലായിലെ ജൂനിയർ അത്‍ലറ്റിക് മീറ്റിൽ ഹാമർ ത്രോ മത്സരത്തിനിടെ ഹാമർ തലയിൽ വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് അഫീൽ ജോൺസണാണ് മരിച്ചത്. അത്‍ലറ്റിക് മീറ്റിലെ വളണ്ടിയറായിരുന്നു അഫീൽ ജോൺസൺ. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഒക്ടോബർ നാലിനാണ് അത്‍ലറ്റിക് മീറ്റിനിടെ അഫീലിന്‍റെ തലയിൽ ഹാമർ വീണത്.

പാല സെന്‍റ് തോമസ് ഹയർസെക്കൻ‍റി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു അഫീൽ. ജൂനിയർ അത്‍ലറ്റിക് മീറ്റിന്‍റെ ആദ്യദിനത്തിൽ ജാവലിൻ, ഹാമർ ത്രോ മത്സരങ്ങൾ നടക്കുന്നതിനിടെ ഗ്രൗണ്ടിൽ വീണ ജാവലിനുകൾ എടുത്ത് മാറ്റാൻ നിന്ന അഫീൽ ജോൺസന്‍റെ തലയിലേക്ക് എതിർദിശയിൽ നിന്ന് ഹാമർ വന്ന് വീണു. ഭാരമേറിയ ഇരുമ്പ് ഗോളം പതിച്ച് അഫീലിന്‍റെ തലയോട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. 

കഴിഞ്ഞ 15 ദിവസമായി കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു അഫീൽ ചികിത്സയിൽ കഴിഞ്ഞിരുന്നത്. സംസ്ഥാന കായിക വകുപ്പിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ചികിത്സാ കാര്യങ്ങൾ. വിദഗ്ധരായ ഡോക്ടർമാരുടെ പാനലടക്കം ചികിത്സക്കായി രൂപീകരിച്ചിരുന്നു. കഴി‍ഞ്ഞ ഏതാനം ദിവസങ്ങളായി അഫീലിന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായിരുന്നു. ദ്രവ രൂപത്തിലുള്ള ഭക്ഷണം അഫീലിന് നൽകുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കുട്ടി എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അഫീലിന് കടുത്ത പനി ബാധിക്കുകയായിരുന്നു. ന്യുമോണിയ ബാധയാണ് മരണത്തിലേക്ക് നയിച്ചത്. 

വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍  സംഘാടകര്‍ക്ക് വീഴ്ച പറ്റിയെന്ന് കായിക വകുപ്പ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണത്തിനായി മൂന്നംഗ സമിതിയെയും കായിക വകുപ്പ് നിയമിച്ചിരുന്നു. സംഘാടകര്‍ ഒരേ സമയം നിരവധി മത്സരങ്ങള്‍ നടത്തിയെന്നും മൂന്ന് ദിവസം കൊണ്ട് മുഴുവന്‍ മത്സരങ്ങളും തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും സമിതി കുറ്റപ്പെടുത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios