Asianet News MalayalamAsianet News Malayalam

മൂന്നര വയസുകാരിയെ മുത്തശ്ശി മര്‍ദ്ദിച്ച സംഭവം; കേസ് എടുക്കാനാകില്ലെന്ന് ആവർത്തിച്ച് പൊലീസ്

പൊലീസിനെ വിമർശിച്ച് ശിശുക്ഷേമസമിതി അധ്യക്ഷൻ തന്നെ രംഗത്ത് വന്നിരുന്നു. എന്നാല്‍, പരാതി കിട്ടാതെ കേസ് എടുക്കാനാകില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് പൊലീസ്. 

police on Child beaten by grand mother in malappuram
Author
Malappuram, First Published Apr 11, 2019, 4:51 PM IST

മലപ്പുറം: വണ്ടൂരിൽ മൂന്നര വയസുകാരിയെ മുത്തശ്ശി പട്ടിണിക്കിട്ട് മർദിച്ച സംഭവത്തില്‍ കേസ് എടുക്കാനാകില്ലെന്ന് ആവർത്തിച്ച് പൊലീസ്. അതേസമയം, കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമസമിതി ജുവനൈൽ പൊലീസിന് വീണ്ടും ഇ-മെയിൽ അയച്ചു.

കഴിഞ്ഞ ദിവസം പൊലീസിനെ വിമർശിച്ച് ശിശുക്ഷേമസമിതി അധ്യക്ഷൻ തന്നെ രംഗത്ത് വന്നിരുന്നു. എന്നാല്‍ പരാതി കിട്ടാതെ കേസ് എടുക്കാനാകില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് കാളികാവ് പൊലീസ്. ഇതിനെതിരെയാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി(സിഡബ്ല്യുസി)യുടെ വിമർശനം. ചൈല്‍ഡ് ലൈൻ റിപ്പോർട്ടിൽ മൂന്നരവയസുകാരിക്ക് ക്രൂരമർദ്ദനമേറ്റന്ന് വ്യക്തമാണ്. കുട്ടിയെ പട്ടിണിക്കിട്ട് മുത്തശ്ശി നാളുകളായി മ‍ർദ്ദിച്ച കാര്യം നാട്ടുകാരും പൊലീസിനോട് പറഞ്ഞിരുന്നു. സ്വമേധയാ കേസ് എടുക്കാൻ കഴിയുമെന്നിരിക്കെ പൊലീസ് അതിന് തയ്യാറാകുന്നില്ല.

ജുവനൈൽ നിയമങ്ങളുടെ ലംഘനമാണ് പൊലീസ് നടത്തുന്നതെന്ന് കഴിഞ്ഞ ദിവസം സിഡബ്ല്യുസി വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റർ ചെയ്യാൻ ലോക്കൽ പൊലീസിന് നി‍ർദ്ദേശം നൽകണമെന്ന് ചൂണ്ടിക്കാട്ടി സിഡബ്ല്യുസി അധ്യക്ഷൻ ജുവനൈൽ പൊലീസ് വിഭാഗത്തിന് ഇ-മെയിൽ അയച്ചു. കേസിലെ വിവരങ്ങൾ നൽകാൻ പോലും പൊലീസ് തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസവും സിഡബ്ല്യുസി പരാതിപ്പെട്ടിരുന്നു.

അതേസമയം, മർ‍ദ്ദനമേറ്റ കുട്ടിക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ ചികിത്സ നൽകുന്നത്. ശരീരത്തിലെ പരിക്കുകൾ ഭേദമാകാൻ ദിവസങ്ങളെടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മർദ്ദനമേറ്റ കുട്ടിക്ക് പുറമെ മറ്റ് മൂന്ന് കുട്ടികളും അമ്മയും ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍റെ സംരക്ഷണ കേന്ദ്രത്തിലാണ്.

Follow Us:
Download App:
  • android
  • ios