Asianet News MalayalamAsianet News Malayalam

ട്രാൻസ്ജെൻഡറിന്‍റെ മരണം കഴുത്തിൽ സാരി കുരുക്കിയെന്ന് പ്രാഥമിക നിഗമനം

ട്രാൻസ്ജെൻഡർ ഷാലുവിന്‍റെ മരണം കഴുത്തിൽ സാരി കുരുക്കിയതിനെ തുടർന്ന് ശ്വാസം മുട്ടി മരിച്ചെന്ന് പ്രാഥമിക നിഗമനം.  പ്രതി വലയിലായെന്ന് പൊലീസ്.

police on transgender death in Kozhikode
Author
Kozhikode, First Published Apr 2, 2019, 12:05 PM IST

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ യുവതി ഷാലു, കഴുത്തിൽ സാരി കുരുക്കിയതിനെ തുടർന്ന് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പ്രാഥമിക നിഗമനം. നേരത്തെ ഷൊർണൂരിൽ വച്ചുണ്ടായ ചില പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതി വലയിലായതായും പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. മൈസൂര്‍ സ്വദേശി ഷാലുവാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.  ട്രാൻസ്ജെന്‍ഡര്‍ കമ്മ്യൂണിറ്റി സ്ഥിരമായി ഒത്തുചേരാറുള്ള സ്ഥലം കൂടിയായ നഗരത്തിലെ ഇടുങ്ങിയ വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രാൻസ്ജെന്‍ഡര്‍  വിഭാഗത്തിലെ മറ്റംഗങ്ങളെ എത്തിച്ചാണ് പൊലീസ് ആളെ തിരിച്ചറിഞ്ഞത്. 

മരിച്ച ഷാലുവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് ദിവസം കഴിഞ്ഞിട്ടും ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുമെന്ന് പുനർജനി കോർഡിനേറ്റർ സിസിലി ജോണ്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ ഷാലുവിനൊപ്പം കണ്ട ഒരാളെ തിരിച്ചറിഞ്ഞതായും ഇവർ പറഞ്ഞു.

മൈസൂര്‍ സ്വദേശിയെങ്കിലും ഷാലു സ്ഥിരമായി താമസിക്കുന്നത് കണ്ണൂരിലാണ്. കോഴിക്കോട്ടെത്തിയ ഇവര്‍ രാത്രി വൈകിയും സംഭവസ്ഥലത്ത് ഏറെ നേരം സംസാരിച്ച് നിൽക്കുന്നത് കണ്ടവരുണ്ട്. നടക്കാവ് സിഐയുടെ നേതൃത്വത്തിലാണ് യുവതിയുടെ ദുരൂഹമരണത്തിൽ അന്വേഷണം നടക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios