Asianet News MalayalamAsianet News Malayalam

ജോളിക്ക് ഫോണ്‍ വാങ്ങിനല്‍കിയത് ജോണ്‍സൺ; ഇരുവരും തമ്മില്‍ സൗഹൃദം മാത്രമല്ലെന്ന നിഗമനത്തില്‍ പൊലീസ്

ജോൺസനുമായി വിവാഹം നടക്കാൻ ജോൺസന്‍റെ ഭാര്യയേയും കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്ന് ജോളി നല്‍കിയ മൊഴിയിലുണ്ട്. എന്നാല്‍ തന്‍റെ ഭാര്യയെ ഇല്ലാതാക്കാനുള്ള ശ്രമം ജോണ്‍സന് അറിയാമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. 

police says johnson brought mobile phone to koodathai murder accused jolly
Author
Kozhikode, First Published Oct 12, 2019, 1:51 PM IST

കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളിലെ മുഖ്യപ്രതി ജോളിക്ക് ഫോണും സിമ്മും വാങ്ങി നല്‍കിയത് ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സനെന്ന് പൊലീസ്. ഭർത്താവ് ഷാജുവിനെ അപായപ്പെടുത്തി ജോണ്‍സനെ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ജോളി മൊഴി നല്‍കിയതിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ അടുത്ത ബന്ധം ഉണ്ടെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയിരിക്കുന്നത്. ജോണ്‍സനും ജോളിയും തമ്മിലുണ്ടായിരുന്നത് വെറും സൗഹൃദമല്ലെന്നാണ് പൊലീസിന്‍റെ നിഗമനം.

ജോൺസനുമായി വിവാഹം നടക്കാൻ ജോൺസന്‍റെ ഭാര്യയേയും കൊലപ്പെടുത്താൻ ശ്രമം നടത്തിയെന്ന് ജോളി നല്‍കിയ മൊഴിയിലുണ്ട്. എന്നാല്‍ തന്‍റെ ഭാര്യയെ ഇല്ലാതാക്കാനുള്ള ശ്രമം ജോണ്‍സന് അറിയാമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ  ഷാജുവിനെ കൊലപ്പെടുത്താനുള്ള നീക്കം ജോണ്‍സന്‍റെ അറിവോടെയന്നാണ് പൊലീസിന്‍റെ നിഗമനം. ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയ വ്യക്തിയാണ് ബിഎസ്എന്‍ എല്‍ ജീവനക്കാരനായ ജോൺസന്‍.  മുഖ്യ പ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോൺസന്‍റെ മൊഴി നൽകിയിരുന്നു.

ആ സൗഹൃദത്തിലാണ്  ഫോണിൽ സംസാരിച്ചതെന്നും ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും മൊഴിയിൽ  ഉണ്ടായിരുന്നു. കൂടത്തായി കൊലപാതകപരമ്പരയിലെ ഒന്നാം പ്രതി ജോളി കോയമ്പത്തൂരിലും തിരുപ്പൂരിലും ബെംഗളൂരുവിലും ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സനെ കാണാൻ പോയിട്ടുണ്ടെന്നും പൊലീസ് ടവര്‍ ഡംപ് പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു.  കഴിഞ്ഞ ആറു മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്.  

ഷാജുവും ജോളിയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നതിനാൽ ഷാജുവിനെ ഇല്ലായ്മ ചെയ്ത് ജോൺസണെ വിവാഹം കഴിക്കാൻ ആയിരുന്നു ജോളിയുടെ ശ്രമം. ഇതിനായി  ജോൺസന്‍റെ ഭാര്യയെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചതായും ജോളി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ജോളിയുടെയും ജോൺസന്‍റെയും കുടുംബങ്ങൾ തമ്മിൽ അടുപ്പമുണ്ടായിരുന്നു. ഇവർ ഒന്നിച്ച് വിനോദയാത്രക്ക് പോകുക പതിവായിരുന്നു. ഇതിനിടെ വിഷം കലർന്ന ഭക്ഷണം നൽകാൻ ശ്രമിച്ചെങ്കിലും കഴിക്കാത്തതിനാൽ ആണ് ജോൺസന്‍റെ ഭാര്യ രക്ഷപ്പെട്ടതെന്നും ജോളിയുടെ മൊഴിയിൽ പറയുന്നു. 

Follow Us:
Download App:
  • android
  • ios