Asianet News MalayalamAsianet News Malayalam

'എല്ലാ കോൺഗ്രസ് എംപിമാരുമായും കൂടിക്കാഴ്ച്ച നടത്തി, സിപിഎം, സിപിഐ നേതാക്കളെയും കണ്ടു';വെളിപ്പെടുത്തി ജാവദേക്കർ

രാഷ്ട്രീയ നേതാക്കളുമായുളള കൂടിക്കാഴ്ച്ചകളിൽ എന്താണ് തെറ്റെന്നും ജാവദേക്ക‍ര്‍ ചോദിച്ചു.

prakash javadekar says that he met all congress mps from kerala and cpm cpi leaders
Author
First Published Apr 27, 2024, 10:40 AM IST

മുംബൈ: മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനുമായി മാത്രമല്ല കേരളത്തിൽ നിന്നുളള എല്ലാ കോൺഗ്രസ് എംപിമാരുമായും ച‍ര്‍ച്ച നടത്തിയിരുന്നതായി കേരളത്തിന്റെ ചുമതലയുളള ബിജെപി നേതാവ് പ്രകാശ് ജാവദേക്ക‍ര്‍. കേരളത്തിൽ സിപിഎമ്മിന് ഒരു എംപിമാത്രമേയുളളു. ബാക്കിയുളളവരുമായി ചർച്ച നടത്തിയിരുന്നു. കോൺഗ്രസ് മാത്രമല്ല സിപിഎം, സിപിഐ നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തി. രാഷ്ട്രീയ നേതാക്കളുമായുളള കൂടിക്കാഴ്ച്ചകളിൽ എന്താണ് തെറ്റെന്നും ജാവദേക്ക‍ര്‍ ചോദിച്ചു. ഇ പി ജയരാജനുമായുളള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിനില്ലെന്നും ലോക്സഭാ തെരഞ്ഞെടുപ്പിനെ പിന്നാലെ എല്ലാ വിഷയങ്ങളും അവസാനിച്ചെന്നും ജാവദേക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച, ഇപി ജയരാജന്‍-ജാവദേക്കർ കൂടിക്കാഴ്ച ച‍ര്‍ച്ചയാകും, നടപടി സാധ്യത?

തന്റെ സാന്നിധ്യത്തിൽ പ്രകാശ് ജാവദേക്ക‍ര്‍ ഇപി ജയരാജനെ കണ്ടുവെന്നായിരുന്നു ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തൽ. തൃശ്ശൂരിൽ ഇടതുമുന്നണി സഹായിച്ചാൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുമെന്ന് ജാവദേക്കർ ഇ പിയോട് പറഞ്ഞു. പകരം എസ്എൻസി ലാവലിൻ കേസ്, സ്വർണ്ണക്കടത്ത് കേസ് എന്നിവ സെറ്റിൽ ചെയ്ത് തരാം എന്ന് ഉറപ്പ് കൊടുത്തുവെന്നും എന്നാൽ ഇപി സമ്മതിച്ചില്ലെന്നുമായിരുന്നു ദല്ലാളിന്റെ വെളിപ്പെടുത്തൽ.  എന്നാൽ ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ഇപിയുമായി ചര്‍ച്ച ചെയ്തുവെന്നാണ് ബിജെപി നേതാക്കൾ പ്രതികരിച്ചത്.

വിവാദമായതോടെ തന്നെ മകന്റെ വീട്ടിൽ വന്ന് ജാവദേക്ക‍ര്‍ കണ്ടിരുന്നുവെന്ന് ഇപി ജയരാജനും സമ്മതിച്ചു. മകന്റെ കുട്ടിയുടെ പിറന്നാൾ ദിവസമാണ് വന്നു കണ്ടത്. ഇതുവഴി പോയപ്പോൾ കയറിയെന്നായിരുന്നു പറഞ്ഞത്. രാഷ്ട്രീയം സംസാരിക്കാൻ താൽപര്യമില്ലെന്ന് താൻ അവരെ അറിയിച്ചുവെന്നുമായിരുന്നു ഇപിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് ദിനത്തിൽ നടന്ന തുറന്ന് പറച്ചിൽ വലിയ ചര്‍ച്ചയായി. പിന്നാലെ ഏതെങ്കിലും നേതാവിനെ കാണുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നുമില്ലെന്ന് പറഞ്ഞ് ഇപി ജയരാജനെ അക്കാര്യത്തില്‍ പിന്തുണച്ച മുഖ്യമന്ത്രി പക്ഷേ ദല്ലാള്‍ ബന്ധത്തിനെതിരെ കണക്കിന് പ്രഹരിച്ചു. വിഷയം സിപിഎം കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്യും. ഇപിക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 

 

 

 

 

Follow Us:
Download App:
  • android
  • ios