Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയും ധനമന്ത്രിയും തന്നെ വ്യക്തിപരമായി തകർക്കാൻ ശ്രമിക്കുന്നുവെന്ന് ശ്രീധരൻ പിള്ള

പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കണം എന്നത് സ്റ്റാലിൻ ട്രോട്സ്കിയെപ്പറ്റി പറഞ്ഞതാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. അത് കേരളത്തിൽ നടപ്പാക്കാനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രമിക്കുന്നത്.

PS Sreedharan Pillai alleges CM Pinarayi vijayan and finance minister Thomas Isaac personally targeting him
Author
Thiruvananthapuram, First Published May 8, 2019, 1:01 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും തന്നെ വ്യക്തിപരമായി തകർക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ദുരുദ്ദേശ്യപരമായ അപകീർത്തി പ്രചാരണത്തിനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രമിക്കുന്നത് ജനാധിപത്യത്തിന് തന്നെ ആശങ്കയുണ്ടാക്കുന്നുവെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 

സംസ്ഥാനത്തെ വികസനത്തിന്‍റെ ചിറക് അരിയാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്നും പ്രളയത്തിന്‍റെ പേരു പറഞ്ഞ് ദേശീയ പാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നിര്‍ത്തി വയ്ക്കണമെന്ന് കേന്ദ്രത്തിന് കത്തെഴുതിയ പിഎസ് ശ്രീധരൻ പിള്ള സംസ്ഥാന വികസനം തടയാൻ ശ്രമിക്കുന്ന സാഡിസ്റ്റ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു.

കേരളത്തിലെ ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ശ്രീധരന്‍ പിള്ളയാണെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചിരുന്നു. എറണാകുളത്തെ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ ആവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള കേന്ദ്രത്തിന് അയച്ച കത്തും ധനമന്ത്രി കഴിഞ്ഞ ദിവസം പുറത്തുവിട്ടു. കേരളത്തിൻറെ ദേശീയപാതാ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിൻറെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കുകയാണ് വേണ്ടതെന്ന് ആയിരുന്നു തോമസ് ഐസക്കിന്‍റെ വിമർശനം. 

പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കണം എന്നത് സ്റ്റാലിൻ ട്രോട്സ്കിയെപ്പറ്റി പറഞ്ഞതാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. അത് കേരളത്തിൽ നടപ്പാക്കാനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് സിപിഎമ്മിന് തിരിച്ചടി നേരിടും എന്ന തരത്തിൽ നടക്കുന്ന ചർച്ചകൾ തടയാനാണ് തന്നെ വ്യക്തിപരമായി ആക്രമിക്കാൻ ഇരുവരും ശ്രമിക്കുന്നതെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. ശ്രീധരൻ പിള്ള എന്ന വ്യക്തിയെ തകർക്കാനും അപകീർത്തിപ്പെടുത്താനും ഇതുകൊണ്ട് സാധിച്ചേക്കാം. താൻ വികസനത്തിന് എതിരുനിന്നിട്ടില്ല. ദേശീയ പാത വികസനത്തിന്‍റെ കാര്യത്തിൽ അനാവശ്യ വിവാദമാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഉണ്ടാക്കുന്നതെന്നും ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി.

Also read

ദേശീയ പാത വികസനം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പിണറായി, ശ്രീധരൻ പിള്ള സാഡിസ്റ്റ്

വികസനം അട്ടിമറിച്ച ശ്രീധരൻ പിള്ളയെ നാടിന്‍റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കണം: തോമസ് ഐസക്

Follow Us:
Download App:
  • android
  • ios