Asianet News MalayalamAsianet News Malayalam

വൈദികരിൽ നിന്നും പിടിച്ചെടുത്ത പണം തട്ടിയ കേസ്: അറസ്റ്റിലായ പൊലീസുകാരെ പഞ്ചാബ് പൊലീസ് കസ്റ്റഡിയിൽ വിട്ടു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദർ ആന്‍റണി മാടശ്ശേരിയില്‍ നിന്ന് റെയ്ഡിൽ പിടികൂടിയ ഏഴ് കോടി രൂപ ഇവർ അപഹരിച്ചു എന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്

punjab police take two police officers in custody
Author
Kochi, First Published May 1, 2019, 6:53 PM IST

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ സഹായിയിൽ നിന്നും പിടിച്ചെടുത്ത പണം തട്ടിയ കേസില്‍ കൊച്ചിയില്‍ അറസ്റ്റിലായ പഞ്ചാബ് പൊലീസിലെ രണ്ട് എഎസ്ഐമാരെ കോടതി പഞ്ചാബ് പൊലീസിന്‍റെ കസ്റ്റഡിയിൽ വിട്ടു.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനായി പഞ്ചാബ് പൊലീസ് സംഘം കൊച്ചിയിൽ എത്തിയിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഒളിവിലായിരുന്ന പട്യാല സ്വദേശികളായ ജൊഗീന്ദര്‍ സിംഗ്, രാജപ്രീത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്.  

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദർ ആന്‍റണി മാടശ്ശേരിയില്‍ നിന്ന് റെയ്ഡിൽ പിടികൂടിയ ഏഴ് കോടി രൂപ ഇവർ അപഹരിച്ചു എന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്.  ഫാദർ ആൻറണി മാടശ്ശേരിയിൽ നിന്ന് 16 കോടി രൂപ പിടിച്ചെടുത്തെങ്കിലും 9 കോടി രൂപ മാത്രമാണ് ആദായനികുതി വകുപ്പിന് പൊലീസ് കൈമാറിയത്. ഏഴു കോടി രൂപ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അപഹരിച്ചു എന്നായിരുന്നു കേസ്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രൂപം കൊടുത്ത ഫ്രാൻസിസ്ക്കൻ മിഷണറീസ് ഓഫ് ജീസസിന്‍റെ ഡയറക്ട‍ർ ജനറാൾ ആണ് ഫാദർ ആന്റണി മാടശ്ശേരി. ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്‍റെ ജനറേറ്റർ ഓഫീസിൽ ചാക്കില്‍ കെട്ടിയ നിലയിലാണ് കണക്കിൽ പെടാത്ത പണം പഞ്ചാബ് പൊലീസ് പിടിച്ചെടുത്തത്. കണക്കിൽ പെടാത്ത പണം കൈവശം വച്ചതിന് ഫാ ആൻറണി മാടശ്ശേരി ഉൾപ്പടെ ആറ് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിൽ പണം കണ്ടെത്തിയെന്നായിരുന്നു പൊലീസ് വിശദീകരണം.

അതേസമയം താൻ സ്വന്തമായി നടത്തുന്ന ബിസിനസിൽ നിന്നുള്ള വിഹിതം ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുപോകുമ്പോഴാണ് പിടികൂടിയതെന്നാണ് വൈദികൻ വ്യക്തമാക്കിയിരുന്നത്. തങ്ങളുടെ പക്കൽ 16.65 കോടി രൂപ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ 9.66 കോടിയുടെ കണക്ക് മാത്രമാണ് പഞ്ചാബ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ബാക്കിയുള്ള പണം പൊലീസ് അപഹരിച്ചു എന്നും ഇവര്‍ ആരോപിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios