Asianet News MalayalamAsianet News Malayalam

വയനാട്ടിലെ രാത്രിയാത്രാ നിരോധനം: രാഹുൽ ഗാന്ധി എംപി മുഖ്യമന്ത്രിയെ കണ്ടു

ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം ഏഴാം ദിവസവും തുടരുകയാണ്.

rahul gandhi meets pinarayi vijayan on wayanad nh 766 travel ban issue
Author
Delhi, First Published Oct 1, 2019, 10:05 AM IST

ദില്ലി: വയനാട് എംപി രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. പ്രളയവും രാത്രിയാത്രാ നിരോധനവുമാണ് കൂടിക്കാഴ്ചയിൽ ചർച്ചയായതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വയനാട് ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള യാത്രാ നിരോധനം മൂലം ഉണ്ടാകാവുന്ന ബുദ്ധിമുട്ട് മുഖ്യമന്ത്രിയുമായി ചർച്ചചെയ്തെന്ന് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ വയനാട് സന്ദർശിക്കുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു. 

ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. ദേശീയ പാതയില്‍ കഴിഞ്ഞ 10 വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹർജി പരി​ഗണിക്കവേ പകൽകൂടി പാത അടയ്ക്കുന്നതിനെ കുറിച്ച് സുപ്രീംകോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ബുധനാഴ്ച മുതൽ സംയുക്ത സമരസമിതി സമരം ആരംഭിച്ചത്. നൂറുകണക്കിന് പേരാണ് ദിവസവും സമരപന്തലിൽ എത്തുന്നത്. കർഷകരെ അണിനിരത്തി ഇന്ന് സമരക്കാർ ലോങ്മാർച്ചും സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ കക്ഷികളെ പ്രതിനിധീകരിച്ച് അഞ്ച് യുവ നേതാക്കളാണ് അനിശ്ചിതകാല നിരാഹാരസമരം നടത്തുന്നത്.

Read More: ബന്ദിപ്പൂര്‍; സമരത്തിന് ഐക്യദാര്‍ഢ്യം, സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് മുഖ്യമന്ത്രിയോട് ചെന്നിത്തല

2010 ലാണ് ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയില്‍ രാത്രി ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി കൊണ്ട് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വന്യജീവികള്‍ക്ക് കനത്ത ഭീഷണി ഉയർത്തുന്നുവെന്ന്  ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. മൈസൂർ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍, എന്‍എച്ച്- എന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി എന്നിവരായിരുന്നു സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കിയത്. ഒക്ടോബർ 14 നാകും രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീം കോടതി ഇനി പരിഗണിക്കുക.

Follow Us:
Download App:
  • android
  • ios