Asianet News MalayalamAsianet News Malayalam

ചൂടിന് അറുതിയായി ആശ്വാസ വാർത്ത! അടുത്ത മാസം അവസാന ആഴ്ചയോടെ കാലവർഷമെത്തും, പതിവിലും നേരത്തെ!

നാളെയും മറ്റന്നാളും മധ്യ- തെക്കൻ കേരളത്തിലും കോഴിക്കോട്, വയനാട് ജില്ലകളിലും മഴ ലഭിക്കും.

rain starts from last week of may
Author
First Published Apr 15, 2024, 5:50 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം പതിവിലും നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മെയ് അവസാന വാരത്തോടെ കാലവർഷം ശക്തിപ്പെടാൻ സാധ്യതയെന്നാണ് അറിയിപ്പ്. അതേസമയം സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വേനൽ മഴ ശക്തിപ്പെടും. കടുത്ത ചൂട് കുറയുമെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ സാധാരണ ജൂണിലാണ് കാലവര്‍ഷം എത്താറ്. ഇക്കുറി നേരത്തെ എത്തും. മെയ് പകുതിക്ക് ശേഷം പ്രതീക്ഷിക്കാമെന്ന്  കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ എം. മൊഹാപത്ര പറഞ്ഞു.

2023 സെപ്തംബറിൽ ചൂടിനും വരൾച്ചയ്ക്കും കാരണമായ എൽനിനോയുടെ സ്വാധീനം കുറഞ്ഞു. ഇതോടെയാണ് കാലവർഷം നേരത്തെയെത്തുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ആദ്യഘട്ട പ്രവചനം.  കാലവർഷം ആരംഭത്തോടെ എൽനിനോ ദുർബലമാകും. രണ്ടാം ഘട്ടത്തോടെ അതിവർഷത്തിന് കാരണമായ 'ലാനിന' യിലേക്ക് മാറും. കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

അതേസമയം എൽനിനോയുടെ സ്വാധീനം കുറഞ്ഞു വരുന്നതിനാൽ സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വേനൽ മഴ ശക്തിപ്പെടും. നാളെയും മറ്റന്നാളും മധ്യ- തെക്കൻ കേരളത്തിലും കോഴിക്കോട്, വയനാട് ജില്ലകളിലും വേനൽ മഴ ലഭിക്കും. 20 ന് ശേഷം വടക്കൻ കേരളത്തിലെ മറ്റു ജില്ലകളിലും മഴയെത്തും. വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി വേനൽമഴ ലഭിക്കും. കോഴിക്കോട്, വയനാട് ജില്ലകളിൽ അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios