Asianet News MalayalamAsianet News Malayalam

എലത്തൂരിലെ ഓട്ടോ ഡ്രൈവര്‍ രാജേഷിന്റെ മരണം മ‍ർദ്ദനമേറ്റല്ല ; പോസ്റ്റ് മോർട്ടം റിപ്പോ‍ർട്ട് പുറത്ത്

എലത്തൂർ സ്റ്റാന്‍റിൽ ഓട്ടോറിക്ഷ ഓടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കെത്തെ തുടർന്ന് സിപിഎം പ്രവർത്തകർ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിൽ മനം നൊന്താണ് രാജേഷ് രണ്ടാഴ്ച മുമ്പ് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ രാജേഷ് മരിച്ചു.മർദ്ദനമാണ് മരണകാരണമെന്നായിരുന്നു കുടുംബത്തിന്‍റേയും ബിജെപി പ്രവർത്തകരുടേയും ആരോപണം. 

Rajesh's death not torture; Postmortem report out
Author
Elathur, First Published Sep 29, 2019, 2:59 PM IST

 

എലത്തൂരിലെ ഓട്ടോറിക്ഷാ ഡ്രൈവർ രാജേഷിന്‍റെ മരണ കാരണം ഗുരുതരമായ പൊള്ളലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.  മർദ്ദനമാണ് മരണകാരണമെന്നായിരുന്നു കുടുംബത്തിന്‍റേയും ബിജെപി പ്രവർത്തകരുടേയും ആരോപണം. എന്നാൽ തീപ്പൊള്ളലേറ്റതിനെ തുടർന്നുണ്ടായ അണുബാധയാണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 

ഈ മാസം 22നായിരുന്നു രാജേഷിന്റെ മരണം. എലത്തൂർ സ്റ്റാന്‍റിൽ ഓട്ടോറിക്ഷ ഓടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കെത്തെ തുടർന്ന് സിപിഎം പ്രവർത്തകർ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിൽ മനം നൊന്താണ് രാജേഷ് രണ്ടാഴ്ച മുമ്പ് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ രാജേഷ് മരിച്ചു. രാജേഷ് എലത്തൂരിൽ ഓട്ടോറിക്ഷ ഓടിക്കുന്നത് സിഐടിയു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികൾ വിലക്കിയിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. 

15 പേ‌ർ ചേ‌ർന്നാണ് രാജേഷിനെ മ‌‌‌‌ർദ്ദിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എലത്തൂരിലെ ബിജെപി പ്രവ‍‍ർത്തകൻ കൂടിയായിരുന്നു രാജേഷ്. തുടർന്ന് മരണത്തിൽ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ദുര്‍ബല വകുപ്പുകള്‍ ചുമത്തി പൊലീസ് പ്രതികളെ സഹായിക്കുന്നുവെന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍  കോടതിയില്‍ സമര്‍പ്പിച്ചില്ലെന്നുമുള്ള പരാതികൾ ഉയർത്തി  ബിജെപി പ്രവർത്തകർ മൃതദേഹവുമായി എലത്തൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു പ്രതിഷേധിച്ചു.

രാജേഷിനെ മുൻപും പലതവണ സിഐടിയു പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നെന്ന് ആരോപണവുമായി രാജേഷിന്റെ ഭാര്യ രജിഷയും പിന്നീട് രംഗത്തെത്തി. എന്നാൽ ആരോപണങ്ങൾ  സിപിഎം നിഷേധിച്ചു. സ്റ്റാന്‍റില്‍ ഓട്ടോയിടരുതെന്ന് പറഞ്ഞിട്ടില്ലെന്നും ബിജെപി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും ആരോപണങ്ങൾക്ക് സിപിഎം മറുപടി നൽകി. മർദ്ദനം നേരത്തെയുണ്ടായിരുന്ന തർക്കങ്ങളെ തുടർന്നാണെന്നും ആയിരുന്നു സിപിഎം ലോക്കല്‍ സെക്രട്ടറി സുധീഷിന്റെ പ്രതികരണം.

Read More :എലത്തൂരിലെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: പങ്കില്ലെന്ന് സിപിഎം, അറസ്റ്റിലായവർക്കെതിരെ നടപടിയില്ല 

സംഭവത്തിൽ പത്ത്  പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ ആറ് പേരാണ് ഇത് വരെ അറസ്റ്റിലായത്. നാല് പേരെക്കൂടി തിരിച്ചറിയാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മരണത്തിനുത്തരവാദികളായെ മുഴുവന്‍ പേരെയും അറസ്റ്റുചെയ്തില്ലെങ്കില്‍ സമരം തുടങ്ങുമെന്നാണ് ബിജെപി നൽകുന്ന മുന്നറിയിപ്പ്. അതിനിടെയാണ്  മരണകാരണം മർദനമേറ്റതല്ലെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോ‍‍‍‍ർട്ടം റിപ്പോർട്ട് പുറത്തു വരുന്നത്.

Follow Us:
Download App:
  • android
  • ios