Asianet News MalayalamAsianet News Malayalam

റോഡുകളുടെ പുനരുദ്ധാരണം അടുത്ത വർഷം പൂർത്തിയാക്കണം; അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തണമെന്ന് മുഖ്യമന്ത്രി

പൊതുമരാമത്ത് വകുപ്പിന്‍റെ കീഴില്‍ 295 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 31 റോഡുകള്‍ക്കായി മുന്നൂറ് കോടി രൂപ ലോകബാങ്കിന്‍റെ വികസന നയ വായ്പയില്‍ നിന്നു അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില്‍ 602 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 322 റോഡുകള്‍ക്കായി 488 കോടി രൂപയും അനുവദിച്ചിരുന്നു. 

Rebuild Kerala roads should be constructed before 2021 says Chief Minister
Author
Thiruvananthapuram, First Published Nov 7, 2019, 8:26 PM IST

തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന റോഡുകളുടെ നിർമ്മാണം 2020 ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അറ്റകുറ്റ പണികള്‍ ഉടന്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനുള്ള യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി, സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും കീഴിലുള്ള റോഡുകളുടെ കാര്യത്തിലാണ് ഇത്. പൊതുമരാമത്ത് വകുപ്പിന്‍റെ കീഴില്‍ 295 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 31 റോഡുകള്‍ക്കായി മുന്നൂറ് കോടി രൂപ ലോകബാങ്കിന്‍റെ വികസന നയ വായ്പയില്‍ നിന്നു അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴില്‍ 602 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 322 റോഡുകള്‍ക്കായി 488 കോടി രൂപയും അനുവദിച്ചിരുന്നു. സുഗമമായ യാത്രാ സൗകര്യം ഒരുക്കാനാവാത്ത റോഡുകളുടെ ജില്ല തിരിച്ചുള്ള കണക്കും പ്രവര്‍ത്തന പദ്ധതിയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

അറ്റകുറ്റപണികള്‍ മാത്രമുള്ള റോഡുകൾ 2020 മെയ് മാസത്തോടെയും പൂര്‍ത്തിയാക്കണം. മഴക്കാലം മുന്‍കൂട്ടികണ്ട് പ്രവൃത്തികള്‍ ആസൂത്രണം ചെയ്യണം. മഴമാറിയാല്‍ ഉടന്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. ഊര്‍ജിതമായും സുതാര്യമായും സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെയും വകുപ്പുതല സമിതിയുടെയും സംയുക്തയോഗത്തില്‍ ചര്‍ച്ചചെയ്യണം.

2018ലെ  മഹാപ്രളയത്തിന് ശേഷം പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടി ആകെ 613.71 കോടി രൂപ ചെലവില്‍ 9064.49 കിലോമീറ്റര്‍ റോഡിന്‍റെ അറ്റകുറ്റപണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. ഇതില്‍ കുറച്ചു ഭാഗത്ത് 2019 ലെ പ്രളയത്തില്‍ നാശനഷ്ടം വീണ്ടും ഉണ്ടായി. ബാക്കിയുള്ള അറ്റകുറ്റ പണികള്‍ പൊതുമരാമത്ത് വകുപ്പു റോഡുകളില്‍ ഡിസംബര്‍ 31നു മുമ്പും തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള റോഡുകളില്‍ ജനുവരി 31നു മുമ്പും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തദ്ദേശ സ്വയംഭരണ വകുപ്പിന് ലഭ്യമാക്കിയിട്ടുള്ള മെയിന്‍റനന്‍സ് ഗ്രാന്‍റും ഇക്കാര്യത്തില്‍ ഉപയോഗിക്കും. ഈ സമയക്രമം ഉറപ്പാക്കി റോഡുകള്‍ സഞ്ചായരയോഗ്യമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

നിര്‍മ്മിക്കപ്പെടേണ്ട റോഡുകളെ മൂന്നു മാസത്തിനുള്ളില്‍ പണിതീര്‍ക്കാവുന്ന പാക്കേജുകളായി തിരിച്ച് നിര്‍വ്വഹണത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണം. ഫീല്‍ഡ് സര്‍വ്വേ നടത്തി വിശദാംശരേഖ തയ്യാറാക്കാന്‍ മുന്‍പരിചയവും തെളിയിക്കപ്പെട്ട ശേഷിയുമുള്ള ഏജന്‍സികളെയും റോഡുനിര്‍മ്മാണത്തിന് ആധുനിക സന്നാഹങ്ങളുള്ള നിര്‍മ്മാണ കമ്പനികളെയും മുന്‍കൂട്ടി എംപാനല്‍ ചെയ്യണം. പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ ജി സുധാകരൻ, എസി മൊയ്‌തീൻ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

Follow Us:
Download App:
  • android
  • ios