Asianet News MalayalamAsianet News Malayalam

സ്ഥലം മാറ്റത്തിന് തൊട്ടുമുമ്പേ നാല് വ്യാജപട്ടയങ്ങള്‍ റദ്ദാക്കി രേണുരാജ്

റദ്ദാക്കിയത് മൂന്നാർദൗത്യ സംഘത്തിന് പോലും തൊടാൻ കഴിയാതിരുന്ന  വിവാദ പട്ടയങ്ങൾ...രാഷ്ട്രീയ സമ്മർദം ആയിരുന്നു പാർട്ടി ഓഫീസുകളും വൻകിട കെട്ടിടങ്ങളും ഉൾപ്പെടുന്ന പട്ടയങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ നിന്ന് ഉദ്യോഗസ്ഥരെ വിലക്കിയത്. നിലവിലെ നടപടി രവീന്ദ്രൻ പട്ടയങ്ങൾക്കെതിരായ ആദ്യ ചുവടുവയ്പ്പാണ്.

renu raj cancelled 'raveendran pattayam'
Author
Munnar, First Published Oct 2, 2019, 3:37 PM IST

 

മൂന്നാർ: മൂന്നാറിലെ വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ ദേവികുളം സബ്കളക്ടറായിരുന്ന രേണു രാജ് റദ്ദാക്കി. നാല് വ്യാജപട്ടയങ്ങൾ ആണ് റദ്ദാക്കിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരം നടത്തിയ പരിശോധനകൾക്ക് ഒടുവിലാണ് നടപടി. നാല് പട്ടയ നമ്പറിലെ രണ്ടരേക്കർ ഭൂമി ഏറ്റെടുക്കാൻ തഹസീൽദാർക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്.  ദേവികുളത്ത് നിന്ന് സ്ഥലം മാറി പോകുന്നതിന് തൊട്ടുമുൻപാണ് വ്യാജപട്ടയങ്ങൾ റദ്ദാക്കി രേണു രാജ് ഉത്തരവിറക്കിയത്.  സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മ്മിച്ച ഇക്കാനഗറിലെ സര്‍വ്വെ നമ്പര്‍ 912 ല്‍ ഉള്‍പ്പെട്ട എല്‍.എ 96/99, 94/99, 97/99, 54/99 എന്നീ പട്ടയങ്ങളാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കി രേണു രാജ് റദ്ദ് ചെയ്തത്.

renu raj cancelled 'raveendran pattayam'

 

എന്താണ് രവീന്ദ്രൻ പട്ടയങ്ങൾ?

ദേവികുളം അഡീഷണൽ തഹസിൽദാറായിരുന്ന എംഐ രവീന്ദ്രൻ ഇകെ നായനാർ സർക്കാരിന്റെ കാലത്ത് അനുവദിച്ച  530 വ്യാജ പട്ടയങ്ങളാണ് രവീന്ദ്രൻ പട്ടയങ്ങൾ എന്നറിയപ്പെടുന്നത്. ഇതിന് പുറമെ രവീന്ദ്രന്റെ പേരിൽ വ്യാജ ഒപ്പിട്ട് ആയിരക്കണക്കിന് പട്ടയങ്ങൾ ദേവികുളത്ത് വിതരണം ചെയ്‌തതായി വിജിലൻസ്‌ കണ്ടെത്തുകയും ചെയ്‌തു. ഭൂപതിവ് നിയമം അനുസരിച്ച് പട്ടയത്തിൽ ഒപ്പു വയ്ക്കാനും പട്ടയം അനുവദിക്കാനുമുള്ള അധികാരം ഉള്ളത് തഹസിൽദാർമാർക്കാണ്. എന്നാൽ ചട്ടത്തിന് വിരുദ്ധമായി അഡീഷണൽ തഹസിൽദാറായിരുന്ന എംഐ രവീന്ദ്രൻ ഭൂമി പതിച്ചു നൽകിയതിലൂടെ ആണ് പട്ടയങ്ങൾ വ്യാജമായത്. 

നാൾ വഴി ഇങ്ങനെ

മൂന്നാർ ഇക്കാനഗറിലെ സർവ്വേ നമ്പർ 912ൽ ഉൾപ്പെട്ട ഭൂമിയിൽ ,1955 മുതല്‍  സ്ഥിരം താമസക്കാരായിരുന്ന പി എം മാത്യുവിനെയും കുടുംബത്തെയും സാമൂഹ്യവത്കരണത്തിന്‍റെ പേരില്‍ 1965 ല്‍ സര്‍ക്കാര്‍ ഇറക്കിവിട്ടിരുന്നു. തുടര്‍ന്ന് ഭൂമി വനംവകുപ്പ് ഏറ്റെടുത്തു. പിന്നാലെ മരിയദാസ് എന്നയാള്‍ ഭൂമി കൈയ്യേറി എംഐ രവീന്ദ്രനിൽ നിന്ന് വ്യാജ പട്ടയം സമ്പാദിക്കുകയായിരുന്നു. 

തുടർന്ന് പി എം മാത്യുവിന്റെ ബന്ധുക്കൾ നിയമപോരാട്ടം തുടങ്ങി. സംഭവത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പി എം മാത്യുവിന്റെ ബന്ധുക്കള്‍ 2014 ല്‍ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാരിന്റെ രണ്ടേക്കറോളംവരുന്ന ഭൂമി വ്യാജപട്ടയങ്ങളുണ്ടാക്കി മരിയദാസ് കൈയ്യടക്കിയെന്ന് കാട്ടിയാണ് കുടുംബം കോടതിയിൽ ഹര്‍ജി നൽകിയത്. പരാതിയില്‍ പട്ടയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതിയെ ദേവികുളം സബ് കളക്ടറെ നിയോഗിച്ചു. 

2019 ജൂണ്‍മാസം മൂന്ന് ദിവസം നീണ്ടുനിന്ന പരിശോധനയില്‍ മരിയദാസിന്റെ ബന്ധുക്കളായ അളകര്‍സ്വാമി, മുത്തു, സുജ, ചിന്നത്തായ് എന്നിവര്‍ സബ് കളക്ടര്‍ മുമ്പാകെ നേരിട്ട് ഹാജരായി. പരിശോധനയിൽ ‍ ഇവർ പട്ടയത്തിനായി അപേക്ഷ സമര്‍പ്പിക്കുകയോ പട്ടയം കൈപ്പറ്റുകയോ വസ്തുവില്‍ താമസിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമായി. ഇതേ തുടർന്നാണ് നാല് വ്യാജ പട്ടയങ്ങളും രേണു രാജ് റദ്ദാക്കിയത്. പട്ടയം വ്യാജമാണെന്ന് തെളിഞ്ഞതിനാല്‍ പട്ടയം റദ്ദാക്കുന്നുവെന്നും പട്ടയത്തിന്‍റെ പേരില്‍ പിടിച്ചിട്ടുള്ള തണ്ടപ്പേര് ഉള്‍പ്പെടുന്ന വസ്തുക്കൾ സര്‍ക്കാര്‍ അധീനതയില്‍ ഏറ്റെടുക്കാൻ തഹസില്‍ദ്ദാരെ ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ പറയുന്നു.  ഒരോ പട്ടയങ്ങളും വിശദമായി പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും തഹസീൽദാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

നടപടി സ്ഥലം മാറ്റത്തിന് തൊട്ടു മുന്നേ

പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമനം ലഭിക്കുന്നതിന് ഒരു ദിവസം മുൻപ് , 24 ആം തീയതിയാണ് ദേവികുളം സബ് കളക്ടര്‍ വി ആര്‍ രേണു രാജ് ഉത്തരവിറക്കിയത്. 25 ആം തീയതിയാണ് ദേവികുളം സബ് കളക്ടർ സ്ഥാനത്ത് നിന്ന് രേണു രാജിനെ നീക്കിയത്. കൊട്ടക്കമ്പൂരിൽ ജോയ്സ് ജോർജിന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയുടെ പട്ടയം റദ്ദാക്കിയതിന് പിന്നാലെയായിരുന്നു സ്ഥലം മാറ്റം. രാഷ്ട്രീയസമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ മൂന്നാറിലെ കയ്യേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കും എതിരെ ശക്തമായ നടപടി തുടരുന്നതിനിടെയായിരുന്നു നടപടി. എന്തായാലും ഭൂമാഫിയക്കെതിരായ രേണു രാജിന്റെ പോരാട്ടത്തിൽ നിർണായകമായ ഏടാകും രവീന്ദ്രൻ പട്ടയം റദ്ദാക്കിക്കൊണ്ടുള്ള നടപടി

വിഫലമായ ശ്രമങ്ങൾ

വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നിയോഗിക്കപ്പെട്ട ദൗത്യസംഘം രവീന്ദ്രൻ പട്ടയഭൂമിക്കെതിരായ നടപടികൾ തുടങ്ങിയിരുന്നു. പക്ഷെ മൂന്നാറിലെ വൻകിട കെട്ടിടങ്ങളും പാർട്ടി ഓഫീസുകളും ഉൾപ്പെടുന്ന ഭൂമിയും രവീന്ദ്രൻ പട്ടയങ്ങൾക്ക് കീഴിൽ ഉണ്ടെന്ന കാരണത്താൽ നടപടികൾ പാതി വഴിയിൽ നിലച്ചു. യുഡിഎഫ് സർക്കാർ പട്ടയഭൂമികളിൽ അന്വേഷണം നടത്തിയെങ്കിലും കുറ്റപത്രം സമ‍‍ർപ്പിക്കുന്നിടത്തേക്ക് കാര്യങ്ങൾ എത്തിയില്ല.

ഏറ്റവും ഒടുവിലായി രവീന്ദ്രൻ പട്ടയങ്ങൾ നിയമവിരുദ്ധമാണോ എന്ന് പരിശോധിക്കുന്നതിനായി സർക്കാർ വിദഗ്ദ സമിതിയെ നിയോഗിച്ചെങ്കിലും ഇതിനെതിരെയും വിമ‍ർശനങ്ങൾ ഉയർന്നു. വ്യാജപട്ടയങ്ങൾ സാധൂകരിക്കുന്നതിന് വേണ്ടിയാണ് സമിതിയെന്ന് പോലും ആക്ഷേപങ്ങൾ ഉയർന്നു. നാല് പട്ടയങ്ങൾ റദ്ദാക്കിയ നിലവിലെ നടപടിയോട് കൂടി വിവാദമായ രവീന്ദ്രൻ പട്ടയം വീണ്ടും ചർച്ചാ വിഷയമാകും. സമാനമായ രീതിയിൽ കൂടുതൽ പരാതികളും അതിൻമേൽ നടപടിയും ഉണ്ടായാൽ മൂന്നാറിലെ വൻകിട കെട്ടിടങ്ങളെല്ലാം നിൽക്കുന്ന രവീന്ദ്രൻ പട്ടയഭൂമിയിലെ പ്രധാന നിർമ്മാണങ്ങൾക്കെല്ലാം ഭീഷണിയാകുന്ന തരത്തിലേക്ക് ആകും കാര്യങ്ങൾ എത്തുക. 

Follow Us:
Download App:
  • android
  • ios