ഓണക്കാലത്തെ യാത്രാ ദുരിതം, കേന്ദ്രത്തിൽ നിന്ന് ആദ്യ അനുകൂല തീരുമാനം എത്തി, സ്പെഷ്യൽ ട്രെയിൻ മുംബൈ ടു കേരള
കേന്ദ്രത്തിനോട് സ്പെഷ്യൽ ട്രെയിൻ ആവശ്യപ്പെട്ട കേരളത്തിന് ഇത്തവണ ചെറിയ ഒരു ആശ്വാസത്തിന് വകയുണ്ട്.
തിരുവനനന്തപുരം : ഉത്സവാഘോഷ കാലത്ത് നാട്ടിലെത്തുകയെന്നതാണ് ഭൂരിഭാഗം മറുനാടൻ മലയാളിയുടെയും ആഗ്രഹം. എന്നാൽ പലപ്പോഴും ഇതിന് വെല്ലുവിളിയാകുന്നത് ട്രെയിൻ, ബസ്, ഫ്രൈറ്റ് ടിക്കറ്റുകളുടെ ക്ഷാമമാണ്. എല്ലാ തവണയുമുള്ളത് പോലെ ഇത്തവണയും വലിയ പ്രതിസന്ധിയാണ് മറുനാടൻ മലയാളികൾ നേരിടുന്നത്. കേന്ദ്രത്തിനോട് സ്പെഷ്യൽ ട്രെയിൻ ആവശ്യപ്പെട്ട കേരളത്തിന് ഇത്തവണ ചെറിയ ഒരു ആശ്വാസത്തിന് വകയുണ്ട്.
ഓണക്കാലത്തെ മലയാളികളുടെ യാത്രാ ദുരിതം പരിഹരിക്കാൻ കേന്ദ്രത്തിന്റെ ആദ്യ നീക്കം. കേരളത്തിന്റെ ആവർത്തിച്ചുള്ള ആവശ്യം പരിഗണിച്ച് മുംബൈയിൽ നിന്നും ഇന്ത്യൻ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിച്ചു. പൽവേൽ-നാഗർകോവിൽ സ്പെഷ്യൽ ട്രെയിൻ ഈ മാസം 22ന് നാഗർകോവിലിൽ നിന്ന് പൻവേലിലേക്കും, 24 ന് പൻവേലിൽ നിന്ന് നാഗർകോവിലിലേക്കും സർവീസ് നടത്തും. സെപ്തംബർ 7 വരെ ആകെ മൂന്ന് സർവീസാണ് കേരളത്തിലേക്കുണ്ടാകുക. തിരിച്ചും മൂന്ന് സർവീസ് ഉണ്ടാകും.
ലുലു ഗ്രൂപ്പിന്‍റെ പരാതി, മറുനാടൻ മലയാളി റിപ്പോര്‍ട്ടര്‍ക്കെതിരെ കേസ്
ഓണക്കാലം അടുക്കുന്തോറും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലെത്താനുള്ള മലയാളികളുടെ ചിലവും വർധിക്കുകയാണ്. പ്രമുഖ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് ബസിലെത്താമെന്ന് വിചാരിച്ചാൽ ടിക്കറ്റ് വില കണ്ട് പലരും ആഗ്രഹം പോലും ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്. പ്രമുഖ നഗരങ്ങളിൽ നിന്ന് ഓണക്കാലത്ത് സ്പെഷ്യൽ ട്രെയിൻ എന്നതാണ് പരിഹാരമാർഗം. ഇതിനായി ആദ്യം മുതലെ മന്ത്രിമാർ അടക്കമുള്ളവർ നീക്കം നടത്തി വരികയായിരുന്നു. അതിനിടയിടെ സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതിനിധി കെ വി തോമസും ഇടപെട്ടു. ഓണത്തിന് കേരളത്തിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രത്യേക ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ടാണ് കെ വി തോമസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകിയത്. ബംഗളൂരു , ചെന്നൈ , ദില്ലി , കൊൽക്കത്ത , ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ നിന്നും പ്രത്യേക സർവീസ് വേണമെന്ന ആവശ്യമായിരുന്നു കെ വി തോമസ് കത്തിലൂടെ ഉന്നയിച്ചിരുന്നത്.