Asianet News MalayalamAsianet News Malayalam

'വേശ്യാ പ്രയോഗം'; ഫിറോസ് കുന്നംപറമ്പിലിനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

ഒരു പെൺകുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവൻ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്ന് എം സി ജോസഫെയ്ൻ.

state women commission takes case against firoz kunnumparambil
Author
Thiruvananthapuram, First Published Oct 15, 2019, 7:09 PM IST

തിരുവനന്തപുരം: സാമൂഹ്യ മാധ്യമത്തിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമർശങ്ങൾ നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഫിറോസ് കുന്നംപറമ്പിലിനെതിരെ എത്രയും വേഗം പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫെയ്ൻ ആവശ്യപ്പെട്ടു. ഒരു പെൺകുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവൻ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചിരിക്കുന്നതെന്നും ഇത് അനുവദിക്കാനാവില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

തന്നെ വിമര്‍ശിച്ച യുവതിക്കെതിരെയാണ് ഫിറോസ് കുന്നംപറമ്പില്‍ ഫേസ്ബുക്ക് ലൈവിലൂടെ അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയത്. ഏതെങ്കിലും രാഷ്ട്രീയ പാർ‍ട്ടികളുമായി ബന്ധമില്ലെന്ന് പറഞ്ഞ ഫിറോസ് മ‍ഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്ലീം ലീഗ് നേതാവുമായ എംസി കമറുദ്ദീന് വേണ്ടി വോട്ട് ചോദിക്കാനെത്തിയതിനെയാണ് പൊതു പ്രവര്‍ത്തകയായ യുവതി വിമര്‍‌ശിച്ചത്. ഇതിനുപിന്നാലെയിരുന്നു ഫിറോസിന്റെ വേശ്യ പരാമർശം. 

പേര് എടുത്തുപറയാതെയായിരുന്നു ഫിറോസ് കുന്നുംപറമ്പിലിന്റെ ഫേസ്ബുക്ക് ലൈവ്. മാന്യതയുള്ളവർ പറഞ്ഞാൽ സ്വീകരിക്കുമെന്നും പ്രവാചകനെ വരെ അപമാനിച്ച സ്ത്രീയോട് പുച്ഛമാണെന്നും ഫിറോസ് പറഞ്ഞു. സ്ത്രീകൾ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലർക്കും ശരീരം കാഴ്ചവെക്കുന്ന ഇവർക്ക് തനിക്കെതിരെ ശബ്ദിക്കാൻ എന്തുയോഗ്യതയാണെന്നും ഇത്തരത്തിലുള്ളവര്‍ പറഞ്ഞാൽ തനിക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ലെന്നും ഇവരോടൊക്കെ പുച്ഛം മാത്രമാണെന്നും ഫിറോസ് വീഡിയോയിൽ പറയുന്നുണ്ട്. 

ഫിറോസ് കുന്നുംപറമ്പിലിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് യുവതി. താനുൾപ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് ഫിറോസ് വേശ്യയെന്ന് വിളിച്ച് അപമാനിച്ചിരിക്കുന്നതെന്നും സ്വയം പ്രഖ്യാപിത നൻമമരത്തിന് യോജിച്ചതല്ല വീഡിയോയിലുള്ള വാക്കുകളെന്നും യുവതി ഫെയ്സ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു. ഫിറോസിന് രാഷ്ട്രീയം പാടില്ലെന്ന് പറയുന്നില്ലെന്നും പക്ഷേ വാക്കൊന്നും പ്രവൃത്തി മറ്റൊന്നുമാകുമ്പോൾ അത് ചോദ്യം ചെയ്യപ്പെടുമെന്നും യുവതി കൂട്ടിച്ചേർക്കുന്നു. സംഭവത്തിൽ സമൂഹമാധ്യമങ്ങളില്‍ ഇരുവരുടെയും പക്ഷം ചേർന്നും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.  

Follow Us:
Download App:
  • android
  • ios