Asianet News MalayalamAsianet News Malayalam

സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് വത്തിക്കാനിൽ നിന്നും നീതിയില്ല, സഭാചട്ടം ലംഘിച്ചെന്ന് മറുപടി

ഇത് ചൂണ്ടിക്കാണിക്കുന്ന വത്തിക്കാനിൽ നിന്നുള്ള മറുപടിക്കത്ത് മഠം അധികൃതർ ഒപ്പിട്ടു വാങ്ങി. എന്തുവന്നാലും മഠത്തിൽ നിന്ന് ഇറങ്ങില്ലെന്ന് സിസ്റ്റർ ലൂസിയുടെ മറുപടി. 

the letter given by sister lucy kalappura rejected by vatican
Author
Wayanad, First Published Oct 16, 2019, 2:08 PM IST

വയനാട്/വത്തിക്കാൻ സിറ്റി: സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ ലൂസി കളപ്പുര നൽകിയ അപ്പീൽ വത്തിക്കാൻ തള്ളി. സഭാ ചട്ടം ലംഘിച്ചെന്ന് കാട്ടി വത്തിക്കാനിൽ നിന്നുള്ള മറുപടിക്കത്ത് മഠം അധികൃതർ ഒപ്പിട്ടുവാങ്ങി. എന്തുവന്നാലും മഠത്തിൽ നിന്ന് ഇറങ്ങില്ലെന്നും പൗരസ്ത്യ തിരുസംഘത്തിന് മുകളിലുള്ളവർക്ക് അപ്പീൽ നൽകുമെന്നും സിസ്റ്റർ ലൂസി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

സിസ്റ്റർ ലൂസിക്ക് മഠം വിടേണ്ടിവരുമോ?

ലത്തീൻ ഭാഷയിലുള്ള കത്ത് ഇന്ന് രാവിലെയാണ് സിസ്റ്റർ ലൂസി താമസിക്കുന്ന മഠത്തിൽ എത്തിയത്. മഠം അധികൃതർ കത്ത് ഒപ്പിട്ടു വാങ്ങുകയും ചെയ്തു. 11 കാരണങ്ങളാണ് സിസ്റ്റർ ലൂസിയുടെ അപ്പീൽ തള്ളാനായി കത്തിൽ അക്കമിട്ട് നിരത്തിയിരിക്കുന്നത്. 

എന്നാൽ ഈ കത്ത് പഠിക്കണമെന്നും, പകർപ്പ് പരിശോധിച്ച് ഉടൻ തന്നെ വീണ്ടും അപ്പീൽ നൽകുമെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി. പൗരസ്ത്യ തിരുസംഘത്തിന് മുകളിലുള്ളവർക്ക് അപ്പീൽ നൽകാനാണ് തീരുമാനം. എന്ത് വന്നാലും മഠം വിട്ട് താൻ പുറത്തേക്ക് ഇറങ്ങാൻ തയ്യാറല്ല. ഒരു ഫോൺകോളിൽ പോലും തനിക്ക് പറയാനുള്ളതെന്തെന്ന് കേൾക്കാൻ സഭ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിൽ തനിക്ക് മഠത്തിൽ തുടരാൻ അവകാശമുണ്ടെന്നും സിസ്റ്റർ ലൂസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നേരത്തേയും സിസ്റ്റർ ലൂസിക്കെതിരായി നിരവധി ആരോപണങ്ങൾ സന്യാസിനി സഭ ഉയർത്തിയിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഇരയ്ക്ക് നീതി തേടി കൊച്ചി വഞ്ചി സ്ക്വയറിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത് തന്‍റെ അഭിപ്രായം തുറന്നു പറഞ്ഞ ശേഷമാണ് സിസ്റ്റർ ലൂസിക്കെതിരെ കടന്നാക്രമണം ശക്തമായത്. 'സ്നേഹമഴയിൽ' എന്ന പുസ്തകമെഴുതുക കൂടി ചെയ്തതോടെ, സിസ്റ്ററെ സഭയിൽ നിന്ന് പുറത്താക്കിയതായി സഭ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ തന്‍റെ ഭാഗം കേൾക്കാതെയുള്ള നടപടി അംഗീകരിക്കില്ലെന്ന് കാട്ടിയാണ് സിസ്റ്റർ ലൂസി വത്തിക്കാന് അപ്പീൽ നൽകിയത്. 

സിസ്റ്റർ ലൂസിക്കായി സമരം

കന്യാസ്ത്രീകൾക്ക് നീതി തേടി നടത്തിയ സമരത്തിന് സമാനമായി സിസ്റ്റർ ലൂസിക്ക് പിന്തുണയുമായി കൊച്ചി വഞ്ചി സ്ക്വയറിൽ സാമൂഹ്യപ്രവർത്തകർ സമരം നടത്തിയിരുന്നു. സിസ്റ്റർക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അപവാദപ്രചാരണം നടത്തിയ ഫാദർ നോബിൾ തോമസ് പാറയ്ക്കൽ എന്ന വൈദികനെതിരായ അന്വേഷണം പൊലീസ് അവസാനിപ്പിച്ചിരുന്നു. മഠത്തിലേക്ക് സിസ്റ്റർ പുരുഷൻമാരെ കൊണ്ടുവന്നു എന്ന തരത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതിനാണ് നോബിൾ തോമസ് പാറയ്ക്കലിനെതിരെ കേസെടുത്തത്. 

എന്നാൽ തെളിവുണ്ടായിട്ടും പ്രതിക്കെതിരെ നടപടിയെടുക്കാതിരുന്ന പൊലീസ്, പിന്നീട് കേസന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. ഇതിനെതിരെയാണ് വഞ്ചി സ്ക്വയറിൽ സമരം നടന്നത്.

Follow Us:
Download App:
  • android
  • ios