Asianet News MalayalamAsianet News Malayalam

ഗുരുവായൂർ കൊലപാതകം: മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്, മൂന്ന് പേർ കസ്റ്റഡിയിൽ

  • പെട്രോള്‍ പമ്പ് ഉടമ മനോഹരനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ
  • പമ്പിലെ കളക്ഷൻ തുകയ്ക്ക് വേണ്ടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രതികൾ
  • കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്
three accused arrested in petrol pump owner death case in guruvayoor
Author
Thrissur, First Published Oct 15, 2019, 8:16 PM IST

തൃശ്ശൂര്‍: കയ്പമംഗലത്ത് നിന്ന് കാണാതായ പെട്രോള്‍ പമ്പ് ഉടമ മനോഹരനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പമ്പിലെ കളക്ഷൻ തുകയ്ക്ക് വേണ്ടിയാണ് മനോഹരനെ കൊലപ്പെടുത്തിയതെന്ന് പിടിയിലായവർ പൊലീസിനോട് സമ്മതിച്ചു. അറസ്റ്റിലാ‌യ മൂന്ന് പേരും കയ്പമംഗലം സ്വദേശികളാണ്. അതേസമയം, മനോഹരനെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്.

മനോഹരൻ എല്ലാ ദിവസവും അർദ്ധരാത്രി 12.50നും ഒരുമണിക്കും ഇടയിലാണ് പമ്പിൽ നിന്നും വീട്ടിലേക്ക് മടങ്ങാറുള്ളത്. ഈ സമയം മനസിലാക്കിയ ശേഷമാണ് പ്രതികൾ കൃത്യം നടത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇന്ന് പ്രദേശത്തുനിന്നും കാണാതായ ആളുകൾ ആരോക്കെയാണെന്ന് അടിസ്ഥാനമാക്കി ആയിരുന്നു പൊലീസ് പ്രധാനമായും അന്വേഷണം നടത്തിയത്.‌

മനോഹരന്റെ കാറുമായി തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു പ്രതികളായ മൂവരും. മലപ്പുറം അങ്ങാടിപ്പുറം വഴി മുന്നോട്ട് പോകവേ മൂവർ സംഘം പൊലീസിന്റെ കയ്യിൽ അകപ്പെട്ടു. മനോഹരന്റെ കാറ് അങ്ങാടിപ്പുറത്ത് നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, അറസ്റ്റിലായ മൂന്ന് പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറയുന്നു.

പണമാണ് പ്രധാനമായും മൂവരേയും കൊല ചെയ്യാൻ പ്രേരിപ്പിച്ചത്. ഈ പെട്രോൾ പമ്പിൽ നിന്നും സാധാരണ അഞ്ച് ലക്ഷം രൂപവരെ കളക്ഷൻ കിട്ടാറുണ്ട്. ഇത് മനോഹർ വീട്ടിലേക്ക് കൊണ്ടുവരുമെന്നായിരുന്നു പ്രതികളുടെ ധാരണ. എന്നാൽ മനോഹർ പണം പമ്പിൽ തന്നെ വയ്ക്കുകയായിരുന്നു. എന്നാൽ മനോഹരന്റെ ശരീരത്തുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കാണാതായിട്ടുണ്ട്. ഇത് പ്രതികൾ തട്ടിയെടുത്തതാകാമെന്നാണ് വിവരം.

അതേസമയം, തട്ടികൊണ്ടു പോകവേ മനോഹരൻ ഉച്ചത്തിൽ ബഹളം വച്ചിരുന്നു. ഈ സമയത്ത് പ്രതികൾ അദ്ദേഹത്തിന്റെ മൂക്കും വായും കുറേനേരം പൊത്തിപിടിച്ചു. അങ്ങനെ ശ്വാസതടസം ഉണ്ടായി. ഇതാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നത്.

Read More: കാണാതായ പെട്രോള്‍ പമ്പ് ഉടമ ഗുരുവായൂരില്‍ മരിച്ച നിലയില്‍; കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയിൽ

ഇന്ന് രാവിലെയാണ് മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളേജിന്‍റെ മുന്‍വശത്ത് നിന്ന് മനോഹരന്റെ മൃതദേഹം കണ്ടെത്തിയത്. അജ്ഞാത മൃതദേഹമെന്ന രീതിയിലായിരുന്നു ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചതെങ്കിലും പിന്നീട് ഗുരുവായൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കയ്പ മംഗലം സ്വദേശി മനോഹരന്‍റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

Follow Us:
Download App:
  • android
  • ios