Asianet News MalayalamAsianet News Malayalam

പരീക്ഷാപ്പേടിയിൽ പതിനാലുകാരന്‍റെ നുണക്കഥ: യുവാക്കൾക്ക് ക്രൂരമർദനം, മൂന്ന് പേർ അറസ്റ്റിൽ

ഓണ പരീക്ഷയിൽ മാർക്ക് കുറയുമെന്ന് ഭയന്ന് രക്ഷിതാക്കളുടെ സഹതാപം നേടിയെടുക്കാനാണ് പത്താം ക്ലാസുകാരന്‍ നുണക്കഥ ചമച്ചത്. 

three arrest in mob attack at malappuram
Author
Malappuram, First Published Sep 17, 2019, 5:49 PM IST

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി ഓമാനൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാക്കളെ മർദ്ദിച്ച സംഭവത്തില്‍ മൂന്ന് പേർ അറസ്റ്റിൽ. എന്നാൽ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന കുട്ടിയുടെ ആരോപണം വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കൊല്ലുമെന്ന് പറഞ്ഞാണ് മർദ്ദിച്ചതെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാക്കൾ പറഞ്ഞു.

ഓമനൂർ സ്വദേശികളായ ഫൈസൽ, മുത്തസ് ഖാൻ, ദുൽഫിക്കറലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വധശ്രമം, കലാപം സൃഷ്ടിക്കാൻ ശ്രമിക്കൽ, വാഹനം നശിപ്പിക്കൽ എന്നിവ ചുമത്തി 46 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വാഴക്കാട് സ്വദേശി ചീരോത്ത് റഹ്മത്ത്, കൊണ്ടോട്ടി സ്വദേശി സഫറുള്ള എന്നിവരെയാണ് നാട്ടുകാർ ക്രൂരമായി മർദ്ദിച്ചത്. നിരപരാധികളാണെന്ന് പറഞ്ഞിട്ടും ആൾക്കൂട്ടം മർദ്ദിച്ചെന്ന് യുവാക്കൾ പറയുന്നു.

കാർ യാത്രക്കാരായ രണ്ട് പേർ തന്നെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന് വിദ്യാർത്ഥി നാട്ടുകാരോട് പരാതിപ്പെട്ടതാണ് സംഭവത്തിന്‍റെ തുടക്കം. ഇതോടെ നാട്ടുകാർ കാർ തടഞ്ഞു വച്ച് യാത്രക്കാരായ ചീരോത്ത് റഹ്മത്ത്, സഫറുള്ള എന്നിവരെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. എന്നാൽ, പൊലീസെത്തി കുട്ടിയെ ചോദ്യം ചെയ്തതോടെ സംഭവം വ്യാജമാണെന്ന് മനസിലായി. ഓണ പരീക്ഷയിൽ മാർക്ക് കുറയുമെന്ന് ഭയന്ന് രക്ഷിതാക്കളുടെ സഹതാപം നേടിയെടുക്കാനാണ് പത്താം ക്ലാസുകാരന്‍ നുണക്കഥ ചമച്ചത്. 

ഓമാനൂരിൽ സ്കൂളിൽ പോവാൻ ബസ് കാത്തുനിന്ന വിദ്യാർത്ഥി തന്നെ കാറിൽ തട്ടികൊണ്ടുപോവാൻ ശ്രമിച്ചെന്നും ഓടി രക്ഷപ്പെട്ടതാണന്നും നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാർ യാത്രക്കാരെ കണ്ടെത്തി തിരിച്ചു വരാൻ നിർദ്ദേശിച്ചു. സ്റ്റേഷനിലെത്തുന്നതിന് മുന്നേയാണ് നാട്ടുകാർ തടഞ്ഞ് മർദ്ദിച്ചത്. ആക്രമണത്തിന് ഇരയായ ഇരുവരും ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

Follow Us:
Download App:
  • android
  • ios