Asianet News MalayalamAsianet News Malayalam

ശ്മശാനത്തെച്ചൊല്ലി തര്‍ക്കം: ദളിത് ക്രൈസ്തവ സ്ത്രീയുടെ മൃതദേഹം പതിമൂന്ന് ദിവസമായി മോര്‍ച്ചറിയില്‍

സംഭവത്തില്‍, ജില്ലാ ഭരണകൂടവും പള്ളിനേതൃത്വവും പഞ്ചായത്ത് അധികൃതരും ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും പ്രശ്നം പരിഹാരമില്ലാതെ തുടരുകയാണ്.

thuruthikkara cemetry issue
Author
Kollam, First Published May 25, 2019, 7:12 PM IST

തിരുവനന്തപുരം: ശ്മശാനത്തെച്ചൊല്ലിയുള്ള തര്‍ക്കം മൂലം ദളിത് ക്രൈസ്തവ സമുദായത്തില്‍പ്പെട്ട സ്ത്രീയുടെ മൃതദേഹം പതിമൂന്നാം ദിവസവും മോര്‍ച്ചറിയില്‍. കൊല്ലം തുരുത്തിക്കര ജെറുസലേം മാര്‍ത്തോമാ പള്ളി ഇടവകാംഗമായ അന്നമ്മയുടെ മൃതദേഹത്തിനാണ് ഈ ദുരവസ്ഥ. പള്ളിവക ശ്മശാനം സമീപത്തുള്ള ജലാശയങ്ങളെ മലിനപ്പെടുത്തുന്നെന്ന് ചൂണ്ടിക്കാട്ടി ശാസ്‌താംകോട്ട സ്വദേശിയുടെ നേതൃത്വത്തില്‍ നാല് കുടുംബങ്ങള്‍ എതിര്‍പ്പുമായി രംഗത്തെത്തുകയും സമീപത്തുള്ള മാര്‍ത്തോമാ പള്ളിയില്‍ മൃതദേഹം അടക്കുന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തതാണ് സംസ്‌കാരം വൈകാന്‍ കാരണം. സംഭവത്തില്‍, ജില്ലാ ഭരണകൂടവും പള്ളിനേതൃത്വവും പഞ്ചായത്ത് അധികൃതരും ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും പ്രശ്നം പരിഹാരമില്ലാതെ തുടരുകയാണ്. 

മെയ് 13നാണ് അന്നമ്മ മരിച്ചത്. അന്നമ്മയുടെ വീടിനടുത്ത് ശ്മശാനങ്ങളുള്ള രണ്ട് മാര്‍ത്തോമാ പള്ളികളുണ്ട്. അന്നമ്മ ഇടവകാ അംഗമായ പള്ളി ശ്മശാനത്തിലേക്ക് സംസ്‌കാരച്ചടങ്ങുകള്‍ക്കായി മൃതദേഹം എത്തിച്ചപ്പോഴാണ ശാസ്‌താംകോട്ട സ്വദേശിയായ രാജേഷിന്റെ നേതൃത്വത്തില്‍ ഏതാനും പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന്, അന്നമ്മയുടെ ബന്ധുക്കളും ഇവരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായി. തുടര്‍ന്ന് മൃതദേഹം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാജേഷ്‌ വിശ്വഹിന്ദു പരിഷത്ത്‌ പ്രവര്‍ത്തകനാണെന്ന്‌ കുന്നത്തൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉള്‍പ്പടെയുള്ളവര്‍ ആരോപിക്കുന്നു.

സംഭവം വിവാദമായതോടെ വിഷയം കോടതിയിലും ജില്ലാ കളക്ടറുടെ പരിഗണനയിലും എത്തി. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഡിഎംഒ സംഭവം അന്വേഷിക്കുകയും ജലാശയം മലിനമാകുന്നുവെന്ന പരാതിയില്‍ അടിസ്ഥാനമില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇരുകൂട്ടര്‍ക്കും തൃപ്തികരമായ രീതിയില്‍ സമവായത്തിലെത്താന്‍ പഞ്ചായത്ത് മുന്നിട്ടിറങ്ങി. എന്നാല്‍ സമവായം ഉണ്ടായില്ല. തുടര്‍ന്നാണ് മൃതദേഹം ഇതുവരെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാനിടയായത്. 

ഈ സാഹചര്യത്തിലാണ് തുരുത്തിക്കരയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വിശദമായി അന്വേഷിക്കുന്നത്. ലഭിച്ചതാവട്ടെ നീതിനിഷേധത്തിന്റെയും സാമൂഹിക അസമത്വത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങളാണ്. 

പ്രശ്നങ്ങളുടെ തുടക്കം

നൂറ്റാണ്ടോളം പഴക്കമുള്ളതാണ് കൊല്ലം തുരുത്തിക്കരയിലെ ജെറുസലേം പള്ളി. മാര്‍ത്തോമാ സഭയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിതരാണ് ഇവിടുത്തെ ഇടവകാംഗങ്ങള്‍. പള്ളിസെമിത്തേരിക്ക് 80 വര്‍ഷത്തോളം പഴക്കമുണ്ട്. ഒരേക്കര്‍ 40 സെന്റ് വിസ്തൃതിയുള്ള ശ്മശാനമാണ് ഇവിടെ ഉള്ളത്. ഇത് ജെറുസലേം പള്ളി, സാല്‍വേഷന്‍ ആര്‍മി, സാംബവ സൊസൈറ്റി എന്നിവര്‍ വീതംവെച്ചിരിക്കുകയാണ്. ഇതില്‍, അന്നമ്മ ഇടവകാംഗമായ പള്ളിക്ക് 15 സെന്റ് സെമിത്തേരിയാണ് ഉള്ളത്. 

നാല് വര്‍ഷം മുമ്പ് വരെ പള്ളിസെമിത്തേരിയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത് സംബന്ധിച്ച് പ്രദേശവാസികള്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നില്ല. 2015 ലാണ് മാലിന്യപ്രശ്നങ്ങളുണ്ടാക്കുന്നെന്ന് ചൂണ്ടിക്കാട്ടി  രാജേഷ്, സെമിത്തേരിയില്‍ മൃതദേഹം അടക്കുന്നതിനെ എതിര്‍ത്ത് രംഗത്തെത്തിയത്. ശ്മശാനത്തിന് പരിസരത്ത് താമസിക്കുന്ന നാല് വീട്ടുകാരും രാജേഷിനെ പിന്തുണച്ചു. ഇവര്‍ കോടതിയെ സമീപിക്കുകയും കോടതി ഉത്തരവ് പ്രകാരം ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു. ഇക്കാലത്തിനിടെ രണ്ട് പേരാണ് ഇവിടെ മരിച്ചത്. അവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന്,  വിഷയം പരിഹരിക്കാന്‍ രണ്ട് നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍ മുന്നോട്ട് വച്ചു- സെമിത്തേരിക്ക് ചുറ്റുമതില്‍ നിര്‍മ്മിക്കുക, കല്ലറകള്‍ കോണ്‍ക്രീറ്റ് ചെയ്യുക. ഇവ നടപ്പാക്കുന്നത് വരെ സഭയുടെ കീഴില്‍ കുന്നത്തൂര്‍ പഞ്ചായത്തില്‍ തന്നെയുള്ള ഇമ്മാനുവല്‍ മാര്‍ത്തോമാ പള്ളിയില്‍ മൃതദേഹങ്ങള്‍ അടക്കം ചെയ്യാനും കളക്ടര്‍ നിര്‍ദേശിച്ചു. 

ഇതേത്തുടര്‍ന്ന് പള്ളിയുടെ നേതൃത്വത്തില്‍ സെമിത്തേരിക്ക് ചുറ്റുമതില്‍ പണിയാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എന്നാല്‍, പണി തുടങ്ങാന്‍ പോലും രാജേഷും കൂട്ടരും സമ്മതിച്ചില്ലെന്ന് അന്നമ്മയുടെ ബന്ധുക്കള്‍ പറയുന്നു. അവര്‍ ആയുധങ്ങളുമായെത്തി തങ്ങളെ ഭീഷണിപ്പെടുത്തുകയും പണി തടസ്സപ്പെടുത്തുകയും ചെയ്തതോടെ പണി ഉപേക്ഷിക്കേണ്ടി വന്നെന്ന് ജെറുസലേം ഇടവകാംഗങ്ങളും പറയുന്നു. 26 കുടുംബങ്ങളാണ് ഈ ഇടവകയിലുള്ളത്. എല്ലാവരും തന്നെ കൂലിപ്പണിക്കാരോ സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്നവരോ ആണ്. ആള്‍ബലമോ സ്വാധീനമോ ഇല്ലാത്തതിനാല്‍ എതിര്‍പ്പിനെ നേരിടാനാകാതെ സമീപത്തുള്ള ഇമ്മാനുവല്‍ പള്ളി സെമിത്തേരിയെ ആശ്രയിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു.

പുതിയ പ്രശ്നം

എന്നാല്‍, മാര്‍ത്തോമാ സഭയുടെ തന്നെ കീഴിലുള്ള ഇമ്മാനുവല്‍ പള്ളി ഇടവകാംഗങ്ങളില്‍ നിന്ന് അനുകൂലമായ സമീപനമല്ല തങ്ങള്‍ക്കുനേരെ ഉണ്ടായതെന്ന് ജെറുസലേം പള്ളി ഇടവകാംഗങ്ങള്‍ പറയുന്നു. ദളിത് ക്രൈസ്തവരുടെ മൃതദേഹം സവര്‍ണ ക്രൈസ്തവരായ തങ്ങളുടെ സെമിത്തേരിയില്‍ അടക്കുന്നതിനെ അവര്‍ പ്രോത്സാഹിപ്പിച്ചില്ല. സെമിത്തേരിയുടെ സ്ഥലപരിമിതിയാണ് പ്രത്യക്ഷത്തില്‍ കാരണമായി പറഞ്ഞതെങ്കിലും ദളിതരായ തങ്ങളെ സാമൂഹികമായി മാറ്റിനിര്‍ത്തുന്നതിന്റെ ഭാഗമാണ് അവരുടെ നിലപാടെന്നാണ് ജെറുസലേം പള്ളി ഇടവകാംഗങ്ങളുടെ ആരോപണം. 

മുമ്പ് സമാനമായ പ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്ന്, ഇമ്മാനുവല്‍ പള്ളിയില്‍ ദലിത് ക്രൈസ്തവരായ രണ്ടു പേരെ അടക്കം ചെയ്തിരുന്നുവെങ്കിലും തെമ്മാടിക്കുഴിയെക്കാള്‍ മോശമായ സ്ഥലമാണ് നല്‍കിയതെന്ന് ജെറുസലേം പള്ളി ഇടവകാംഗങ്ങള്‍ പറയുന്നു. വേണ്ടവിധം ശുശ്രൂഷകള്‍ സംസ്‌കാരസമയത്തുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. 140 കുടുംബങ്ങളാണ് ഇമ്മാനുവല്‍ പള്ളി ഇടവകയിലുള്ളത്. സ്ഥലം കുറവായതിനാല്‍ ഇനിയും മൃതദേഹങ്ങള്‍ അങ്ങോട്ട് എത്തിക്കരുതെന്ന് പള്ളി അധികാരികള്‍ ആവശ്യപ്പെട്ടിരുന്നതായും അറിയുന്നു. 

ഇങ്ങനെയൊരു സാഹചര്യത്തിലാണ് അന്നമ്മയുടെ മരണം സംഭവിക്കുന്നത്. രാജേഷിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് നാല് വര്‍ഷം മുമ്പ് കളക്ടര്‍ മുന്നോട്ട് വച്ച നിര്‍ദേശപ്രകാരം മൃതദേഹം ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ അടക്കാമെന്ന് തീരുമാനിച്ചു. എന്നാല്‍, സ്ഥലപരിമിതി മൂലം സെമിത്തേരിയുടെ അരികിലുള്ള മൂത്രപ്പുരയോട് ചേര്‍ന്ന സ്ഥലം മാത്രമേ മൃതദേഹം അടക്കാന്‍ വിട്ടുതരാനാവൂ എന്നായിരുന്നു ഇമ്മാനുവല്‍ പള്ളി കമ്മിറ്റിയുടെ നിലപാട്. തുടര്‍ന്ന്, ഇത് വൈകാരികമായി പ്രയാസം സൃഷ്ടിക്കുന്ന നടപടിയായതിനാല്‍ കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ അന്നമ്മയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു.

പഞ്ചായത്തിന്റെ നിലപാട്

പള്ളി സെമിത്തേരിയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളും അതുമായി ബന്ധപ്പെട്ട വിവാദവും അനാവശ്യമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂര്‍ പ്രസാദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. രാജേഷ് എന്നയാളുടെ വ്യക്തിതാല്പര്യമോ ഏതെങ്കിലും തരത്തിലുള്ള ഹിഡന്‍ അജണ്ടയോ ആണ് പ്രശ്നങ്ങള്‍ക്ക് പിന്നിലുള്ളത്. ഒരുതരത്തിലുമുള്ള സമവായത്തിനും അയാള്‍ തയ്യാറല്ല. പ്രശ്നപരിഹാരത്തിന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് പോലും ഇറങ്ങിപ്പോകുകയാണ് രാജേഷ് ചെയ്തത്. സെമിത്തേരി പ്രവര്‍ത്തിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്നൊക്കെ പറഞ്ഞ് അയാളുടെ കൂടെയുള്ളവര്‍ അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. കുന്നത്തൂര്‍ പഞ്ചായത്തിലെ താമസക്കാരന്‍ പോലുമല്ല രാജേഷ്. പിന്നെയും എന്തിനാണ് ഇത്രയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് അറിയില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

സംഭവത്തെക്കുറിച്ച്‌ വിശ്വഹിന്ദു പരിഷത്തിന്റെ പ്രതികരണം തേടാന്‍ ശ്രമിച്ചെങ്കിലും നേതാക്കളെ ഫോണില്‍ ലഭ്യമായില്ല.

 

Follow Us:
Download App:
  • android
  • ios