Asianet News MalayalamAsianet News Malayalam

തര്‍ക്കത്തിന്‌ പരിഹാരമായില്ല; 15ാം ദിവസവും ദളിത്‌ സ്‌ത്രീയുടെ മൃതദേഹം മോര്‍ച്ചറിയില്‍ തന്നെ

മെയ് 13നാണ് അന്നമ്മ മരിച്ചത്. കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടത്തില്‍ നിന്ന് അനുകൂലതീരുമാനം ലഭിച്ചിട്ടും ചിലരുടെ എതിര്‍പ്പുമൂലം ശവസംസ്‌കാരച്ചടങ്ങുകള്‍ നടത്താനാവാത്ത സാഹചര്യമാണ്. 

 

thuruthikkara cemetry issue
Author
Thuruthikkara, First Published May 27, 2019, 7:09 PM IST

കൊല്ലം: ശ്മശാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ദളിത് ക്രൈസ്തവസമുദായത്തില്‍ പെട്ട സ്ത്രീയുടെ മൃതദേഹം പതിനഞ്ചാം ദിവസവും സംസ്‌കരിക്കാന്‍ കഴിയാതെ കുടുംബാംഗങ്ങള്‍. കൊല്ലം തുരുത്തിക്കര ജെറുസലേം മാര്‍ത്തോമാ പള്ളി ഇടവകാംഗമായ അന്നമ്മയുടെ മൃതദേഹമാണ് ശ്മശാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഇപ്പോഴും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലാ ഭരണകൂടത്തില്‍ നിന്ന് അനുകൂലതീരുമാനം ലഭിച്ചിട്ടും ചിലരുടെ എതിര്‍പ്പുമൂലം ശവസംസ്‌കാരച്ചടങ്ങുകള്‍ നടത്താനാവാത്ത സാഹചര്യമാണ്. 

മെയ് 13നാണ് അന്നമ്മ മരിച്ചത്. പള്ളി സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ശാസ്താംകോട്ട സ്വദേശിയായ രാജേഷ് എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ ഒരു സംഘം എതിര്‍പ്പുമായി രംഗത്തെത്തി. തുരുത്തിക്കരയിലുള്ള സെമിത്തേരിയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് മാലിന്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. സെമിത്തേരിക്ക് അടുത്തുള്ള നാല് കുടുംബങ്ങളും രാജേഷിനൊപ്പം എതിര്‍പ്പുമായി എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മൃതദേഹം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നത്. 

'മൃതദേഹം സംസ്‌കരിക്കാന്‍ ഇനിയും 
14 ദിവസം കഴിയണം'

പ്രശ്‌നം വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച്ച, ജില്ലാ കലക്ടര്‍ ഇരു കൂട്ടരുമായി ചര്‍ച്ച നടത്തി. പള്ളി വക സെമിത്തേരിയില്‍ തന്നെ മൃതദേഹം അടക്കാമെന്ന് കലക്ടര്‍ കുടുംബത്തിന് ഉറപ്പുനല്‍കി. കല്ലറ കോണ്‍ക്രീറ്റ് ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. എന്നാല്‍, 14 ദിവസം കഴിയാതെ അടക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് രാജേഷ് രംഗത്തുവന്നതായി കുടുംബാംഗങ്ങള്‍ പറയുന്നു. ഇയാള്‍ക്ക് ബിജെപി പിന്തുണയുണ്ടെന്ന് അന്നമ്മയുടെ കൊച്ചുമകന്‍ രാഹുല്‍ അടക്കമുള്ളവര്‍ ആരോപിക്കുന്നു. ഇനിയും 14 ദിവസം കഴിയാതെ മൃതദേഹം സെമിത്തേരിയില്‍ അടക്കാന്‍ സമ്മതിക്കില്ലെന്നാണ് രാജേഷും കൂട്ടരും പറയുന്നതെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. കല്ലറ കോണ്‍ക്രീറ്റ് ചെയ്ത് സജ്ജമാക്കാന്‍ നാലോ അഞ്ചോ ദിവസം മതിയെന്നിരിക്കെ ഇനിയുമെന്തിനാണ് 14 ദിവസം എന്നാണ് അന്നമ്മയുടെ കുടുംബത്തിന്റെ ചോദ്യം. ക്രമസമാധാനപ്രശ്നം ഭയന്നാണ് രാജേഷിന്റെ ഭീഷണിയെ എതിര്‍ക്കാനാവാത്തതെന്നും  പള്ളി വികാരിയും ഇടവകാംഗങ്ങളുമെല്ലാം രാജേഷിനെ ഭയക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും രാഹുല്‍ പറയുന്നു.

ഇന്ന്‌ കല്ലറ കോണ്‍ക്രീറ്റ്‌ ചെയ്യാനെത്തിയപ്പോള്‍ എതിര്‍കക്ഷികള്‍ സംഘം ചേര്‍ന്ന്‌ വന്ന്‌ തങ്ങളെ തടഞ്ഞെന്നും രാഹുല്‍ പറയുന്നു. പഞ്ചായത്തിന്‌ പുറത്തുനിന്നുള്ള ബിജെപി പ്രവര്‍ത്തകരായിരുന്നു അവരില്‍ പലരും. സംഘര്‍ഷാവസ്ഥ ഉണ്ടായതോടെ തങ്ങള്‍ പൊലീസിന്റെ സഹായം തേടി. വിളിച്ച്‌ ഒരു മണിക്കൂറിന്‌ ശേഷമാണ്‌ സിഐ സ്ഥലത്തെത്തിയത്‌. ചൊവ്വാഴ്‌ച്ച പണി തുടരാനാണ്‌ അദ്ദേഹം നിര്‍ദേശിച്ചത്‌. പൊലീസ്‌ സംരക്ഷണം നല്‍കാമെന്ന്‌ ഉറപ്പ്‌ ലഭിച്ചതായും രാഹുല്‍ ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഓണ്‍ലൈനോട്‌ പറഞ്ഞു.

Read Also: തുരുത്തിക്കരയില്‍ സംഭവിച്ചതെന്ത്‌?

ഇനിയും കാത്തിരിക്കാന്‍ പറയുന്നത് ശരിയല്ല:
കൊടിക്കുന്നില്‍ സുരേഷ് എംപി

കൊടിക്കുന്നില്‍ സുരേഷ് എംപിയും കൊല്ലം ഡിസിസി നേതൃത്വവും അന്നമ്മയുടെ കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സംസ്‌കാരത്തിന്  14 ദിവസം കാത്തിരിക്കണമെന്ന വാദത്തോട് യോജിപ്പില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. വിഷയം ശ്രദ്ധയില്‍ പെട്ടതോടെ അന്നമ്മയുടെ കുടുംബാംഗങ്ങളെ കണ്ടിരുന്നു. കലക്ടറുമായും സംസാരിച്ചു. സെമിത്തേരിക്ക് ചുറ്റുമതില്‍ കെട്ടുന്നതിന് സാവകാശം അനുവദിക്കാമെന്ന് തീരുമാനമായിട്ടുണ്ട്. കല്ലറ കോണ്‍ക്രീറ്റ് ചെയ്ത ശേഷം മൃതദേഹം സംസ്‌കരിക്കാനാണ് കലക്ടര്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 

വിഷയത്തില്‍ പ്രതികരണം ആരായാന്‍ ജില്ലാ കലക്ടറെ വിളിച്ചെങ്കിലും അദ്ദേഹം ഔദ്യോഗിക തിരക്കുകളിലായതിനാല്‍ പ്രതികരണം ലഭ്യമായില്ല.

തങ്ങളുടെ സ്ഥാനാര്‍ത്ഥി ആയിരുന്നെങ്കിലും 
ഇപ്പോള്‍ ബന്ധമില്ലെന്ന് ബി.ജെ.പി 

അതേസമയം, സെമിത്തേരിക്കെതിരെ രംഗത്ത് വന്നിരിക്കുന്ന രാജേഷ് ബിജെപി പ്രവര്‍ത്തകനാണെന്ന ആരോപണം പാര്‍ട്ടി നിഷേധിച്ചു. തുരുത്തിക്കരയിലെ പ്രശ്നവുമായി ബിജെപിക്കോ പാര്‍ട്ടിയുമായി ബന്ധമുള്ള സംഘടനകള്‍ക്കോ പങ്കില്ലെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് രാജേന്ദ്രന്‍ പിള്ള ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 'കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് രാജേഷ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. അന്ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിയുമായി രാജേഷിന് ബന്ധമില്ല. അതിനര്‍ത്ഥം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി എന്നല്ലെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.  തുരുത്തിക്കരയില്‍ സെമിത്തേരിക്കെതിരെ എതിര്‍പ്പുന്നയിച്ചത് അവിടുത്തെ നാട്ടുകാരാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ അവിടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നതാണ്. പുറത്തുനിന്ന് നിരവധി മൃതദേഹങ്ങള്‍ പെന്തക്കോസ്തുകാരും മറ്റും ഇവിടേക്കെത്തിച്ചു തുടങ്ങിയതോടെയാണ് നാട്ടുകാര്‍ എതിര്‍പ്പുമായി എത്തിയത്. സമീപത്തെ കുടിവെള്ളസ്രോതസ്സുകള്‍ മലിനപ്പെടുന്നതിനെതിരെയാണ് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരിക്കുന്നതെന്നും രാജേന്ദ്രന്‍ പിള്ള പറഞ്ഞു. 

പ്രശ്‌നം ചിലരുടേതു മാത്രം: ഇടവക 
എന്നാല്‍, അത്തരമൊരു ആക്ഷന്‍ കൗണ്‍സിലോ ബഹുജനപങ്കാളിത്തമോ ഈ വിഷയത്തില്‍ ഉണ്ടായിട്ടില്ലെന്ന് പള്ളിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. തുരുത്തിക്കര സ്വദേശി പോലുമല്ലാത്ത രാജേഷിന്റെ നേതൃത്വത്തില്‍ നാല് വീട്ടുകാര്‍ മാത്രമാണ് പ്രതിഷേധം ഉയര്‍ത്തുന്നതെന്നും അവര്‍ പറഞ്ഞു. 2015 മുതല്‍ ഇതേ വിഷയത്തില്‍ പ്രതിഷേധവുമായി രാജേഷ് രംഗത്തുണ്ട്. അന്നുതന്നെ വിഷയം കോടതിയില്‍ എത്തുകയും പള്ളി സെമിത്തേരിക്ക് അനുകൂലമായി തീരുമാനം ഉണ്ടാവുകയും ചെയ്തിരുന്നു.  ജില്ലാ കലക്ടറെയാണ് കോടതി ഈ വിഷയത്തിന്റെ മേല്‍നോട്ടം ഏല്‍പ്പിച്ചത്. സെമിത്തേരിക്ക് ചുറ്റുമതില്‍ കെട്ടുകയും കല്ലറ കോണ്‍ക്രീറ്റ് ചെയ്യുകയും ചെയ്യണം എന്ന കലക്ടറുടെ വ്യവസ്ഥയിലാണ് അന്ന് പള്ളിക്ക് അനുകൂലമായി തീരുമാനം വന്നത്. 

തുടര്‍ന്ന് സെമിത്തേരിക്ക് ചുറ്റുമതില്‍ കെട്ടാന്‍ പള്ളി ശ്രമിച്ചെങ്കിലും രാജേഷും കൂട്ടരുമെത്തി തടയുകയായിരുന്നെന്ന് ഇടവകാംഗങ്ങള്‍ ആരോപിക്കുന്നു. അന്നമ്മയുടെ സംസ്‌കാരച്ചടങ്ങിനിടെ ഇരുകൂട്ടരും തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടാകുകയും കലക്ടറും പഞ്ചായത്ത് അധികൃതരുമടക്കമുള്ളവര്‍ സമവായത്തിനായി ശ്രമിക്കുകയുമായിരുന്നു. പഞ്ചായത്ത് വിളിച്ചുകൂട്ടിയ സര്‍വ്വകക്ഷിയോഗത്തില്‍ പോലും അനുരഞ്ജനമുണ്ടായില്ല. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരംകലക്ടറുടെ ഉത്തരവ് അനുസരിച്ച് ഉദ്യോഗസ്ഥര്‍ കല്ലറയുടെ കെട്ടുറപ്പും പാരിസ്ഥിതിക പ്രശ്‌ന സാധ്യതയും പരിശോധിച്ചിരുന്നു. അന്നമ്മയുടെ കുടുംബത്തിന് അനുകൂലമായ തീരുമാനമാണ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ സ്വീകരിച്ചത്. 

Follow Us:
Download App:
  • android
  • ios