Asianet News MalayalamAsianet News Malayalam

കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍: നാളെ കല്ലറ തുറന്ന് പരിശോധന നടത്തും

സംഭവത്തിൽ നിര്‍ണ്ണായകമായ തെളിവുകള്‍ ക്രൈംബ്രാഞ്ച് കിട്ടിയിട്ടുണ്ടെന്നാണ് സൂചന. ഫോറന്‍സിക് പരിശോധനാ ഫലം കിട്ടുന്നതോടെ സംഭവത്തിൽ ദുരൂഹത നീക്കാനാകുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

tomorrow start forensic investigation for koodathai deaths case
Author
Kozhikode, First Published Oct 3, 2019, 2:51 PM IST

കോഴിക്കോട്: കോഴിക്കോട് കൂടത്തായിയില്‍ സമാന രീതിയില്‍ ബന്ധുക്കളായ ആറ് പേര്‍ മരിച്ച സംഭവത്തില്‍ നാളെ കല്ലറ തുറന്ന് ഫോറൻസിക് പരിശോധന നടത്തും. സംഭവത്തിലെ ദുരൂഹത സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കല്ലറ തുറന്ന് പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്.

വിദ്യാഭ്യാസവകുപ്പിലെ റിട്ടേർഡ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ,  മകന്‍ റോയ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ഇവരുടെ ബന്ധു സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള മകള്‍ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. 2002 മുതല്‍ വര്‍ഷങ്ങളുടെ ഇടവേളകളിലായിരുന്നു മരണം.

മരിച്ച ആറ് പേരില്‍ നാല് പേരുടെ മൃതദേഹം അടക്കിയ കൂടത്തായി ലൂര്‍ദ്ദ് മാതാ പള്ളിയിലെ കല്ലറകളാണ് പരിശോധിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതരയ്ക്കാണ് കല്ലറ തുറന്ന് ഫോറന്‍സിക് പരിശോധന നടത്തുക. മണ്ണിൽ ദ്രവിക്കാതെയുള്ള എല്ലിന്‍ കഷണങ്ങള്‍, പല്ല് എന്നിവയാണ് പരിശോധിക്കുക.

പെട്ടെന്ന് കുഴഞ്ഞ് വീണായിരുന്നു മരണങ്ങളില്‍ പലതും സംഭവിച്ചത്. അതിനാല്‍ മരണകാരണം ഹൃദയാഘാതം എന്ന നിഗമനത്തിലായിരുന്നു ബന്ധുക്കള്‍. എന്നാല്‍ മരിച്ച ദമ്പതികളുടെ മകന്‍ റോജോ പരാതി നല്‍കിയതോടെയാണ് കേസ് ക്രൈംബ്രാ‍ഞ്ച് ഏറ്റെടുത്തത്.

ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം ബ്രെയിന്‍ മാപ്പിംഗ് അടക്കമുള്ള പരിശോധനകള്‍ നടത്താനും ആലോചനയുണ്ട്. ആവശ്യമെങ്കില്‍ രണ്ട് പേരെ അടക്കം ചെയ്ത കോടഞ്ചേരിപള്ളി സെമിത്തേരിയിലെ കല്ലറയിലും പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.

സംഭവത്തിൽ നിര്‍ണ്ണായകമായ തെളിവുകള്‍ ക്രൈംബ്രാ‍ഞ്ചിന് കിട്ടിയിട്ടുണ്ടെന്നാണ് സൂചന. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ഫോറന്‍സിക് പരിശോധനാ ഫലം കിട്ടുന്നതോടെ ദുരൂഹത നീക്കാനാകുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

Read More: കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍: കല്ലറ തുറന്ന് പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച്

 

Follow Us:
Download App:
  • android
  • ios