Asianet News MalayalamAsianet News Malayalam

രണ്ട് അക്രമങ്ങള്‍; ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ തൃശ്ശൂരില്‍ സംഭവിച്ചത്..

തൃശ്ശൂരില്‍ ഒരുരാത്രി നടന്നത് ഞെട്ടലുളവാക്കുന്ന രണ്ട് അക്രമസംഭവങ്ങള്‍. പെട്രോള്‍ പമ്പ് ഉടമ കൊല്ലപ്പെടുകയും യൂബര്‍ ടാക്സി ഡ്രൈവര്‍ ആക്രമിക്കപ്പെടുകയും ചെയ്തിന്‍റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. 

two attacks in thrissur that happened in one nght
Author
Kerala, First Published Oct 15, 2019, 2:00 PM IST

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഒരുരാത്രി നടന്നത് ഞെട്ടലുളവാക്കുന്ന രണ്ട് അക്രമസംഭവങ്ങള്‍. പെട്രോള്‍ പമ്പ് ഉടമ കൊല്ലപ്പെടുകയും യൂബര്‍ ടാക്സി ഡ്രൈവര്‍ ആക്രമിക്കപ്പെടുകയും ചെയ്തിന്‍റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. രണ്ട് ആക്രമണങ്ങളുടെയും പുറകെ ചുറ്റിത്തിരിയുകയാണ് പൊലീസ്. കയ്പ മംഗലത്ത് നിന്ന് കാണാതായ പെട്രോള്‍ പമ്പ് ഉടമയെ ഗുരുവായൂരില്‍ മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തുകയായിരുന്നു. മമ്മിയൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളേജിന്‍റെ മുന്‍വശത്തായിരുന്നു  മൃതദേഹം കണ്ടെത്തിയത്. അജ്ഞാത മൃതദേഹമെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ രാത്രി കാണാതായ പെട്രോള്‍ പമ്പ് ഉടമ മനോഹരന്‍റെ മൃതദേഹമാണിതെന്ന് കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രി 12.50 ന് പെട്രോള്‍ പമ്പില്‍ നിന്ന് ജോലികഴിഞ്ഞ് മനോഹരന്‍ കാറില്‍ യാത്രതിരിച്ചെങ്കിലും വീട്ടിലെത്തിയില്ല. 

പെട്രോള്‍ പമ്പില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഏറെ നേരം കാണാഞ്ഞിട്ടും അച്ഛനെ കാണാഞ്ഞതോടെ മകള്‍ പരാതി നല്‍കുകയായിരുന്നു. മൃതദേഹത്തിന്‍റെ കൈകള്‍ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയിലാണ്. കണ്ണുകള്‍ തുറിച്ച നിലയിലുമായിരുന്നു. മനോഹരന്‍റെ മകള്‍ പമ്പിലെത്തി അന്വേഷിച്ചപ്പോളാണ് അദ്ദേഹത്തെ കാണാതായെന്ന വിവരം അറിഞ്ഞതെന്നാണ് പെട്രോള്‍ പമ്പ് ജീവനക്കാരി രജൂഷ പറഞ്ഞത്.മനോഹറിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. മനോഹറിന്‍റെ കാറില്‍ പണം ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം ഏകദേശം ധാരണയുണ്ടാവുമെന്നും പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര പറഞ്ഞു.

ദിവാന്‍ജി മൂലയില്‍ നിന്ന് യൂബര്‍ ടാക്സി വഴി  ഓട്ടം വിളിച്ച രണ്ടു പേരാണ് ഡ്രൈവര്‍ രാജേഷിനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് കാര്‍ തട്ടിയെടുത്തത്. തൃശ്ശൂര്‍ നഗരത്തിനോട് ചേർന്നുള്ള   ദിവാൻജി മൂലയിൽ നിന്ന് പുതുക്കാട്ടേക്കാണ് പ്രതികൾ ടാക്സി വിളിച്ചത്. എന്നാൽ പുതുക്കാട് എത്തും മുമ്പേ ആമ്പല്ലൂരിൽ നിന്ന് ഇടത്തേ ഭാഗത്തേക്ക് വണ്ടി തിരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ആൾപാർപ്പില്ലാത്ത പ്രദേശത്ത് എത്തിയപ്പോൾ കമ്പി കൊണ്ട് തലക്കടിച്ചു വീഴ്ത്തുകയായിരുന്നെന്ന് ഡ്രൈവർ രാജേഷ് പറഞ്ഞു.  ജീവൻ വേണോ കാറ് വേണോ എന്ന്   ചോദിച്ചായിരുന്നു ആക്രമണം. കാറിൽ കയറുമ്പോൾ ഇവരുടെ പെരുമാറ്റത്തിൽ യാതൊരു സംശയവും തോന്നിയിരുന്നില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു. അന്വേഷണത്തിനിടയിൽ കാലടിയില്‍ വെച്ച് പോലീസ്  കാര്‍ പിടികൂടി. എന്നാൽ പൊലീസ് പിന്തുടരുന്നതറിഞ്ഞ് പ്രതികൾ ഓടി രക്ഷപ്പെട്ടു.തൃശൂർ നഗരത്തിലെയും പുതുക്കാട് ഭാഗത്തെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.അന്വേഷണം ഊർജിതമാക്കിയതായി പുതുക്കാട് പൊലീസ് അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios