Asianet News MalayalamAsianet News Malayalam

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ട് രണ്ട് സിപിഎമ്മുകാര്‍ അറസ്റ്റിൽ; യുഎപിഎ ചുമത്തി

കോഴിക്കോട് പന്തീരാങ്കാവിലാണ് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്ന് പൊലീസ്.  

two cpm members arrested in kozhikode for keeping Maoist leaflet
Author
Kozhikode, First Published Nov 2, 2019, 10:19 AM IST

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ. സിപിഎമ്മിന്‍റെ സജീവ പ്രവര്‍ത്തകരായ അലൻ ഷുഹൈബ് താഹ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇവരിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇരുവര്‍ക്കും എതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.

അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുമായി മുഖ്യമന്ത്രിയടക്കം മുന്നോട്ടു പോകുന്നതിനിടെയാണ് രണ്ട് സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്. സിപിഐയും പ്രതിപക്ഷ സംഘടനകളും സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു,  മാവോയിസ്റ്റ് പ്രസ്ഥാനവുമായി അറസ്റ്റിലായ രണ്ട് പേര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. അട്ടപ്പാടി സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതു മാത്രമല്ല ഇവര്‍ നാളുകളായി ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവാണെന്നും പൊലീസ് വിശദീകരിക്കുന്നുണ്ട്. 

ഇരുവരും സിപിഎമ്മിന്‍റെ സജീവ പ്രവര്‍ത്തകരാണ്. എൽഎൽബി വിദ്യാർത്ഥിയാണ് അലൻ ഷുഹൈബ്.  താഹ മാധ്യമ വിദ്യാര്‍ത്ഥികൂടിയാണ്.  ഇരുവരുടേയും നീക്കങ്ങൾ നാളുകളായി നിരീക്ഷിച്ച് വരികയാണെന്നും മാവോയിസ്റ്റ് പശ്ചാത്തലം സംബന്ധിച്ച് വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. വൈകീട്ട് ആറ് മണിയോടുകൂടിയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. മൂന്ന് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്നും ഒരാൾ ഓടി രക്ഷപ്പെടുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.

സിപിഎം പ്രവര്‍ത്തകരായ ഇരുവര്‍ക്കും മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധമില്ലെന്നാണ് ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പറയുന്നത്. മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധം അറിയിക്കാനാണ് കുടുംബാംഗങ്ങളും പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരും തീരുമാനിച്ചിട്ടുള്ളത്, 

Follow Us:
Download App:
  • android
  • ios