Asianet News MalayalamAsianet News Malayalam

കള്ളനോട്ടടിക്കാനുള്ള സെറ്റപ്പ് വീട്ടിൽ, നിക്ഷേപിച്ചത് അമ്മയുടെ അക്കൗണ്ടിൽ, സിഡിഎമ്മിൽ ഈ പണി പ്രതീക്ഷിച്ചില്ല

കംപ്യൂട്ടറും പ്രിന്ററും ഉൾപ്പെടെ എല്ലാ സംവിധാനങ്ങളുമായി കള്ളനോട്ടടി തുടങ്ങിയിട്ട് ഒരു മാസം ആയെന്നാണ് പ്രതികൾ പറയുന്നത്. സിഡിഎമ്മിൽ ഇങ്ങനെയൊരു സംവിധാനമുണ്ടെന്ന് തീരെ പ്രതീക്ഷിച്ചില്ല.

two men in thiruvananthapuram deposited fake notes in their mothers account through CDM and a feature trapped
Author
First Published Apr 20, 2024, 9:27 AM IST

തിരുവനന്തപുരം: കട്ടാക്കടയിൽ കള്ളനോട്ട് ഉണ്ടാക്കിയ സംഭവത്തിൽ രണ്ട് പേര് പിടിയിലായി. പറണ്ടോട്ട് സ്വദേശിയായ ബിനീഷ് (27), ആര്യനാട് സ്വദേശി ജയൻ (47) എന്നിവരാണ് കട്ടാക്കട പൊലീസിന്റെ പിടിയിലായത്. പൂവച്ചലിൽ എസ്ബിഐയുടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീനിലാണ് കള്ളനോട് കണ്ടെത്തിയത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് രണ്ട് പേരിലേക്ക് എത്തിയത്.

500ന്റെ എട്ട് കള്ളനോട്ടുകളാണ് സിഡിഎം മെഷീനിൽ കണ്ടെത്തിയത്. ജയന്റെ വീട്ടിലായിരുന്നു കള്ളനോട്ട് നിർമാണം. ഇതിന് ഉപയോഗിച്ച സാധന സാമഗ്രികൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പണം നിക്ഷേപിച്ച അക്കൗണ്ടിനെക്കുറിച്ചുള്ള അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്. ജയന്റെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ 100ന്റെയും 500ന്റെയും നോട്ടുകൾ നിർമിക്കാൻ ഉപയോഗിച്ച കംപ്യൂട്ടർ, മഷി എന്നിവ കണ്ടെടുത്തു. 100 രൂപയുടെ നോട്ടുകൾ ഇവിടെ പ്രിന്റ് ചെയ്ത് വെച്ചിട്ടുമുണ്ടായിരുന്നു.

വീട്ടിൽ അച്ചടിച്ച കള്ളനോട്ട് ഇക്കഴിഞ്ഞ മൂന്നാം തീയ്യതി ബിനീഷിന്റെ അമ്മയുടെ പേരുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് നിക്ഷേപിച്ചത്. 500 രൂപയുടെ എട്ട് നോട്ടുകളുണ്ടായിരുന്നു. സിഡിഎമ്മിൽ കള്ളനോട്ട് നിക്ഷേപിച്ചാൽ അവ പ്രത്യേകം അറയിലേക്കാണ് പോകുക. മുഷിഞ്ഞ നോട്ടുകളാണെങ്കിൽ സ്വീകരിക്കാതെ തിരികെ വരും. പണം മെഷീനിനുള്ളിലേക്ക് പോയപ്പോൾ അത് സ്വീകരിക്കപ്പെട്ടെന്നും അക്കൗണ്ടിൽ എത്തിയെന്നുമാണ് പ്രതികൾ കരുതിയത്. എന്നാൽ അക്കൗണ്ട് പരിശോധിച്ചപ്പോൾ പണം വന്നില്ല. 

ആറാം തീയ്യതി ബാങ്ക് ഉദ്യോഗസ്ഥർ സിഡിഎം പരിശോധിച്ചപ്പോൾ പ്രത്യേക അറയിൽ കള്ളനോട്ട് കിട്ടി. നിക്ഷേപിച്ച അക്കൗണ്ടും സമയവും കാർഡ് വിവരങ്ങളും ഉൾപ്പെടെ ബാങ്ക് അധികൃതർ പരാതി നൽകി. അക്കൗണ്ട് ഉടമയുടെ വിവരം അന്വേഷിച്ചെത്തിയ പൊലീസ് ആദ്യം ബിനീഷിനെ പിടികൂടി. പിന്നാലെ ജയനെയും പിടിച്ചു. വീട്ടിലെ കള്ളനോട്ടടി തുടങ്ങിയിട്ട് ഒരു മാസമായി എന്നാണ് ഇവ‍ർ പൊലീസിനോട് പറഞ്ഞത്. കൂടുതൽ നോട്ടുകൾ ഈ രീതിയിൽ അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ടോ വെറെ എവിടെ നിന്നെങ്കിലും  മാറിയെടുത്തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios