Asianet News MalayalamAsianet News Malayalam

കേരളത്തിൽ ജാതി സംഘടനകൾ രാഷ്ട്രീയ സ്വാധീന ശക്തിയാകാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ല: ബെന്നി ബഹന്നാൻ

  • തെരഞ്ഞെടുപ്പ് രാഷ്ട്രീയ മത്സരമായാണ് യുഡിഎഫ് കാണുന്നത്. ഞങ്ങൾ രാഷ്ട്രീയം പറഞ്ഞാണ് മത്സരിക്കുന്നത്.
  • സാമുദായിക നേതാക്കൾക്ക് രാഷ്ട്രീയം പറയാൻ പാടില്ലെന്ന അഭിപ്രായം ഞങ്ങൾക്കില്ല
UDF leader Benny Behannan on caste and relious organisation interfere in politics
Author
Thiruvananthapuram, First Published Oct 23, 2019, 8:52 PM IST

തിരുവനന്തപുരം: കേരളത്തിൽ ജാതി സംഘടനകൾ രാഷ്ട്രീയ സ്വാധീന ശക്തിയാകാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റും എംപിയുമായ ബെന്നി ബഹന്നാൻ. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ഏഷ്യാനെറ്റ് ന്യൂസിനോട് നടത്തിയ പ്രതികരണത്തിലാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.

"തെരഞ്ഞെടുപ്പ് രാഷ്ട്രീയ മത്സരമായാണ് യുഡിഎഫ് കാണുന്നത്. ഞങ്ങൾ രാഷ്ട്രീയം പറഞ്ഞാണ് മത്സരിക്കുന്നത്. സാമുദായിക നേതാക്കൾക്ക് രാഷ്ട്രീയം പറയാൻ പാടില്ലെന്ന അഭിപ്രായം ഞങ്ങൾക്കില്ല. കാലാകാലങ്ങളായി അവർ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായം അവരുമായി ബന്ധപ്പെടുന്നവരെ സ്വാധീനിക്കുമായിരിക്കാം. രാഷ്ട്രീയ പാർട്ടിയെന്ന നിലയിലും മുന്നണിയെന്ന നിലയിലും ഞങ്ങൾ രാഷ്ട്രീയം പറഞ്ഞാണ് മുന്നോട്ട് പോകുന്നത്," ബെന്നി ബഹന്നാൻ പറഞ്ഞു.

"കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്ന കാലത്തേതിൽ നിന്ന് വ്യത്യസ്‌തമായി ദേശീയ തലത്തിൽ തന്നെ സമുദായിക സംഘടനകളുടെ സ്വാധീനം വർധിപ്പിക്കാനുള്ള സമ്മർദ്ദം ഉണ്ട്. ബിജെപി അധികാരത്തിലെത്തിയ ശേഷമുണ്ടായതാണ് ഇത്. അത് ചെറുക്കേണ്ടതാണ്. കേരളത്തിലുള്ള ജാതി രാഷ്ട്രീയം ഉത്തരേന്ത്യയിലേത് പോലെയല്ല. കേരളത്തിലെ ജനങ്ങൾ ജാതി രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ഉത്തരേന്ത്യയിലെ ജാതി രാഷ്ട്രീയമല്ല ഇവിടെ. ജാതി ഇവിടെയൊരു രാഷ്ട്രീയ സ്വാധീന ശക്തിയാകാൻ ജനങ്ങൾ ആഗ്രഹിക്കുന്നില്ല," കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.

സമുദായ സംഘടനാ നേതാക്കളെ പോയി കാണുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അതൊരു അഭിപ്രായ ആശയവിനിമയം മാത്രമാണ്. അത് എല്ലാ കാലത്തും നടന്നിട്ടുള്ളതാണെന്നും അദ്ദേഹം വിശദീകരിച്ചു.

Follow Us:
Download App:
  • android
  • ios