Asianet News MalayalamAsianet News Malayalam

'വടകരയില്‍ വര്‍ഗീയതയ്‌ക്കെതിരെ പ്രചാരണം നടത്തുമെന്ന് യുഡിഎഫ് തീരുമാനം'; പരിഹാസ്യമെന്ന് ഇപി ജയരാജന്‍

നാല് വോട്ടിന് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയും എല്ലാം കഴിഞ്ഞ ശേഷം ഒളിച്ചോട്ടം നടത്തുകയും ചെയ്യുന്നത് രാഷ്ട്രീയ സത്യസന്ധതയില്ലാത്ത നിലപാടാണെന്നും ഇപി.

udf march at vadakara ldf convener ep jayarajan reaction
Author
First Published May 5, 2024, 1:53 PM IST

തിരുവനന്തപുരം: വടകരയില്‍ വര്‍ഗീയതയ്‌ക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് നിര്‍വാഹക സമിതി തീരുമാനം പരിഹാസ്യമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തെരഞ്ഞെടുപ്പില്‍ നേരിടാന്‍ പോകുന്ന തിരിച്ചടി ഭയന്നുള്ള മുന്‍കൂര്‍ ജാമ്യമെടുക്കല്‍ മാത്രമല്ലിത്. മണ്ഡലത്തിലുടനീളം യുഡിഎഫ് നടത്തിയ കടുത്ത വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ ഉയര്‍ന്ന ജനവികാരത്തില്‍ നിന്നും ഒളിച്ചോടാന്‍ കൂടിയാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു. 

''മണ്ഡലത്തില്‍ എല്‍ഡിഎഫ് വന്‍ മുന്നേറ്റമുണ്ടാക്കുന്നുവെന്ന് വ്യക്തമായപ്പോഴാണ് യുഡിഎഫ് പച്ചയായ വര്‍ഗീയ കാര്‍ഡിറക്കിയത്. ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുടെ പിന്‍ബലത്തോടെ നടത്തിയ ഈ പ്രചാരണം കോണ്‍ഗ്രസിനകത്തുള്ള വലിയ വിഭാഗം മതനിരപേക്ഷ-ജനാധിപത്യവാദികളില്‍ ഉള്‍പ്പെടെ കടുത്ത ആശങ്കയുണ്ടാക്കി. ഒരു വിഭാഗം ലീഗ് അണികളില്‍ പോലും അമര്‍ഷമുണ്ടായി. മറ്റ് 19 മണ്ഡലങ്ങളിലും പോകാതെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും പ്രവര്‍ത്തകരും മണ്ഡലത്തില്‍ ഓളമുണ്ടാക്കാന്‍ നോക്കി. ഇതെല്ലാം പുറമെ കെട്ടുകാഴ്ചകളായതല്ലാതെ വോട്ടര്‍മാരെ സ്വാധീനിച്ചില്ല. മതനിരപേക്ഷ-ജനാധിപത്യ വിശ്വാസികളൊന്നാകെ എല്‍ഡിഎഫിന് പിന്നില്‍ അണി നിരന്നു.'' ഈ തിരിച്ചറിവില്‍ നിന്നാണ്, കാലിനടിയിലെ അവശേഷിക്കുന്ന മണ്ണ് കൂടി ഒലിച്ചുപോകാതിരിക്കാന്‍ ഇത്തരം നാണം കെട്ട പ്രചാരണങ്ങള്‍ക്കിറങ്ങുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു. 

കേവലം നാല് വോട്ടിന് ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയും എല്ലാം കഴിഞ്ഞ ശേഷം ഒളിച്ചോട്ടം നടത്തുകയും ചെയ്യുന്നത് രാഷ്ട്രീയ സത്യസന്ധതയില്ലാത്ത നിലപാടാണെന്നും ഇപി പറഞ്ഞു. ''കോണ്‍ഗ്രസിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ തങ്ങള്‍ക്ക് പറ്റിയ ഈ രാഷ്ട്രീയ അപചയം തിരുത്തി ജനങ്ങളോട് മാപ്പ് പറയുകയാണ് വേണ്ടത്. വടകര ഉള്‍പ്പെടെ 20 ലോക്‌സഭാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് വന്‍  മുന്നേറ്റമാണുണ്ടാക്കിയത്. എല്ലാ സീറ്റിലും ജയിക്കുമെന്ന കോണ്‍ഗ്രസ് അവകാശവാദം പൊള്ളയാണ്.'' ശാസ്ത്രീയമായ ഒരു പരിശോധനയുമില്ലാതെ നടത്തുന്ന ഇത്തരം വിലയിരുത്തലുകള്‍ക്ക് ജനങ്ങള്‍ ഒരു വിലയും കല്‍പ്പിക്കില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. 

നവ കേരള ബസിന്റെ ഡോറിന് തകരാറോ? സംഭവിച്ചത് എന്ത്? വിശദീകരിച്ച് മന്ത്രി 
 

Latest Videos
Follow Us:
Download App:
  • android
  • ios