Asianet News MalayalamAsianet News Malayalam

ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍,സിപിഎം നുണബോംബിറക്കുന്നു,കോവിഡ് അഴിമതി കെ.കെ.ശൈലജക്കെതിരെ ഇനിയും ഉന്നയിക്കും

കെ.കെ രമയെയും യു.ഡി.എഫ് വനിതാ നേതാക്കളെയും ഉമ്മന്‍ ചാണ്ടിയുടെ പെണ്‍മക്കളെയും ആക്ഷേപിച്ചപ്പോള്‍ സ്ത്രീപക്ഷ വാദികള്‍ എവിടെയായിരുന്നുവെന്ന് വിഡി സതീശന്‍

vd satheesan against cpm, says will raise covid corruption against kk shylaja
Author
First Published Apr 17, 2024, 4:51 PM IST

കണ്ണൂര്‍:പാനൂരില്‍ ബേംബ് പൊട്ടിയതില്‍ ക്ഷീണിച്ചിരിക്കുകയാണ് സി.പി.എം. ആരെ കൊല്ലാനാണ് ബേംബ് ഉണ്ടാക്കിയതെന്ന ചോദ്യത്തിന് സി.പി.എം ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ പുതിയ നുണ ബോംബുമായി സി.പി.എമ്മും സ്ഥാനാര്‍ത്ഥിയും ഇറങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. കഴിഞ്ഞ മാസം 25-ന് മുഖ്യമന്ത്രിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും ഡി.ജി.പിക്കും എസ്.പിക്കും എല്‍.ഡി.എപ് ഇതേ പരാതി നല്‍കിയിട്ടും ഇതുവരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്? സ്ത്രീകളെയോ എതിര്‍ സ്ഥാനാര്‍ത്ഥികളെയോ അപമാനിക്കുന്നതിനെ യു.ഡി.എഫ് ഒരു കാലത്തും പ്രോത്സാഹിപ്പിച്ചിട്ടില്ല. ഇത്തരം കാര്യങ്ങള്‍ സി.പി.എമ്മാണ് ചെയ്യുന്നത്. വൈകാരികമായി തൊണ്ടയിടറി പറഞ്ഞെന്ന തരത്തില്‍ ഇപ്പോള്‍ വാര്‍ത്ത വരുത്തിക്കുകയാണ്.

പരാതി നല്‍കിയിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടത്. കെ.കെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോള്‍ കെ.കെ ശൈലജയെയോ ബൃന്ദാ കാരാട്ടിനെയോ കണ്ടില്ല. ലതികാ സുഭാഷിനെയും ഐ.സി.യുവില്‍ പീഡനത്തിന് ഇരയായ അതിജീവിതയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും സ്ത്രീപക്ഷ വാദികളെ ആരെയും കണ്ടില്ല. കയ്യൂര്‍ സമരനായകനായ കണ്ണന്‍റെ  കൊച്ചുമകള്‍ രാധയ്‌ക്കെതിരെ സി.പി.എമ്മുകാര്‍ നടത്തിയ അസഭ്യവര്‍ഷം നടത്തിയപ്പോഴും ആര്‍ക്കും പൊള്ളിയില്ല. ഉമാ തോമസിനെയും ബിന്ദു കൃഷ്ണയെയും അരിതാ ബാബുവിനെയും രമ്യ ഹരിദാസിനെയും അധിക്ഷേപിച്ചില്ലേ?  വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സി.പി.എം ആക്ഷേപിച്ചതും ആക്രമിച്ചതും. ഇതൊന്നും യു.ഡി.എഫിന്‍റേയോ കോണ്‍ഗ്രസിന്‍റേയോ രീതിയല്ല. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിപക്ഷ നേതാവ് ദൃശ്യങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചെന്നാണ് മന്ത്രി പി രാജീവ് ആരോപിച്ചത്. അതിന് ജനങ്ങള്‍ കൊടുത്ത മറുപടി കണ്ടല്ലോ. സ്വന്തം ജില്ലാ സെക്രട്ടറിയുടെ കട്ടിലിന്‍റെ  അടിയില്‍ ക്യാമറ വച്ച സി.പി.എമ്മുകാര്‍ എന്തും ചെയ്യാന്‍ മടിക്കില്ല. ഇതുപോലെയൊന്നും കോണ്‍ഗ്രസും യു.ഡി.എഫും അധപതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജയ്‌ക്കെതിരെ യു.ഡി.എഫ് രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കും. 1032 കോടിയുടെ അഴിമതി ആരോപണം അവര്‍ക്കെതിരെയുണ്ട്. 450 രൂപയുടെ പി.പി.ഇ കിറ്റ് 1550 രൂപയ്ക്കും ഏഴ് രൂപയ്ക്ക് കിട്ടുന്ന ഗ്ലൗസ് 14 രൂപയ്ക്ക് വാങ്ങിയതും അവരുടെ കാലത്താണ്. അതിനെതിരെ ലോകായുക്തയില്‍ കേസ് നല്‍കിയിട്ടുണ്ട്. പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെന്നാണ് ഹൈക്കോടതി പറഞ്ഞത്. കെ.കെ ശൈലജയുടെ കാലത്ത് കോവിഡ് നിയന്ത്രണത്തില്‍ ഏറ്റവും മുന്നില്‍ കേരളമാണെന്ന് പി.ആര്‍ ഏജന്‍സികളെ കൊണ്ട് പറയിച്ചു. എന്നാല്‍ അവര്‍ മന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഒളിപ്പിച്ചു വച്ചു 28000 കോവിഡ് മരണങ്ങളാണ് പുറത്തു വന്നത്. കേരളം മുന്‍പന്തിയിലാണെന്ന് കാണിക്കാനാണ് യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവച്ചത്. മരിച്ചവരുടെ എണ്ണത്തിലും കോവിഡ് ബാധിച്ചവരുടെ എണ്ണത്തിലും രണ്ടാം സ്ഥാനത്താണ് കേരളം. അന്ന് കോവിഡ് മരണങ്ങള്‍ മറച്ചുവയ്ക്കാന്‍ ഉപയോഗിച്ച അതേ പി.ആര്‍ ഏജന്‍സിയെ ഉപയോഗിച്ചാണ് ഇപ്പോള്‍ നുണ ബോംബ് പൊട്ടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ ജനങ്ങള്‍ക്ക് മനസിലാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios