Asianet News MalayalamAsianet News Malayalam

ചൂർണിക്കര വ്യാജരേഖ: കേസെടുക്കാൻ വിജിലൻസ് ശുപാർശ; എഫ്ഐആർ രജിസ്റ്റർ ചെയ്യാന്‍ നി‍ർദേശം

പ്രാഥമികാന്വേഷണം പൂർത്തിയായി. വിശദമായ അന്വേഷണം വേണമെന്ന് വിജിലൻസ്. എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് നി‍ർദേശം.

vigilance advice to register case in choornikkara land fraud case
Author
Kochi, First Published May 13, 2019, 1:01 PM IST

കൊച്ചി: ചൂർണിക്കര വ്യാജരേഖ കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ വിജിലൻസ് തീരുമാനം. കേസ് രജിസ്റ്റർ ചെയ്യാൻ ശുപാർശ ചെയ്തു കൊണ്ടുള്ള റിപ്പോർട്ട് മറ്റന്നാൾ വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും. ഫോർട്ടുകൊച്ചി ആർ ഡി ഒയുടെ പേരിലും വ്യാജരേഖയുണ്ടാക്കിയതായി വിജിലൻസിന് സംശയം ഉയർന്നിട്ടുണ്ട്

ചൂർണിക്കരയിലെ ഭൂമി തരം മാറ്റാൻ വ്യാജ രേഖ തയ്യാറാക്കിയ സംഭവത്തിൽ പ്രാ‌ഥമികാന്വേഷണം പൂർത്തിയാക്കിയാണ് വിജിലൻസ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥനായ അരുണിന്‍റെ പങ്ക് വ്യക്തമായതോടെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് തീരുമാനം. പ്രാഥമിക അന്വേഷണ റിപ്പോർട്ടും കേസെടുക്കാനുളള ശുപാർശയും അടങ്ങിയ ഫയൽ മറ്റന്നാൾ എറണാകുളം യൂണിറ്റ് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും. കൂടുതൽ റവന്യൂ ഉദ്യോഗസ്ഥർ ഇടപാടിൽ ഉൾപ്പെട്ടിരിക്കാനുളള സാധ്യതയും വിജിലൻസ് തളളിക്കളയുന്നില്ല. 

ഇടനിലക്കാരനായ അബുവിന്‍റെ പക്കൽ നിന്ന് ആറ് ആധാരങ്ങളടക്കമുളളവ കണ്ടെടുത്തിരുന്നു. ചൂർണിക്കരയിലെ ഭൂമി കൂടാതെ മറ്റെവിടെയൊക്കം ഇവർ വ്യാജരേഖകളുണ്ടാക്കി ഭൂമി തരം മാറ്റിയെന്ന് കണ്ടെത്താനാണ് വിജിലൻസിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി എറണാകുളം ജില്ലാ കലക്ടറോട് വിശദാംശങ്ങൾ ആരായും. ഫോർട്ടുകൊച്ചി ആർ ടി ഒ ഓഫീസിന്‍റെ പരിധിയിൽ വരുന്ന വില്ലേജുകളിൽ ഭൂമി തരം മാറ്റിയത് സംബന്ധിച്ച രേഖകളാണ് ആവശ്യപ്പെടുക. ഫോർട്ടുകൊച്ചി ആർ ഡി ഒയുടെ പേരിലും വ്യാജ രേഖകൾ ഉണ്ടാക്കിയതായ ചില സൂചനകൾ കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണത്തിനാണ് ഉദ്ദേശിക്കുന്നതെന്ന് അന്വേഷണസംഘം അറിയിച്ചു. 

Follow Us:
Download App:
  • android
  • ios