Asianet News MalayalamAsianet News Malayalam

മരട് ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസം; സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിഎസ്

പുനരധിവസിപ്പിക്കപ്പെടേണ്ട നിരവധി ആളുകളുടെ പട്ടിക സര്‍ക്കാരിനു മുമ്പിലുണ്ട്. അവരേക്കാള്‍ മുന്‍ഗണനയോ, അവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കാള്‍ മുന്തിയ സൗകര്യങ്ങളോ ഇടതുപക്ഷ സര്‍ക്കാര്‍ ഫ്ലാറ്റുടമകള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണ്.

VS Achuthananthan facebook post about marad flat Demolition issue
Author
Thiruvananthapuram, First Published Sep 30, 2019, 1:01 PM IST

തിരുവനന്തപുരം: മരട് ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച് നടപടികളിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാര്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. സമാനമായ നിയമലംഘനങ്ങള്‍ സര്‍ക്കാര്‍തന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നല്‍കലും ഒരു കീഴ്‍വഴക്കം സൃഷ്ടിക്കും.

മരടിലെ ഫ്ലാറ്റുകളില്‍ പുനരധിവാസം ആവശ്യമായവരുടെ കൃത്യമായ ലിസ്റ്റാണ് ആദ്യം തയ്യാറാക്കേണ്ടത്. മറ്റ് പാര്‍പ്പിട സൗകര്യം ഉള്ളവര്‍ക്ക് പുനരധിവാസം നല്‍കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ല. എന്നു മാത്രമല്ല, അനേകം കാരണങ്ങളാല്‍ പുനരധിവസിപ്പിക്കപ്പെടേണ്ട നിരവധി ആളുകളുടെ പട്ടിക സര്‍ക്കാരിനു മുമ്പിലുണ്ട്. അവരേക്കാള്‍ മുന്‍ഗണനയോ, അവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കാള്‍ മുന്തിയ സൗകര്യങ്ങളോ ഇടതുപക്ഷ സര്‍ക്കാര്‍ ഫ്ലാറ്റുടമകള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുക- വിഎസ് ഫേസ്ബുക്കില്‍ കുറിച്ചു.

നഷ്ടപരിഹാരം നല്‍കേണ്ടത് നിര്‍മ്മാതാക്കളാണെങ്കിലും ഈ വിഷയത്തില്‍ നഷ്ടപരിഹാരത്തിന്‍റെ ആദ്യ ഗഡു നല്‍കുന്നത് സര്‍ക്കാരാണ്. ആ തുക നിര്‍മ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടി വീണ്ടെടുക്കേണ്ടതുമുണ്ട്. ഫ്ലാറ്റ് തിരികെ നല്‍കുന്നതോടെ മാത്രമേ ഫ്ലാറ്റുടമകള്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാവുന്നുള്ളു എന്നതിനാല്‍, ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയും തുടര്‍ന്ന് മാത്രം നഷ്ടപരിഹാരം നല്‍കുകയും ചെയ്യേണ്ടതുണ്ടെന്നും വിഎസ് പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios