Asianet News MalayalamAsianet News Malayalam

'വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണം'; ഡിജിപിയും ചീഫ് സെക്രട്ടറിയും ഹാജരാകണമെന്ന് എസ്‍സി കമ്മീഷന്‍

വാളയാര്‍ കേസില്‍ സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും അലംഭാവം ഇതിനോടകം വിമര്‍ശന വിധേയമായതിന് പിന്നാലെയാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന നിരീക്ഷണം ദേശീയ പട്ടികജാതി കമ്മീഷനും മുമ്പോട്ട് വയ്ക്കുന്നത്. 

walayar girls death sc commission sent notice to dgp
Author
delhi, First Published Nov 7, 2019, 5:20 PM IST

ദില്ലി: വാളയാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ ഉണ്ടായെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. വാളയാര്‍ കേസില്‍ സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും അലംഭാവം ഇതിനോടകം വിമര്‍ശന വിധേയമായതിന് പിന്നാലെയാണ്  അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന നിരീക്ഷണം ദേശീയ പട്ടികജാതി കമ്മീഷനും മുമ്പോട്ട് വയ്ക്കുന്നത്. പ്രോസിക്യൂഷനും പൊലീസും ഒത്തുകളിച്ച് കേസ് അട്ടിമറിച്ചു. പ്രതികളുടെ സിപിഎം ബന്ധം കേസ് അട്ടിമറിക്കാന്‍ സഹായിച്ചു. ബാലക്ഷേമ സമിതി അധ്യക്ഷനും രാഷ്ട്രീയ പ്രേരിതമായി ഇടപെട്ടു. സത്യം തെളിയാന്‍ സിബിഐ വരട്ടേയെന്നാണ് കമ്മീഷന്‍റെ നിലപാടെന്നും ദേശീയ പട്ടികജാതി കമ്മീഷന്‍ പറഞ്ഞു. 

അതേസമയം കേസുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും പരിശോധിക്കാനും കമ്മീഷന്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി നേരിട്ട് ഹാജരാകാന്‍ ഡിജിപിക്കും, ചീഫ് സെക്രട്ടറിക്കും നോട്ടീസ് നല്‍കിയതായി കമ്മീഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍ ദില്ലിയില്‍ പറഞ്ഞു. തിങ്കളാഴ്ച ദില്ലിയിലെ പട്ടികജാതി കമ്മീഷന്‍  ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ 29 ന് കമ്മീഷന്‍ വാളയാര്‍ സന്ദര്‍ശിച്ചിരുന്നു. സിബിഐ അന്വേഷണമെന്ന ആവശ്യം കുട്ടികളുടെ രക്ഷിതാക്കള്‍ കമ്മീഷന് മുന്നിലും  ഉന്നയിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios