Asianet News MalayalamAsianet News Malayalam

ഭൂമി തരം മാറ്റാമെന്ന് നാടുനീളെ പരസ്യം, ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് സംശയം; റവന്യൂ ഓഫീസുകളിൽ മിന്നൽ പരിശോധന

രാവിലെ 11.00 മണി മുതൽ സംസ്ഥാന വ്യാപകമായി എല്ലാ റവന്യൂ ഡിവിഷണൽ ഓഫീസുകളിലും വിജിലൻസ് സംഘമെത്തി മിന്നൽ പരിശോധന നടത്തി.

widespread advertisements for land conversion from data bank vigilance surprise check up in revenue offices
Author
First Published May 8, 2024, 4:15 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ റവന്യൂ ഡിവിഷണൽ ഓഫീസുകളിൽ  വിജിലൻസിന്റെ മിന്നൽ പരിശോധന. സംസ്ഥാനത്ത് ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതും 2008-ലെ തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം  ചെയ്തിട്ടുള്ളതുമായ  ഭൂമി ഡേറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി ഇനം മാറ്റി നൽകുന്നതിന്  ചില സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും  സംസ്ഥാന വ്യാപകമായി പരസ്യം ചെയ്യുന്നതും, ചില റവന്യൂ ഉദ്ദ്യോഗസ്ഥരെയും കൃഷി വകുപ്പ് ഉദ്ദ്യോഗസ്ഥരെയും സ്വാധീനിച്ച് അവരുടെ  സഹായത്തോടെ ക്രമക്കേട് നടത്തുന്നയി രഹസ്യ വിവരം ലഭിച്ചതിന്റെയും അടിസ്ഥാനത്തിലായിരുന്നു ബുധനാഴ്ച പരിശോധന. രാവിലെ 11.00 മണി മുതൽ സംസ്ഥാന വ്യാപകമായി എല്ലാ റവന്യൂ ഡിവിഷണൽ ഓഫീസുകളിലും വിജിലൻസ് സംഘമെത്തി മിന്നൽ പരിശോധന നടത്തി.

50 സെന്റിൽ കൂടുതൽ വിസ്തീർണ്ണമുളള വസ്തുവിന്റെ 10 ശതമാനം ജല സംഭരണത്തിനായി മാറ്റി വയ്ക്കണമെന്നും  2017ന് ശേഷം രജിസ്റ്റർ ചെയ്ത ഭൂമി തരംമാറ്റത്തിന് പരിഗണിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ടെങ്കിലും ഏജൻസികൾ വഴി സമർപ്പിക്കുന്ന അപേക്ഷകളിൽ ഇവ അട്ടിമറിയ്ക്കപ്പെടുന്നതായി വിജിലൻസിന്  രഹസ്യ വിവരം ലഭിച്ചിരുന്നു. ഭൂമി തരം മാറ്റം കാരണം ജല നിർഗ്ഗമന മാർഗ്ഗം തടസ്സപ്പെടുന്നുണ്ടോയെന്നും സമീപത്തെ ജലസ്ത്രോസുകളിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുന്നുണ്ടോയെന്നുമുള്ള  കാര്യങ്ങൾ പരിശോധിക്കുന്നതിന് ഉത്തരവാദപ്പെട്ട ലോക്കൽ ലെവൽ മോണിറ്ററിംഗ് കമ്മിറ്റി  അത് പരിശോധിക്കാറില്ലെന്നും ഇത് കാരണം പല സ്ഥലങ്ങളിലും മഴക്കാലത്ത് വെള്ളക്കെട്ട്  ഉണ്ടാകുന്നതായും വിജിലൻസിന് രഹസ്യവിവരം ലഭിച്ചതായി അധികൃതർ അറിയിച്ചു. 

25 സെന്റിന്  താഴെ  വിസ്തീർണ്ണമുള്ള വസ്തുവിന്റെ  ഭൂമി തരം മാറ്റം സൗജന്യമായതിനാൽ ചില സ്ഥലങ്ങളിൽ വസ്തു 25 സെന്റിന് താഴെയാക്കി പ്രമാണം ചെയ്ത ശേഷം ഭൂമി തരം മാറ്റത്തിനായി അപേക്ഷ  നൽകുന്നതായും അത് വഴി സർക്കാരിന് സാമ്പത്തിക നഷ്ടം സംഭവിക്കുന്നതായും വിജിലൻസിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചിരുന്നു. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന്  സംസ്ഥാന വ്യാപക മിന്നൽ പരിശോധന നടത്തിയത്. സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും പരിശോധനയിൽ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ

Latest Videos
Follow Us:
Download App:
  • android
  • ios