Asianet News MalayalamAsianet News Malayalam

ക്യാന്‍സറിന് കാരണമാകുന്ന 10 ഭക്ഷണങ്ങള്‍!

10 foods that cause cancer
Author
First Published Jan 8, 2017, 12:40 PM IST

മാറിയ ജീവിതസാഹചര്യങ്ങളും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ക്യാന്‍സര്‍ എന്ന മഹാരോഗം വ്യാപിക്കാനുളള പ്രധാന കാരണം. നമ്മള്‍ ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങള്‍, പതുക്കെ ക്യാന്‍സര്‍ ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന കാര്യം അധികം ആര്‍ക്കും അറിയില്ല. അത് ഏതൊക്കെയാണെന്ന് അറിയണോ? ഇവിടെയിതാ, ക്യാന്‍സറിന് കാരണമാകുന്ന 10 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

1, സംസ്‌ക്കരിച്ച മാംസം- മാംസാഹാരം, അത് ഏതായാലും വാങ്ങിച്ചയുടന്‍ പാകം ചെയ്‌തു കഴിക്കുന്നതില്‍ വലിയ അപാകതയില്ല. എന്നാല്‍ മാംസം സംസ്‌ക്കരിച്ച് പാക്കറ്റിലാക്കിയും, മറ്റു ഭക്ഷണത്തിനൊപ്പവും(പഫ്സ്, ബര്‍ഗര്‍, പിസ, സാന്‍ഡ്‌വിച്ച്) കഴിക്കുന്നത് ക്യാന്‍സറിന് കാരണമാകും. അതുകൊണ്ടുതന്നെ, ശീതീകരിച്ച് സൂക്ഷിക്കുന്ന പാക്കറ്റിലുള്ള സംസ്‌ക്കരിച്ച മാംസവും, ഇറച്ചിയുള്ള പഫ്സ്, ബര്‍ഗര്‍, സാന്‍ഡ്‌വിച്ച് എന്നിവ ഒഴിവാക്കുകയും ചെയ്യുന്നത് നല്ലതാണ്. 

2, ചുവന്ന മാംസം- ബീഫ്, മട്ടന്‍ എന്നിവയൊക്കെ ചുവന്ന മാംസങ്ങളാണ്. ഇത് ദിവസവും കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 17 ശതമാനം അധികമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

3, മദ്യം- ലോകാരോഗ്യസംഘടനയുടെയും അമേരിക്കയിലെ ആരോഗ്യരംഗത്തെ പ്രസിദ്ധീകരണങ്ങളുടെയും റിപ്പോര്‍ട്ട് പ്രകാരം ദിവസവും മദ്യപിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്. മദ്യപാനികളില്‍ വായ്, തൊണ്ട, കരള്‍ എന്നീ ക്യാന്‍സറുകളാണ് പൊതുവെ കണ്ടുവരുന്നത്. 

4, കനലില്‍ ചുട്ടെടുക്കുന്ന മാംസാഹാരം- ഇപ്പോള്‍ മാംസാഹാരം കനലില്‍ ചുട്ടെടുക്കുന്നത് വളരെ വ്യാപകമാണ്. രാത്രി വൈകുവോളം ഇത്തരം കടകള്‍ നമ്മുടെ നാട്ടിലും സജീവമാണ്. എന്നാല്‍ ഇത്തരത്തില്‍ കനലില്‍ ചുട്ടെടുക്കുന്ന മാംസാഹാരം അമിതമായി കഴിക്കുന്നത്, ക്യാന്‍സറിന് കാരണമാകും. 

5, അമിത ചൂടുള്ള ചായയും കോഫിയും- ചായയും കോഫിയും നമ്മുടെ സ്ഥിരം പാനീയങ്ങളാണ്. നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ചായയോ കോഫിയോ കുടിച്ചായിരിക്കും. എന്നാല്‍ തിളയ്‌ക്കുന്ന ചൂടോടെ ചായയും കോഫിയും കുടിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യസംഘടന നല്‍കുന്നത്. ഇത് അന്നനാളത്തില്‍ ക്യാന്‍സറുണ്ടാകാന്‍ കാരണമാകും. 

6, കോളകള്‍- കുട്ടികള്‍ക്കൊക്കെ കോളകള്‍ വലിയ ഇഷ്‌ടമാണ്. അമിത മധുരവും മറ്റു രാസവസ്‌തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍, ക്യാന്‍സറിന് കാരണമാകുന്ന പാനീയമാണ്. 

7, വൈറ്റ് ബ്രഡ്- നമ്മള്‍ സാധാരണയായി കഴിക്കുന്ന ഒന്നാണ് ബ്രഡ്. എന്നാല്‍ മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈറ്റ് ബ്രഡ് അധികം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് മാത്രമല്ല, ക്യാന്‍സറിന് കാരണമാകുകയും ചെയ്യും. ബ്രഡ് കഴിച്ചേ മതിയാകുവെങ്കില്‍ ബ്രൗണ്‍ ബ്രഡ് അഥവാ ഗോതമ്പിന്റെ ബ്രഡ് കഴിക്കുന്നതാണ് നല്ലത്. 

8, ടൊമാറ്റോ സോസ്- നമ്മള്‍ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍, അതിന് മേമ്പൊടിയായി നല്‍കുന്നതാണ് ടൊമാറ്റോ സോസ്. എന്നാല്‍ ഏറെക്കാലമായി സംസ്‌ക്കരിച്ച് പാക്കറ്റിലാക്കി വരുന്ന ഇത്തരം ടൊമാറ്റോ സോസ് ക്യാന്‍സറിന് കാരണമാകും. 

9, അമിതമായാല്‍ പാലും- പാല്‍ എന്നാല്‍ സമ്പൂര്‍ണാഹാരമാണ്. ദിവസവും ഒന്നോ രണ്ടോ ഗ്ലാസ് പാല് കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതുമാണ്. എന്നാല്‍ പാല്‍ അമിതമായി കുടിക്കുന്നത് നല്ലതാണോ? അല്ല എന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങളില്‍ വ്യക്തമായത്. പാല്‍ അമിതമായി കുടിച്ചാല്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത 68 ശതമാനം അധികമാണ്. 

10, പഞ്ചസാര- പഞ്ചസാര ഇല്ലാതെ ഭക്ഷണം പാകം ചെയ്യുന്ന കാര്യം ആലോചിക്കാനേ ആകില്ല അല്ലേ. എന്നാല്‍ അമിതമായാല്‍ പഞ്ചസാരയും അപകടകരമാണ്. അമിതമായി പഞ്ചസാര ഉപയോഗിച്ചാല്‍, ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടും. 

Follow Us:
Download App:
  • android
  • ios