Asianet News MalayalamAsianet News Malayalam

മസിൽ പെരുപ്പിക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങള്‍

10 foods that help to grow muscles
Author
First Published Jan 4, 2018, 4:57 PM IST

സിക്‌സ് പായ്ക്ക് ആയില്ലെങ്കിലും നല്ല മസിൽ എങ്കിലും ഉണ്ടായാൽ മതി- ഇങ്ങനെ കരുതുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാരിൽ കൂടുതൽപേരും. മസിൽ പെരുപ്പിക്കാൻവേണ്ടി അപകടകരമായ പ്രോട്ടീൻ പൗഡറും, ഫുഡ് സപ്ലിമെന്റുകളും ഉപയോഗിക്കുവരുടെ എണ്ണം കൂടിവരുന്നു. എന്നാലിത് ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തുകയെന്ന് ഇവര്‍ അറിയുന്നില്ല. ഇവിടെയിതാ, മസില്‍ വളരാനും പേശീബലം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന 10 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

1, മുട്ടയുടെ മഞ്ഞക്കരു...

ആവശ്യത്തിന് മാംസ്യം, വിറ്റാമിൻ എ, ഡി, ഇ എന്നിവയും അടങ്ങിയിട്ടുള്ള മുട്ടയുടെ മഞ്ഞക്കരു പേശികളുടെ വളര്‍ച്ചയ്ക്ക് ഏറെ ഉത്തമമാണ്. സ്ഥിരമായി മുട്ടയുടെ മഞ്ഞക്കരു കഴിച്ചാൽ ശരീരത്തിലെ കൊളസ്ട്രോള്‍ വര്‍ദ്ധിക്കുകയും അതിനൊപ്പം കരുത്ത് വര്‍ദ്ധിപ്പിക്കുന്ന ടെസ്റ്റോസ്റ്റീറോണ്‍ ഹോര്‍മോണിന്റെ അളവ് കൂടുകയും ചെയ്യും.

2, മീനെണ്ണ...

ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാനും, ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കൂട്ടാനും സഹായിക്കുന്ന ഒന്നാണ് മീനെണ്ണ. ഒമേഗത്രീ ഫാറ്റി ആസിഡ് അടങ്ങിയ മീനെണ്ണ, പേശികളുടെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്.

3, സാൽമണ്‍...

നമ്മുടെ നാട്ടിൽ സാധാരണല്ലെങ്കിലും പേശികളുടെ വളര്‍ച്ചയ്‌ക്കും ബലം കൂട്ടാനും ഏറ്റവും നല്ല ഒന്നാണ് സാൽമണ്‍ മൽസ്യം. ധാരാളം ഒമേഗത്രീ ഫാറ്റി ആസിഡും ആവശ്യത്തിന് പ്രോട്ടീനും ഇതിൽ അടങ്ങിയിട്ടുണ്ട്.

4, ചുവന്ന പഴങ്ങള്‍...

ആപ്പിള്‍, മാതളം, സ്ട്രാബെറി, ചെറി എന്നീ ചുവന്ന പഴങ്ങളിൽ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ സ്ഥിരമായി കഴിച്ചാൽ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുകയും, പേശികളുടെ ശരിയായ വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യാം.

5, തൈര്...

നമ്മുടെ ദഹനേന്ദ്രിയവ്യവസ്ഥയുടെ ആരോഗ്യത്തെ സഹായിക്കുന്നതരം നല്ല ബാക്‌ടീരിയ തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതിലൂടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പേശികളുടെ ബലം കൂട്ടുകയും ചെയ്യാം.

6, ചണക്കുരു...

ധാരാളം നാരുകളും പ്രോട്ടീനും ഒമേഗത്രീഫാറ്റി ആസിഡും അടങ്ങിയിട്ടുള്ള ഒന്നാണ് ചണക്കുരു. ഇത് സ്ഥിരമായി കഴിച്ചാൽ പേശികളുടെ വളര്‍ച്ച കൂട്ടുകയും ബലം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.

7, ഒലിവ് ഓയിൽ...

ഹൃദയാരോഗ്യത്തിന് ഉത്തമമായ അപൂരിതകൊഴുപ്പ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഒലിവ് ഓയിൽ. വ്യായാമം ചെയ്യുന്ന സമയത്ത്, ശരീരത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കാനും ക്ഷീണം അകറ്റാനും സഹായിക്കുന്ന ഒന്നാണ് ഒലിവ് ഓയിൽ.

8, ചീര...

ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് ചീര. പേശികളുടെയും അസ്ഥികളുടെയും ക്ഷയം പ്രതിരോധിക്കുന്ന ചീര, ക്യാൻസര്‍, ഹൃദ്രോഗം എന്നിവയിൽനിന്ന് പ്രതിരോധം ഒരുക്കുകയും ചെയ്യുന്നു.

9, തക്കാളി...

ക്യാൻസറിനെ ശക്തമായി പ്രതിരോധിക്കുന്ന ലൈസോപീൻ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷ്യവിഭവമാണ് തക്കാളി. ഇതുകൂടാതെ, ക്ഷീണമില്ലാതെ വ്യായാമം ചെയ്യാനും തക്കാളി സഹായിക്കും.

10, ആപ്പിള്‍...

ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ആപ്പിള്‍. ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്ന പെക്‌ടിൻ ഉള്‍പ്പടെയുള്ള പോഷകങ്ങള്‍ അടങ്ങിയ ആപ്പിള്‍ ധാരാളം കഴിച്ചാൽ പേശികളുടെ വളര്‍ച്ചയ്‌ക്കും ബലം വര്‍ദ്ധിപ്പിക്കാനും സഹായകരമാകും.

Follow Us:
Download App:
  • android
  • ios