Asianet News MalayalamAsianet News Malayalam

നിങ്ങളുടെ അസ്ഥികളെ നശിപ്പിക്കുന്ന 6 ഭക്ഷണശീലങ്ങള്‍

6 common diet mistakes that are ruin your bones
Author
First Published Oct 13, 2016, 1:20 PM IST

1, അമിതമായ ഉപ്പ് ഉപയോഗം-

ഭക്ഷണത്തില്‍ കൂടുതല്‍ ഉപ്പ് ചേര്‍ത്ത് കഴിക്കാന്‍ ഇഷ്‌ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക, കൂടുതല്‍ ഉപ്പ് കഴിക്കുമ്പോള്‍, ശരീരത്തില്‍ കാല്‍സ്യം, മൂത്രത്തിലൂടെ നഷ്‌ടമാകാന്‍ ഇടയാകും. അസ്ഥികളുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കാല്‍സ്യം. ദിവസവും അഞ്ചു മുതല്‍ പത്തു ഗ്രാം ഉപ്പ് കുറച്ച് ഉപയോഗിച്ചാല്‍ 1000 മില്ലിഗ്രാം കാല്‍സ്യം അധികം ശരീരത്തില്‍ ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

2, സോഡയും കോളയും-

കുട്ടിക്കാലം മുതല്‍ക്കേ, സോഡ, കോള തുടങ്ങിയ ശീതളപാനീയങ്ങള്‍ ഉപയോഗിച്ചാല്‍, അത് അസ്ഥികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഇത്തരം പാനീയങ്ങളിലെ ഫോസ്‌ഫറസ്, ശരീരത്തിലെ കാല്‍സ്യം, മംഗ്നീഷ്യം എന്നിവയുടെ അളവ് കുറയ്‌ക്കും. അസ്ഥികളുടെ വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങളാണ് കാല്‍സ്യവും മഗ്നീഷ്യവും.

3, കോഫി-

ദിവസം നാലു ഗ്ലാസില്‍ അധികം കോഫി കുടിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് നല്ലതല്ല. കോഫിയും ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് കുറയ്‌ക്കും. അതേസമയം കോഫിയുടെ സ്ഥാനത്ത് ചായ ആണെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാമെന്നാണ് വിദഗ്ദ്ധ പഠനം ചൂണ്ടിക്കാട്ടുന്നത്.

4, ചോക്ലേറ്റ്-

അസ്ഥികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കാല്‍സ്യം, പോഷകങ്ങള്‍, ഫ്ലേവനോള്‍സ് എന്നിവയൊക്കെ ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍, ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ഓക്‌സലേറ്റ്, പഞ്ചസാര എന്നിവ അസ്ഥികളെ ദുര്‍ബലമാക്കും. അതുകൊണ്ടുതന്നെ ചോക്ലേറ്റ് അമിതമായി കഴിക്കാതിരിക്കുക.

5, മദ്യം-

അമിതമായ മദ്യപാനം, അസ്ഥികളെ ദുര്‍ബലപ്പെടുത്തും. മദ്യം, ശരീരത്തിലെ കാല്‍സ്യത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും, കരളിന്റെ ആരോഗ്യത്തെ നശിപ്പിച്ച് വിറ്റാമിന്‍ ഡിയുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുകയും ചെയ്യും. വിറ്റാമിന്‍ ഡിയുടെ അഭാവം അസ്ഥികള്‍ ദുര്‍ബലപ്പെടാന്‍ കാരണമാകും.

6, പഞ്ചസാര, ചുവന്ന മാംസം, മൈദ എന്നിവ കുറയ്‌ക്കാം-

പഞ്ചസാര, ചുവന്ന മാംസം, മൈദ എന്നിവയുടെ അമിത ഉപയോഗം അസ്ഥികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഇവയ്‌ക്ക് പകരം അസ്ഥികളുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്ന മല്‍സ്യം, ഗോതമ്പ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

Follow Us:
Download App:
  • android
  • ios