Asianet News MalayalamAsianet News Malayalam

സ്ത്രീകളിലെ വെള്ളപോക്കിനെക്കുറിച്ചും ചികിത്സകളെക്കുറിച്ചും അറിയേണ്ടതെല്ലാം

  • സ്ത്രീകളിലെ വെള്ളപോക്കിനെക്കുറിച്ചും ചികിത്സകളെക്കുറിച്ചും
  • ഡോക്ടര്‍ ഷിനു ശ്യാമളൻറെ കുറിപ്പ്
all about leukorrhea by Shinu Syamalan

സ്ത്രീകള്‍ പലപ്പോഴും പുറത്ത് പറയാന്‍ മടിക്കുന്ന ഒരു കാര്യമാണ് വെള്ളപോക്ക്. പലപ്പോഴും ഈ വിഷയത്തെ കുറിച്ചുള്ള അജ്ഞത മൂലം  സാധാരണയായി ഉണ്ടാകുന്ന വെള്ളപോക്കിനെ പോലും പലരും രോഗമായി കാണുന്നു. അനാവശ്യമായി തനിക്ക് അണുബാധയാണെന്ന് തെറ്റിദ്ധരിക്കുന്നു.അതുപോലെ ചില സ്ത്രീകള്‍ ഇത് മറച്ചു വെക്കുന്നു. എന്തോ വലിയ രോഗം ആണെന്ന് കരുതി തന്‍റെ നല്ല പാതിയോട് പോലും തുറന്ന് പറയാത്ത സ്ത്രീകളും ഉണ്ട്.

എന്താണ് വെള്ളപോക്ക്

സാധാരണ ഗതിയില്‍ സ്ത്രീകളുടെ യോനിയില്‍ നിന്നും നശിച്ച കോശങ്ങളും, ബാക്റ്റീരിയയും യോനിയിലുള്ള ഗ്രന്ഥികളില്‍ നിന്നും പുറപ്പെടുവിക്കുന്ന ദ്രാവകം വഴി പുറം തള്ളുന്നു. അതാണ് വെള്ളപോക്ക്. തികച്ചും നോര്‍മലായ ഒരു പ്രക്രിയ മാത്രമാണ് അത്. സാധാരണ ഗതിയില്‍ ഇവ വെള്ളം പോലെയോ അല്ലെങ്കില്‍ പാലിന്റെ വെള്ള കളറിലോ ആവാം. പൊതുവെ സ്ത്രീകളിൽ അണ്ഡോല്‍പ്പാദനം നടക്കുമ്പോള്‍, മുലയൂട്ടുമ്പോള്‍, ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോള്‍ ഒക്കെ വെള്ളപൊക്കു കണ്ടു വരാം. പക്ഷെ പേടിക്കേണ്ട. അത് തികച്ചും സ്വാഭാവികമാണ്.

എപ്പോഴാണ് വെള്ളപൊക്കു ശ്രദ്ധിക്കേണ്ടത്?

നിറത്തിലോ, മണത്തിലോ,രൂപത്തിലോ വ്യത്യാസം വരികയോ, യോനിയിൽ ചൊറിച്ചിലോ, പുകച്ചിലോ അനുഭവപ്പെടുകയോ ഉണ്ടായാൽ ശ്രദ്ധിക്കുക.

എന്തുകൊണ്ടാണ് ഇത്‌ ഉണ്ടാകുന്നത്?

ഒരുപക്ഷേ ബാക്റ്റീരിയല്‍ അണുബാധ മൂലം , പ്രമേഹം ഉള്ളവരില്‍, സ്റ്ററോയ്ഡ്സ് ഉപയോഗിക്കുന്നവരില്‍, ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരില്‍, ഗര്‍ഭാശയമുഖ ക്യാന്‍സര്‍ ഉള്ളവരിള്‍, ലൈംഗിക രോഗങ്ങള്‍ ഉള്ളവരില്‍( gonorrhea,chlamydia), മണമുള്ള സോപ്പ് ഉപയോഗിക്കുന്നവരിൽ, douche( വെള്ളം സ്‌പ്രേ ചെയ്തു യോനി കഴുകുന്ന ഒരു ഉപകരണം) ഉപയോഗിക്കുന്നവരില്‍, trichomoniasis( ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു രോഗം), മാസക്കുളി നിന്ന സ്ത്രീകളില്‍, പൂപ്പല്‍ അണുബാധ,pelvic inflammatory disease ഉള്ളവരില്‍ ഒക്കെ രൂപത്തിലോ, നിറത്തിലോ, മണത്തിലോ വെള്ളപോക്കിന് മാറ്റം സംഭവിച്ചതു മൂലം ചികിത്സ വേണ്ടി വരാം.

പല തരത്തില്‍ ഉള്ള ഡിസ്ചാര്‍ജ്

1.ബ്രൗണ്‍ അല്ലെങ്കില്‍ ചുവപ്പ് കലര്‍ന്ന ഡിസ്ചാര്‍ജ് 

ഒരു പക്ഷെ സ്പോട്ടിങ് ആയി ചുവപ്പോ ബ്രൗണ് നിറത്തിലോ രക്തം കണ്ടാല്‍ അബോര്‍ഷനാവാം. ഗര്‍ഭിണിയാകാന്‍ സാധ്യത ഉണ്ടെങ്കില്‍ ശ്രദ്ധിക്കുക. കൂടാതെ എന്‍ഡൊമെട്രിയൽ ക്യാന്‍സര്‍, ഗര്‍ഭാശയമുഖ ക്യാന്‍സര്‍ തുടങ്ങിയവയിലും ഇവ കാണാം.

2.മഞ്ഞ നിറം ,പച്ച നിറം 

ലൈംഗിക രോഗങ്ങളായ ഗോണോര്‍ഹിയ (gonorrhea), ക്ലാമൈഡ chlamydia ആകാം

3.കൈകളില്‍ ഒട്ടിപിടിച്ചു വലിയുന്ന തരത്തിലുള്ളവ ആണെങ്കില്‍ അവ അണ്ഡോല്‍പ്പാദനം സൂചിപ്പിക്കുന്നു.

4.പതഞ്ഞു മഞ്ഞയോ, പച്ചയോ നിറവും, ചീത്ത മണവും 

ട്രിക്കോമോണിയസൈസ് (Trichomoniasis) - സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരാം

5.കട്ടിയുള്ള വെള്ള നിറത്തിൽ പാല്‍ക്കട്ടി പോലെയുള്ള ഡിസ്ചാര്‍ജ് 

യീസ്റ്റ് അണുബാധമൂലമാകാം ഈ തരത്തിലുള്ള ഡിസ്ചാര്‍ജ്

6.വെള്ളയോ, ഗ്രേ, മല്‍സ്യത്തിന്റെ നാറ്റമുള്ള ഡിസ്ചാര്‍ജ് ആണെങ്കില്‍ ബാക്റ്റീരിയല്‍ വജൈനോസിസ് ആവാം.

പ്രതിരോധം

1.ആര്‍ത്തവ സമയത്തു ശുചിത്വം കത്തുസൂക്ഷിക്കുക. നാലുമണിക്കൂർ കൂടുമ്പോള്‍ പാഡ് മാറ്റുക. മെന്‍സ്ട്രുല്‍ കപ്പാണ് ഉപയോഗിക്കുന്നതെങ്കിൽ 12 മണിക്കൂറില്‍ കൂടുതല്‍ ഒരു തവണ ഉപയോഗിക്കരുത്. ശേഷം രക്തം കളഞ്ഞു കഴുകി വൃത്തിയാക്കിയ്തിന് ശേഷം മാത്രം കപ്പ് ഉപയോഗിക്കുക.

2. സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക

കോണ്ടം ഉപയോഗിക്കുക. എത്ര തന്നെ വിശ്വാസം ഉള്ള ആളാണെങ്കിലും കോണ്ടം ഉപയോഗിച്ചു മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക.

3. കോട്ടന്‍ അടിവസ്ത്രം മാത്രം ഉപയോഗിക്കുക. ദിവസവും അടിവസ്ത്രം മാറ്റുക. കഴുകി വെയിലത്തു ഉണക്കുക( വെയില്‍ അണുബാധയകറ്റുവാന്‍ സഹായിക്കും). നനഞ്ഞ അടിവസ്ത്രം ഉപയോഗിക്കാതെയിരിക്കുക.

4.മണമുള്ള സോപ്പുകള്‍ ഉപയോഗിച്ചു യോനി കഴുകാതെയിരിക്കുക. കട്ടി കുറഞ്ഞ സോപ്പ്, അല്ലെങ്കിൽ വജൈനല്‍ വാഷ് ഇന്ന് വിപണിയിൽ ലഭ്യമാണ്.

5. ഫ്ലേവേര്‍ഡ് കോണ്ടം ഓറല്‍ സെക്സിന് വേണ്ടിയുള്ളതാണ്. ലൈംഗിക ബന്ധത്തിന് അവയുപയോഗിച്ചാൽ സ്ത്രീകള്‍ക്ക് യീസ്റ്റ് അണുബാധ യോനിയിൽ ഉണ്ടാകാം. അതുകൊണ്ട് ഫ്ലേവേര്‍ഡ് അല്ലാത്ത സാധാരണ കോണ്ടം മാത്രം ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുക.

6.അണുബാധ ഉണ്ടെന്ന് സംശയം തോന്നിയെങ്കിൽ ഉടനെ ഡോക്ടറെ കാണിക്കുക. അല്ലെങ്കിൽ അണുബാധ കൂടി പിഐഡി പോലുള്ള അസുഖങ്ങള്‍ വരാം.

7.വജൈനല്‍ ഡൗച്ച് (vaginal douche)ഉപയോഗിക്കാതെ ഇരിക്കുക. യോനി കഴുകുന്ന ഒരു സ്‌പ്രേ പോലത്തെ സാധനമാണിക്. പണ്ട് കാലത്ത് ഇവ ലൈംഗിക ബന്ധത്തിന് ശേഷം ശുക്ലം യോനിയിൽ നിന്ന് കഴുകി കളയുവാൻ ഉപയോഗിച്ചിരുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ ഗര്‍ഭിണിയാകാനുള്ള സാധ്യത കുറയും എന്നു പണ്ട് വിശ്വസിച്ചിരുന്നു. പക്ഷെ അത് തെറ്റായ വിശ്വാസം ആയിരുന്നു കൂടാതെ ഡൗച്ച് ചെയ്യുന്നതിലൂടെ ഗര്‍ഭാശയ മുഖ ക്യാന്‍സര്‍, എന്‍ഡൊമെട്രിയോസിസ്, പിഐഡി, ലൈംഗിക രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുകയെയുള്ളൂ.

8.ടിഷ്യൂവോ തുണിയോ ഉപയോഗിച്ചു തുടയ്ക്കുമ്പോൾ യോനിയില്‍ നിന്നും പിറകോട്ട് തുടയ്ക്കുക. ഒരിക്കലും പിന്നില്‍ നിന്ന് മുന്‍പോട്ട് തുടയ്ക്കരുത്. കാരണം മലദ്വാരത്തിന് ചുറ്റുമുള്ള അണുക്കള്‍ യോനിയില്‍ വരുവാന്‍ സാധ്യതയേറുന്നു. അതിനാല്‍ മുന്‍പില്‍ നിന്ന് പിന്നിലോട്ടു മാത്രം തുടയ്ക്കുക. ഈ രീതി കുട്ടികളിലും ഉപയോഗിക്കുക.

ചികിത്സ

1. നിങ്ങളുടെ അണുബാധ അനുസരിച്ചു ഡോക്ടര്‍ ആന്‍റിബയോട്ടിക്കുകള്‍, അല്ലെങ്കില്‍ ആന്റിഫങ്ങല്‍ മരുന്നുകളോ തരും. യോനിയില്‍ വെക്കാവുന്ന ഗുളികകളും ഉണ്ടാവും. കൂടാതെ പുരട്ടുവാന്‍ ക്രീമുകളും തരാം .

2. കൂടാതെ മുകളിൽ എഴുതിയ അണുബാധ വരാതെയിരിക്കുവാനുള്ള മാർഗ്ഗങ്ങളും സ്വീകരിക്കുക.

3.പാപ് സ്മിയര്‍ ഗര്‍ഭാശയമുഖ കോശങ്ങള്‍ക്ക് മാറ്റം ഒന്നുമില്ലലോ എന്നു സ്ഥിതീകരിക്കുവാന്‍ ഒരുപക്ഷേ ഡോക്ടര്‍ നിര്‍ദേശിക്കാം. രോഗം ഇല്ലാത്ത സ്ത്രീകളും വര്‍ഷത്തില്‍ ഒന്ന് ഇത് ചെയ്യുന്നത് വളരെ നല്ലതാണ്. ക്യാന്‍സറോ, ഭാവിയില്‍ ക്യാന്‍സര്‍ വരാന്‍ സാധ്യത ഉള്ള വിധം കോശങ്ങള്‍ക്ക് മാറ്റം ഉണ്ടോ എന്ന് അറിയുവാന്‍ സാധിക്കും. അല്ലെങ്കില്‍ യോനിയില്‍ നിന്നുള്ള ദ്രവം ചിലപ്പോള്‍ അണുബാധ തിരിച്ചറിയുവാൻ മൈക്രോസ്കോപ്പില്‍ വെച്ചു നോക്കാവുന്നതാണ്.

Follow Us:
Download App:
  • android
  • ios