Asianet News MalayalamAsianet News Malayalam

മഞ്ഞള്‍ ശീലമാക്കിയാല്‍ നിങ്ങള്‍ക്ക് അറിയാത്ത ഒരുപാട് ഗുണങ്ങളുണ്ട്!

all about turmeric
Author
First Published Jan 23, 2017, 1:23 PM IST

മഞ്ഞള്‍- ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. ഹൃദ്രോഗം, ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ്, വിഷാദം എന്നിവയൊക്കെ ഫലപ്രദമായി ചെറുക്കാനുള്ള ഘടകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ വിപണിയില്‍ ലഭ്യമാകുന്ന മഞ്ഞള്‍പ്പൊടിയില്‍ സര്‍വ്വത്ര മായമാണ്. അതുകൊണ്ടുതന്നെ മഞ്ഞള്‍പ്പൊടി വീട്ടില്‍ത്തന്നെ തയ്യാറാക്കുന്നതാണ് നല്ലത്. മഞ്ഞള്‍പ്പൊടി എങ്ങനെ വീട്ടില്‍ തയ്യാറാക്കാം എന്നു നോക്കാം. അതിന് മുമ്പ് മഞ്ഞളിനെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

മായവും കീടനാശിനികളും കലരാത്ത പച്ചക്കറികളും പഴങ്ങളും ഒക്കെ ഇന്ന് വെറും സ്വപ്നം മാത്രമാണ്. വിളകളില്‍ നേരിട്ട് ഉപയോഗിക്കുന്ന കീടനാശിനികള്‍, പരിതസ്ഥിതിയില്‍ നിന്നും ആഗിരണം ചെയ്യുന്ന കീടനാശിനികള്‍ എന്നിവയെല്ലാം കാര്‍ഷിക വിളകളില്‍ കാണും.

മഞ്ഞളിന്‍റെ ആരോഗ്യഗുണങ്ങള്‍...

all about turmeric

ക്യാന്‍സര്‍ തടയും- കറികളില്‍ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് മഞ്ഞള്‍പ്പൊടി. സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയുമാണ് മഞ്ഞള്‍. ത്വക്ക് രോഗങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെ തടയാന്‍ ശേഷിയുള്ള അത്ഭുത ഔഷധമാണ് മഞ്ഞള്‍.

മസ്‌തിഷ്‌കത്തെ ഉത്തേജിപ്പിക്കും- "കുര്‍കുമ ലോംഗ" എന്ന ശാസ്ത്രീയ നാമത്തിലാണ് മഞ്ഞള്‍ അറിയപെടുന്നത്. "കുര്‍ക്കുമിന്‍" എന്ന വര്‍ണ്ണ വസ്തുവാണ് മഞ്ഞളിന് നിറം നല്‍കുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള 'ടര്‍മറോള്‍' ആണ് മഞ്ഞളിന് സുഗന്ധം നല്കുന്നത്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന "കുര്‍ക്കുമിന്‍" എന്ന രാസവസ്തുവിനു മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്.
 
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും- മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റി ഫംഗല്‍ ഘടകങ്ങള്‍ ശരീരത്തിന്റെ രോഗ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നു.

അല്‍ഷിമേഴ്‌സിനെ ചെറുക്കും- "അല്‍ഷിമേഴ്‌സിനു" കാരണമാകുന്ന "ബീറ്റാ അമിലോയിഡ്" അടിഞ്ഞു കൂടുന്നത് തടയാനും, തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന പദാര്‍ത്ഥങ്ങളെ നീക്കം ചെയ്യാനും "കുര്‍ക്കുമിന്‍" കഴിയുമെന്നതാണ് പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.

കരള്‍രോഗങ്ങള്‍ പ്രതിരോധിക്കും- ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാക്കി കരള്‍ സംബന്ധമായ രോഗങ്ങള്‍ തടയാനും മഞ്ഞളിന് കഴിയുമെന്നതാണ് സത്യം.

മഞ്ഞളിലെ മായം കണ്ടെത്താം...

പക്ഷെ ഇന്ന് നമ്മള്‍ വിപണിയില്‍ നിന്നും വാങ്ങുന്ന മഞ്ഞളില്‍ മാരക രോഗങ്ങള്‍ക്ക് വരെ കാരണമാകുന്ന "മെറ്റാനില്‍ യെല്ലോ", നിറം കിട്ടാന്‍ വേണ്ടി "ലെഡ് ക്രോമൈറ്റ്" എന്നിവയുമാണ് മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന മായങ്ങള്‍. കടകളില്‍ നിന്നും വാങ്ങുന്ന മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തില്‍ അല്‍പം ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിച്ച് നോക്കിയാല്‍ വയലറ്റ് നിറം കാണുന്നുവെങ്കില്‍ മായം ഉറപ്പിക്കാം... അടുത്തിടെ ഒരു പ്രമുഖ ബ്രാന്‍ഡിന്റെ ഉല്‍പ്പന്നങ്ങളില്‍ നിന്നും ആരോഗ്യത്തിനു ഹാനികരമാകുന്ന അളവില്‍ സ്റ്റാര്‍ച്ചിന്റെ സാന്നിധ്യം ഉണ്ടെന്നും കണ്ടെത്തിയിരുന്നു. സ്റ്റാര്‍ച്ചിന്റെ സാന്നിധ്യം 0% ആയിരിക്കേണ്ടിടത്താണ് 15% മുതല്‍ 70% വരെയാണ് പരിശോധനയില്‍ കണ്ടെത്തിയത്. ആരോഗ്യത്തിന് ഹാനികരമാണ് സ്റ്റാര്‍ച്ച്...

മഞ്ഞള്‍പ്പൊടി വീട്ടിലുണ്ടാക്കാം...

all about turmeric

വീട്ടമ്മമാര്‍ കുറച്ചൊക്കെ മനസ് വെച്ചാല്‍, കുറച്ചു സമയം ഇതിനായി നീക്കി വെച്ചാല്‍ ഒരു പരിധി വരെ കുടുംബത്തിന്റെ ആരോഗ്യം കാത്ത് സൂഷിക്കാന്‍ കഴിയും... കഴിയുമെങ്കില്‍ വീടുകളില്‍ തന്നെ മഞ്ഞള്‍ പൊടി ഉണ്ടാക്കി എടുക്കുവാന്‍ ശ്രമിക്കുക. വീടുകളില്‍ തന്നെ പച്ചമഞ്ഞള്‍ നട്ടു വളര്‍ത്തുക. സ്ഥലമില്ലാത്തവര്‍ ടെറസിലോ ചാക്കിലോ മഞ്ഞള്‍ നട്ടു വളര്‍ത്താം. നട്ടു ആറു മാസം കൊണ്ട് വിളവെടുക്കാം. വിളവെടുത്ത മഞ്ഞളിനെ നന്നായി കഴുകി തൊലി നീക്കം ചെയ്തതിനു ശേഷം ചെറുതായി അരിഞ്ഞെടുത്ത് നല്ല വെയിലില്‍ ഉണക്കിയെടുക്കണം. മിക്കവരും ചെയ്തുവരുന്നത് പച്ച മഞ്ഞള്‍ പുഴുങ്ങി ഉണക്കിയെടുത്ത് മില്ലില്‍ പൊടിച്ചെടുക്കുന്ന രീതിയാണ്. പച്ച മഞ്ഞള്‍ പുഴുങ്ങുമ്പോള്‍ തന്നെ ഒരു വിധം ഗുണങ്ങള്‍ നഷ്ടമാകും. പുഴുങ്ങുന്നതിനെക്കാള്‍ ഉത്തമം തൊലി നീക്കം ചെയ്ത് ചെറുതായി അരിഞ്ഞ് വെയിലത്ത് ഇട്ട് ഉണക്കിയെടുക്കുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ നമുക്ക് മിക്‌സിയില്‍ തന്നെ പൊടിച്ചെടുക്കാം. മില്ലിനെ ആശ്രയിക്കേണ്ടിയും വരില്ല.
      
all about turmeric

നാം കഴിക്കുന്ന ഭക്ഷണത്തിലെ വിഷാംശങ്ങളെ നിര്‍വീര്യമാക്കി, ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന മഞ്ഞള്‍ പൊടി നമ്മുടെ വീട്ടില്‍
തന്നെ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുക. കൃഷി ചെയ്യാന്‍ സാഹചര്യയമില്ലാത്തവര്‍ പച്ചമഞ്ഞള്‍ വാങ്ങി ചെയ്യുവാന്‍ ശ്രമിക്കുക. ഭാര്‍ത്താവിന്റെയും കുട്ടികളുടെയും ആരോഗ്യം ഓരോ വീട്ടമ്മയുടെയും കൈകളില്‍ ആണെന്ന് ഓര്‍മ്മിക്കുക.

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിച്ചാല്‍...

ഒരു ഗ്ലാസ് ചൂട് പാലില്‍ ഒരു ടേബിള്‍ സ്‌പൂണ്‍ മഞ്ഞള്‍ പൊടി കഴിക്കുന്നത് നിത്യവും ശീലിച്ചാല്‍ ഒരു രോഗത്തെയും ഭയപെടേണ്ട. നമ്മുടെ കുട്ടികളില്‍ ഇപ്പോഴെ ശീലിപ്പിക്കുക.
      
"മായം ഇല്ലാത്ത നല്ലൊരു നാളെയ്ക്കായ് നമുക്കോരോരുത്തര്‍ക്കും പ്രയത്‌നിക്കാം"

(NB- മഞ്ഞള്‍ പൊടി സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന കുപ്പികള്‍ ഗ്‌ളാസ്സ് ജാറുകള്‍ ആണ് ഉത്തമം. കാരണം നിലവാരം കുറഞ്ഞ പ്‌ളാസ്റ്റിക് കണ്ടയിനറുകളില്‍ പൊടി വകകള്‍ സൂക്ഷിക്കുന്നത് ക്യാന്‍സറിനെ ക്ഷണിച്ചു വരുത്തും.)

all about turmeric

തയ്യാറാക്കിയത്- അനില ബിനോജ്

Follow Us:
Download App:
  • android
  • ios