Asianet News MalayalamAsianet News Malayalam

ഡോക്‌ടറുടെ നിര്‍ദ്ദേശമില്ലാതെ ആന്റി ബയോട്ടിക്കുകള്‍ കഴിക്കരുത്

dangerous antibiotic
Author
First Published Nov 16, 2017, 3:22 PM IST

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകള്‍ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്നും അവയുടെ ദുരുപയോഗം തടയണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ആന്റിബയോട്ടിക് അവബോധ വാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മെഡിക്കല്‍ കോളേജില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആന്റി ബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം ഫലപ്രദമായി ചെറുക്കാനായി ഒരു ആന്റി ബയോട്ടിക് പോളിസിക്കും സര്‍ക്കാര്‍ രൂപം കൊടുത്തിട്ടുണ്ട്. ഡോക്ടര്‍മാര്‍ ആന്റിബയോട്ടിക്കുകള്‍ എഴുതുന്നതിന് കുറവു വരുത്തുകയും ഓരോ ആശുപത്രിയിലും ആന്റിബയോട്ടിക് പോളിസി കൊണ്ട് വരികയും വേണമെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരേയും ജനങ്ങളേയും ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരിശീലന പരിപാടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ തന്നെ മുന്‍കൈയ്യെടുത്ത് ആന്റിബയോട്ടിക്കുകള്‍ കുറയ്ക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയത്. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറക്കുകയും അതിലൂടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. 'ആന്റിബയോട്ടിക്കുകള്‍ അമൂല്യമാണ്, ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കാവൂ' എന്ന സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ഈ അവബോധ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം കുറയ്ക്കാന്‍ പൊതുജനങ്ങളും ഡോക്ടര്‍മാരും മറ്റാരോഗ്യ പ്രവര്‍ത്തകരും മരുന്നു വില്‍പന ശാലകളും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതാണ്. ഡോക്ടറുടെ പരിശോധനയില്ലാതെ മുമ്പ് കഴിച്ച ആന്റിബയോട്ടിക്കുകള്‍ വാങ്ങിക്കഴിക്കുന്ന പ്രവണത വളരെ കൂടുതലാണ്. ഇത് ആരോഗ്യത്തിന് വളരെയേറെ ഹാനികരമാണ്. വിവിധ ആന്റിബയോട്ടിക്കുകള്‍ ഒരേസമയം ഉപയോഗിക്കുന്നതിലൂടെ ഭാവിയില്‍ ഈ ആന്റിബയോട്ടിക്കുകള്‍ കഴിച്ചാലും രോഗം ഭേദമാകാത്ത അവസ്ഥ വരും. ഇത് വലിയ ആരോഗ്യ പ്രശ്‌നമുണ്ടാക്കുകയും ചികിത്സാ ചെലവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഡോക്ടറുടെ നിര്‍ദേശമില്ലാതെ മെഡിക്കല്‍ സ്റ്റോറുകള്‍ ആന്റിബയോട്ടിക്കുകള്‍ നല്‍കാന്‍ പാടില്ല. ഇങ്ങനെ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം കുറയ്ക്കാനും അതുവഴി ആരോഗ്യം സംരക്ഷിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോ. ഡി.എം.ഇ. ഡോ. ശ്രീകുമാരി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. അജയകുമാര്‍, ജോ. ഡി.എന്‍.ഇ. പ്രസന്നകുമാരി, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. സന്തോഷ് കുമാര്‍, മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ. ശാരദാ ദേവി എന്നിവര്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios