Asianet News MalayalamAsianet News Malayalam

മുന്‍ മിസ് ഇന്ത്യ ഡയാനാ ഹെയ്ഡന്‍ ഗര്‍ഭം ധരിച്ചു; മൂന്നു വര്‍ഷം മുന്‍പുള്ള അണ്ഡത്തില്‍ നിന്ന്

Diana Hayden pregnant second time with eggs she froze three years ago
Author
First Published Nov 18, 2017, 10:49 AM IST

മുംബൈ: മുന്‍ മിസ് ഇന്ത്യ ഡയാനാ ഹെയ്ഡന്‍ കൃത്രിമഗര്‍ഭധാരണത്തിലൂടെ   40-മത്തെ വയസ്സില്‍ അമ്മയാകുന്നു. മൂന്നു വര്‍ഷം മുമ്പ് ശീതികരിച്ച് സൂക്ഷിക്കപ്പെട്ട അണ്ഡമാണ് കൃത്രിമ ഗര്‍ഭത്തിന് ഉപയോഗിച്ചത്. ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചിരിക്കുകയാണ് താരം. 2016 ല്‍ ഇവര്‍ ആദ്യം അമ്മയായതും കൃത്രിമ ഗര്‍ഭധാരണത്തിലൂടെയായിരുന്നു. 

അന്ന് എട്ടു വര്‍ഷം മുമ്പ് ശീതീകരിച്ച് സൂക്ഷിക്കപ്പെട്ട അണ്ഡമാണ് ഡയാന ഉപയോഗിച്ചത്. ഡോ: നന്ദിത ഫല്‍ഷേറ്റ്കറാണ് ഡയാനയുടെ ഡോക്ടര്‍. വന്ധത കൊണ്ട് വലയുന്നവര്‍ക്കായി ദൈവം അയച്ച മാലാഖകളാണ് ഐവിഎഫ് ഡോക്ടര്‍മാര്‍ എന്നായിരുന്നു ശനിയാഴ്ച ഒരു ഫാഷന്‍ഷോയ്ക്ക് മുംബൈയില്‍ എത്തിയ ഡയാനാ ഹെയ്ഡന്‍ പ്രതികരിച്ചത്. ഇരട്ടക്കുട്ടികള്‍ ആണെന്നത് കൂടുതല്‍ സന്തോഷം പകരുന്നതാണെന്നും അവരുടെ പിറവിക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് താനെന്നും താരം പറഞ്ഞു. 

40 കാരിയായ ഡയാനാ ഹെയ്ഡന്‍ അമേരിക്കക്കാരനായ കോളിന്‍ ഡിക്കിനെ പ്രണയിച്ച് വിവാഹം കഴിച്ചയാളാണെങ്കിലും ഗര്‍ഭധാരണം തടസ്സമാകുന്ന വിധത്തിലുള്ള ശാരീരികാവസ്ഥ ആയതിനെ തുടര്‍ന്ന് ഇവര്‍ കുട്ടികളില്ലാതെ വിഷമിച്ച സാഹചര്യത്തിലാണ് ഡയാന കൃത്രിമ ഗര്‍ഭധാരണം പരീക്ഷിച്ച് വിജയിച്ചത്. അസുഖം ഉള്‍പ്പെടെ പല കാരണങ്ങളാല്‍ ഗര്‍ഭധാരണം വൈകിപ്പിക്കാന്‍ ഏറ്റവും സൗകര്യമായി മാറുന്ന കൃത്രിമ ഗര്‍ഭധാരണത്തിനായി അണ്ഡം ശീതികരിച്ച് സൂക്ഷിക്കുന്നതിന് മുംബൈയിലെ വിദഗ്ദ്ധര്‍ 50,000 രൂപ വരെയാണ് ഈടാക്കുന്നത്. 

മൈനസ് 196 ഡിഗ്രിയില്‍ പത്തു വര്‍ഷം വരെ കേടുകൂടാതെ ഇങ്ങിനെ സൂക്ഷിക്കാനാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കൃത്രിമഗര്‍ഭധാരണമാര്‍ഗ്ഗം കൂടുതല്‍ മെച്ചപ്പെട്ടതിന്റെ സൂചനയാണ് ഡയാനയുടെ ഗര്‍ഭധാരണത്തിലൂടെ വെളിവാകുന്നതെന്ന് വിദഗ്ദ്ധ ഡോ: നന്ദിത ഫല്‍ഷേറ്റ്കര്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് വേണ്ടി ഗര്‍ഭധാരണത്തിനുള്ള ഏറ്റവും നൂതനമായ മാര്‍ഗ്ഗമാണ് കൃത്രിമ ഗര്‍ഭധാരണം. 35 വയസ്സുകാരായ ആയിരങ്ങളാണ് ഈ മാര്‍ഗ്ഗം ഇന്ന് പരീക്ഷിക്കുന്നത്. വര്‍ഷങ്ങളോളം ബീജം സൂക്ഷിക്കുന്നത് മുമ്പ് ഏറെ ദുഷ്‌ക്കരമായിരുന്നെങ്കില്‍ പുതിയ സാങ്കേതിക വിദ്യകള്‍ വന്നതോടെ ഈ സ്ഥിതിക്ക് മാറ്റം വന്നിരിക്കുകയാണ്. 

സാങ്കേതിക വിദ്യയുടെ വളര്‍ച്ച വന്ധ്യത അനുഭവിക്കുന്ന അനേകം ദമ്പതികള്‍ക്കാണ് തുണയായി മാറിയിരിക്കുന്നത്. കരിയറിലെ തിരക്കോ മറ്റ് കാരണങ്ങള്‍ മൂലം വിവാഹം 30 കളുടെ അവസാനത്തിലായവര്‍ക്കും നിരാശപ്പെടേണ്ട കാര്യമില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios