Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ പരിശോധന ഫലങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍

digital test result in trivandrum mch
Author
First Published Oct 15, 2017, 12:23 PM IST

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികളുടേയും കൂട്ടിരുപ്പുകാരുടേയും ദീര്‍ഘനാളത്തെ ആവശ്യത്തിന് പരിഹാരം. വിവിധ പരിശോധന ഫലങ്ങള്‍ ഓണ്‍ലൈനായി ഡോക്ടറുടെ അടുത്തെത്തിക്കാനുള്ള സംവിധാനത്തിന് തുടക്കമായി. എച്ച്.ഡി.എസ്. ലാബ്, എക്‌സ്‌റേ, സി.ടി. സ്‌കാനിംഗ്, എം.ആര്‍.ഐ. സ്‌കാനിംഗ് എന്നിവിടങ്ങളിലെ വിവിധ പരിശോധനാ ഫലങ്ങള്‍ അപ്പപ്പോള്‍ വാര്‍ഡിലുള്ള ഡോക്ടറുടെ കമ്പ്യൂട്ടറില്‍ എത്തുന്നു. അതേസമയം തന്നെ കൂട്ടിരുപ്പുകാരുടെ മൊബൈലില്‍ മെസേജും വരുന്നു. തുടക്കമായതിനാല്‍ ഈ മെസേജ് വരുമ്പോള്‍ ഇക്കാര്യം ഡോക്ടറെ അറിയിക്കേണ്ടതാണ്. ബില്‍ നമ്പരോ പേരോ നോക്കി പരിശോധനാ ഫലം എടുക്കാം. ഇത് വിലയിരുത്തി സമയം വൈകാതെ തന്നെ ഡോക്ടര്‍ക്ക് രോഗിയെ ചികിത്സിക്കാന്‍ സാധിക്കുന്നു. ഗ്രീന്‍ പ്രോട്ടോകോളിന്റെ ഭാഗമായി ഫിലിമുകള്‍ ഒഴിവാക്കാനും സാധിക്കും.

സെന്‍ട്രല്‍ ലാബില്‍ ഏതാണ്ട് 2500 പേരും എച്ച്.ഡി.എസ്. ലാബില്‍ 1500 പേരും രക്ത പരിശോധനയ്ക്കായി ദിവസംതോറും എത്താറുണ്ട്. എക്‌സ്‌റേ എടുക്കാനായി 600 പേരും, സി.ടി. സ്‌കാനിംഗിനായി 200 പേരും, എം.ആര്‍.ഐ. സ്‌കാനിംഗിനായി 40 പേരും ദിവസം തോറും എത്തുന്നു. ഇതെല്ലാം പല ഭാഗങ്ങളിലായതിനാല്‍ ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരുപ്പുകാര്‍ രോഗികളെ തനിച്ചാക്കി ഇവയുടെ പരിശോധനാ ഫലങ്ങള്‍ അന്വേഷിച്ച് നടക്കേണ്ടതുണ്ട്. ഒരു രോഗിക്ക് പല പരിശോധനാ ഫലങ്ങള്‍ വേണ്ടി വരുമ്പോള്‍ ഈ ലാബുകളിലെല്ലാം പല പ്രാവശ്യം പോകേണ്ടിയും വരുന്നു. ഇതില്‍ ഏറെ വലയുന്നത് കൂട്ടിരുപ്പുകാരാണ്.

മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികള്‍ പരിശോധന ഫലത്തിനായി അലയുന്നതിനെപ്പറ്റി നിരവധി പരാതികളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നിര്‍ദേശ പ്രകാരം പുതിയ സംവിധാനം മെഡിക്കല്‍ കോളേജില്‍ ഏര്‍പ്പെടുത്തിയത്. അത്യാഹിത വിഭാഗത്തില്‍ ഈ സംവിധാനം നേരത്തെ തന്നെ നടപ്പിലാക്കിയുന്നു. നാല്‍പ്പതോളം ലാബ് ടെക്‌നീഷ്യന്‍ ട്രെയിനികള്‍ വഴി പരിശോധന ഫലങ്ങള്‍ വാര്‍ഡുകളിലെത്തിക്കുന്ന സംവിധാനം നേരത്തെ തുടങ്ങിയിരുന്നു.

പരിശോധന ഫലങ്ങള്‍ ആകുമ്പോള്‍ കുട്ടിരുപ്പുകാരുടെ മൊബൈലില്‍ മെസേജ് വരുന്ന സംവിധാനവും വിജയകരമായി നടന്നു വരുന്നു.

ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദിന്റേയും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് കുമാറിന്റേയും ഒരു വര്‍ഷത്തെ ശ്രമഫലമായാണ് ഈ ഹൈടെക് സംവിധാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവരാനായത്. ഇതിനായി പുതിയ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും നെറ്റുവര്‍ക്കിംഗ് നടത്തുകയും ചെയ്തു. ഈ പരിശോധനാ ഫലങ്ങള്‍ ഡോക്ടറുടെ മൊബൈലിലെത്തുന്ന ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബാക്കിയുള്ള ലാബുകളെക്കൂടി ഇതില്‍ കൊണ്ടുവരുന്നതോടു കൂടി കൂട്ടിരുപ്പുകാരുടെ പരിശോധനാ ഫലങ്ങള്‍ക്കായി അലയുന്ന പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായ പരിഹാരം കാണാനാകും.

Follow Us:
Download App:
  • android
  • ios