Asianet News MalayalamAsianet News Malayalam

എന്തുകൊണ്ട് 'ബ്രേക്ക്ഫാസ്റ്റ്' ആയി മുട്ട കഴിക്കണം? ഇതാ അഞ്ച് കാരണങ്ങള്‍...

മിക്കപ്പോഴും നമ്മൾ വീടുകളിൽ പ്രഭാതഭക്ഷണമായി മുട്ട കഴിക്കാറുണ്ട്. ഇങ്ങനെ ദിവസത്തിന്‍റെ തുടക്കത്തിൽ തന്നെ മുട്ട കഴിക്കുന്നതുകൊണ്ട് ചില ഗുണങ്ങളൊക്കെയുണ്ട്. അവയേതെല്ലാമെന്ന് നോക്കാം

five reasons to have egg for breakfast
Author
Trivandrum, First Published Feb 21, 2019, 2:05 PM IST

നമുക്കറിയാം ഒരു ദിവസത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് 'ബ്രേക്ക്ഫാസ്റ്റ്'. ആരോഗ്യകരവും ശരീരത്തിന് ഗുണകരമാകുന്നതുമായ ഭക്ഷണം വേണം 'ബ്രേക്ക്ഫാസ്റ്റ്' ആയി തെരഞ്ഞെടുക്കാന്‍. മിക്കപ്പോഴും മുട്ടയാണ് നമ്മള്‍ അത്തരത്തില്‍ തെരഞ്ഞെടുക്കുന്ന ഒരു ഭക്ഷണം. 

'ബ്രേക്ക്ഫാസ്റ്റ്' ആയി മുട്ട കഴിക്കുന്നത് കൊണ്ട് ചില ഗുണങ്ങളുണ്ട്. അത്തരത്തിലുള്ള അഞ്ച് ഗുണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം. 

ഒന്ന്...

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ എത്തിക്കാന്‍ വലിയ രീതിയില്‍ സഹായിക്കുന്ന ഭക്ഷണമാണ് മുട്ട. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം രാവിലെ കഴിക്കുന്നത് ശരീരവണ്ണത്തെ നിയന്ത്രിക്കാനുള്ള ഒരെളുപ്പ മാര്‍ഗമാണ്. അതിനാല്‍ തന്നെ പ്രഭാതഭക്ഷണമായി മുട്ട തെരഞ്ഞെടുക്കുമ്പോള്‍ ശരീരത്തിന് ആരോഗ്യം പകരുകയും ഒപ്പം വണ്ണം നിയന്ത്രിക്കുകയുമാവാം. 

രണ്ട്...

ഹൃദയത്തെയും ചര്‍മ്മത്തെയും ആകെ ആരോഗ്യത്തെയും കാത്തുസൂക്ഷിക്കാന്‍ ഉതകുന്ന 'ആന്റി ഓക്‌സിഡന്റുകള്‍' മുട്ടയില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ദിവസം തുടങ്ങുമ്പോള്‍ കഴിക്കുന്ന ഭക്ഷണമെന്ന നിലയില്‍ ശരീരം ഇതിനെ പരിപൂര്‍ണ്ണമായും സ്വീകരിക്കുന്നു. സാധാരണ മറ്റ് സമയങ്ങളില്‍ കഴിക്കുന്നതിനേക്കാള്‍ ഇതിന്റെ ഗുണം ഇരട്ടിയാക്കുന്നു. 

മൂന്ന്...

എല്ലുകളെ ശക്തിപ്പെടുത്തുന്ന ഭക്ഷണമെന്ന നിലയിലും മുട്ട രാവിലെ കഴിക്കുന്നതാണ് ഏറ്റവും ഉത്തമമെന്ന് ന്യൂട്രീഷ്യനിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. വര്‍ക്കൗട്ടുകള്‍ ചെയ്യുന്നവരാണെങ്കില്‍ പ്രത്യേകിച്ചും പ്രഭാതഭക്ഷണമായി മുട്ട തെരഞ്ഞെടുക്കാവുന്നതാണ്. മുട്ടയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- ഡി, ഫോസ്ഫറസ് എന്നിവയാണ് എല്ലുകള്‍ക്ക് ശക്തി പകരാന്‍ സഹായിക്കുന്നത്. 

നാല്...

നമുക്ക് ഊര്‍ജ്ജം പകര്‍ന്നുതരാന്‍ ഏറ്റവുമധികം കഴിവുള്ള ഒരു ഭക്ഷണമാണ് മുട്ട. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെയാണ് ഇത് ഊര്‍ജ്ജത്തെ നിദാനം ചെയ്യുന്നത്. അതിനാല്‍ 'ബ്രേക്ക്ഫാസ്റ്റ്' ആയി മുട്ട കഴിക്കുന്നതോടെ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലരായി ഇരിക്കാന്‍ ശരീരം സന്നദ്ധമാകുന്നു. 

അഞ്ച്...

മുട്ടയിലടങ്ങിയിരിക്കുന്ന കോളിന്‍, വിറ്റാമിന്‍- ബി, മോണോ- പോളി അണ്‍ സാച്വറേറ്റഡ് ഫാറ്റ്- എന്നിവയെല്ലാം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ നല്ലരീതിയില്‍ മെച്ചപ്പെടുത്തും. നാഡീവ്യവസ്ഥയെയും ഇവ നല്ലരീതിയില്‍ സ്വാധീനിക്കുന്നു. ഇതും മുട്ടയെ ഏറ്റവും നല്ല പ്രഭാതഭക്ഷണമായി കണക്കാക്കാന്‍ കാരണമാകുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios