Asianet News MalayalamAsianet News Malayalam

ദിവസവും പാവയ്ക്ക ജ്യൂസ് കുടിച്ചാലുള്ള ​ഗുണങ്ങൾ

ദിവസവും പാവയ്ക്ക ജ്യൂസ് കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. പാവയ്ക്കയിൽ ധാരാളം ഫോളിക്ക് ആസിഡ് അടങ്ങിയിട്ടുണ്ട്. കലോറിയും ഫാറ്റും വളരെ കുറവായതിനാൽ പാവയ്ക്ക തടി കുറയ്ക്കാൻ വളരെ നല്ലതാണ്. 

Health Benefits of Bitter Gourd Juice
Author
Trivandrum, First Published Nov 8, 2018, 6:28 PM IST

കയ്പ്പാണെന്ന്  വിചാരിച്ച് പാവയ്ക്ക ആരും കഴിക്കാതിരിക്കരുത്. ദിവസവും പാവയ്ക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് പാവയ്ക്ക. കാത്സ്യം, വിറ്റാമിൻ സി എന്നിവ പാവയ്ക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പാവയ്ക്കയുടെ കയ്പ്പ് മാറണമെങ്കിൽ പാവയ്ക്ക ജ്യൂസിൽ അൽപം തേനോ ശർക്കരയോ ചേർത്ത് കഴിക്കാം. തടി കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ദിവസവും പാവയ്ക്ക ജ്യൂസായി കുടിക്കുക. 

പാവയ്ക്കയിൽ ധാരാളം ഫോളിക്ക് ആസിഡ് അടങ്ങിയിട്ടുണ്ട്. പാവയ്ക്കയിൽ കലോറിയും ഫാറ്റും വളരെ കുറവാണ്. വെറും വയറ്റിൽ പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് ദഹനസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാനും രോ​ഗപ്രതിരോധശേഷി കൂട്ടാനും ഉത്തമമാണ്. തുടർച്ചയായി പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും. പാവയ്ക്ക ജ്യൂസ് സ്ഥിരമായി കുടിച്ചാലുള്ള മറ്റ് ​ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും...

 പ്രമേഹരോ​ഗികൾ ദിവസവും ഒരു ​ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിക്കുന്നത് ഏറെ നല്ലതാണ്. കാരണം, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പാവയ്ക്ക സഹായിക്കും. പ്രമേഹരോഗത്തെ നിയന്ത്രിക്കാൻ കഴിവുള്ള പി-ഇൻസുലിൻ എന്ന പ്രധാന ഘടകം പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്.

നല്ല കൊളസ്ട്രോൾ നിലനിർത്തും...

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ നിലനിർത്താൻ പാവയ്ക്ക സഹായിക്കുന്നു. അണുക്കളെ നശിപ്പിക്കാനുള്ള കഴിവ് പാവയ്ക്കയിലുണ്ട്. ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള അസുഖങ്ങൾ വരാതിരിക്കാൻ പാവയ്ക്ക കഴിക്കുന്നത് ​ഗുണം ചെയ്യും. 

മുടിയെ ആരോ​ഗ്യത്തോടെ സംരക്ഷിക്കും...

  മുടിയെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ ഏറ്റവും നല്ലതാണ് പാവയ്ക്ക. വിറ്റാമിൻ എ, വിറ്റാമിൻ സി, ആന്റിഒാക്സിഡന്റ് എന്നിവ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മുടി പൊട്ടാതെയും മുടി തഴച്ച് വളരാനും സഹായിക്കും.  ദിവസവും പാവയ്ക്കയുടെ നീരും നാരങ്ങ നീരും ചേർത്ത് 30 മിനിറ്റ് തലയിൽ മസാജ് ചെയ്യുന്നത് താരൻ, മുടികൊഴിച്ചിൽ, എന്നിവ മാറ്റാൻ ഉത്തമമാണ്. 

കരളിനെ സംരക്ഷിക്കും...

 കരളിനെ സംരക്ഷിക്കാൻ ഏറ്റവും നല്ലതാണ് പാവയ്ക്ക. ഫാറ്റി ലിവർ പ്രശ്നമുള്ളവർ ദിവസവും പാവയ്ക്ക വെറും വയറ്റിൽ കഴിക്കുകയോ ജ്യൂസായി കുടിക്കുകയോ ചെയ്യാം.

തടി കുറയ്ക്കും...

തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ ദിവസവും പാവയ്ക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാം. പാവയ്ക്കയിൽ കലോറി, കൊഴുപ്പ്, കാർബോഹൈഡ്രേറ്റുകൾ എന്നിവയുടെ അളവ് കുറവാണ്. ശരീരത്തിലെ കൊഴുപ്പ് അടങ്ങിയ സെല്ലുകൾ ഇല്ലാതാക്കാനുള്ള കഴിവ് പാവയ്ക്കയിലുണ്ട്.

പ്രതിരോധശേഷി വർധിപ്പിക്കും...

 പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് പാവയ്ക്ക. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനും ദഹനസംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാനും വളരെ നല്ലതാണ് പാവയ്ക്ക. 

കണ്ണിനെ സംരക്ഷിക്കും...

‌ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് കാഴ്ച്ചശക്തി വർധിപ്പിക്കാൻ പാവയ്ക്ക കഴിക്കുന്നത് വളരെ നല്ലതാണ്. പാവയ്ക്ക നീരും തേനും ചേർത്ത് കണ്ണിന് ചുറ്റും പുരട്ടിയാൽ കറുത്തപാട് മാറാൻ ​ഗുണം ചെയ്യും. 


 

Follow Us:
Download App:
  • android
  • ios