Asianet News MalayalamAsianet News Malayalam

ഹൃദയം പണിമുടക്കിയാല്‍; അല്‍പം ശ്രദ്ധിച്ചാല്‍ ജീവന്‍ രക്ഷിക്കാം

heart care treatment
Author
First Published Aug 18, 2017, 7:34 PM IST

സെപ്റ്റംബര്‍ 26- ലോക ഹൃദയദിനം

ഹൃദ്രോഗം മൂലമുള്ള മരണം കൂടി വരികയാണ്. ഇക്കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും തുടക്കത്തിലേ ചികില്‍സ തേടുകയും ചെയ്താല്‍ അപകടാവസ്ഥ ഒഴിവാക്കാനാകും. ഹൃദയാഘാതം ഉള്ളവര്‍ നേരത്തെ ചികിത്സതേടിയെത്താത്തതാണ് പലരേയും സങ്കീര്‍ണതയിലേക്ക് നയിക്കുന്നതെന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ സുനിത വിശ്വനാഥ് പറഞ്ഞു. നടുനെഞ്ചില്‍ വേദന, കഴപ്പ്, ഭാരം, മുറുക്കം എന്നിവയാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇടതു കൈ, തോള്, കഴുത്ത്, താടിയെല്ല് എന്നിവയിലേക്കും വേദന വ്യാപിക്കാം. ചിലപ്പോള്‍ വെറുമൊരു തളര്‍ച്ച മാത്രമായിരിക്കാം അനുഭവപ്പെടുക. ക്രമാതീതമായ വിയര്‍പ്പും നെഞ്ചിടിപ്പും ഉണ്ടാകാം. പ്രായമായ ആള്‍ക്കാര്‍, പ്രമേഹമുള്ളവര്‍ എന്നിവര്‍ ഉള്‍പ്പെടെ ചിലര്‍ക്ക് ചിലപ്പോള്‍ വേദന ഉണ്ടാകണമെന്നില്ല. മുകളില്‍ പറഞ്ഞ ലക്ഷണങ്ങളോടൊപ്പം പതിവില്ലാത്ത ക്ഷീണം, ശ്വാസംമുട്ടല്‍ എന്നിവ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ ഇ.സി.ജി. സംവിധാനമുള്ള തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തേണ്ടതാണ്. ഹൃദയാഘാതം സ്ഥിരീകരിച്ചാല്‍ കാത്ത് ലാബും ഐ.സി.യു. സംവിധാനവുമുള്ള ആശുപത്രിയില്‍ എത്രയും വേഗം എത്തേണ്ടതാണ്.

ഹൃദയാഘാതം സംഭവിച്ച് ആറു മണിക്കൂറിനുള്ളില്‍ തന്നെ അടഞ്ഞ രക്തക്കുഴല്‍ തുറന്ന് രക്തചംക്രമണം പുന:സ്ഥാപിക്കുന്നതാണ് രോഗിക്ക് ഏറ്റവും ഉചിതം. എങ്കില്‍ മാത്രമേ മരണ നിരക്ക് പരമാവധി കുറയ്ക്കാന്‍ സാധിക്കുകയുള്ളു. ഹൃദയാഘാതം സംഭവിച്ച് ആദ്യത്തെ ഒരു മണിക്കൂറായ സുവര്‍ണ മണിക്കൂറിനുള്ളില്‍ (ഗോള്‍ഡന്‍ അവര്‍) ചികിത്സ നേടാനായാല്‍ മരണനിരക്ക് 50 ശതമാനം വരെ കുറയ്ക്കാനാകും. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദയാഘാതത്തിന് എമര്‍ജന്‍സി ആന്‍ജിയോപ്ലാസ്റ്റി ചെയ്തവരുടെ മരണ നിരക്ക് 5 ശതമാനം മാത്രമായിരുന്നു. ക്ലോട്ട് അലിയിക്കുന്ന ചികിത്സ ലഭിച്ചവരുടെ മരണ നിരക്ക് 10 ശതമാനവുമായിരുന്നു. ഇത് പാശ്ചാത്യ നാടുകളിലെ നിരക്കിന് സമാനമാണ്.

ഹൃദയത്തിന് ശുദ്ധരക്തം നല്‍കുന്ന കോറോണറി ധമനികള്‍ പെട്ടെന്ന് അടഞ്ഞ് പോകുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാക്കുന്നത്. കൊറോണറി ധമനികളിലൂടെ പ്രത്യേകതരം വയര്‍ കടത്തിവിട്ട് ബ്ലോക്കുള്ള ഭാഗം ബലൂണുപയോഗിച്ച് വികസിപ്പിച്ച് സ്റ്റെന്റ് ഘടിപ്പിക്കുന്ന പ്രകൃയയാണ് ആന്‍ജിയോപ്ലാസ്റ്റി. അതിസങ്കീര്‍ണമായ ബ്ലോക്കുകള്‍ മൂന്ന് രക്തക്കുഴലുകളിലുമുള്ളപ്പോഴാണ് സാധാരണ ബൈപാസ് സര്‍ജറി നടത്തുന്നത്.

പാവപ്പെട്ട രോഗികള്‍ക്കായി കേരള സര്‍ക്കാരിന്റെ ആര്‍.എസ്.ബി.വൈ., ചിസ് പ്ലസ്, സീനിയര്‍ ചിസ് പ്ലസ്, കാരുണ്യ തുടങ്ങിയ ചികിത്സാ പദ്ധതികള്‍ ഉള്ളതു കൊണ്ടാണ് ഇത്രയേറെ രോഗികള്‍ക്ക് ചികിത്സാ സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ സാധിക്കുന്നത്.

Follow Us:
Download App:
  • android
  • ios