Asianet News MalayalamAsianet News Malayalam

സൗഹൃദത്തി​ന്‍റെ സ്​നേഹപടർപ്പിൽ നിന്ന്​ ഗുപ്​ത റാഫിക്ക്​ പകുത്ത്​ നൽകിയത്​ ജീവിതം തന്നെ

Kidney donation token of rare friendship
Author
First Published Sep 14, 2017, 5:18 PM IST

കൂടെപിറപ്പുകൾ അറച്ചുനിന്നപ്പോൾ സ്​നേഹച്ചരടിൽ കോർത്ത സൗഹൃദത്തിൽ നിന്ന്​ മൻസൂർ റാഫിക്ക്​ വിപിൻ കുമാർ ഗുപ്​ത പകുത്തുനൽകിയത്​ സ്വന്തം ജീവൻ തന്നെയാണ്​. മതത്തി​ന്‍റെയും ജാതിയുടെയും പേരിൽ ആയുധമെടുക്കുന്ന രാജ്യത്ത്​ ഇത്തരം ആശ്വാസ തുരുത്തുകൾ ഉണ്ടെന്ന്​ അറിയുക. ജീവിച്ചിരിക്കുന്നവർക്ക്​ അവയവദാനം നടത്താവുന്നത്​ രക്​തബന്ധത്തിലുള്ളവർക്ക്​ മാത്രം എന്ന്​ നിയമമുള്ള രാജ്യത്താണ്​ ബന്ധങ്ങളുടെ വേലിക്കെട്ടുകൾ നീക്കി ഗുപ്​ത​ ത​ന്‍റെ വൃക്ക ആത്മസുഹൃത്ത്​ റാഫിക്ക്​ സമ്മാനമായി നൽകിയത്​. 

ഡൽഹി വി.പി.എസ്​ റോക്ക്​ലാന്‍റ് ആശുപത്രിയിലെ നെഫ്രോളജി സീനിയർ കൺസൽട്ടന്‍റ്​ ഡോ. വിക്രം കർല ഈ അനുഭവകഥ പങ്കുവെക്കുന്നത്​ വികാരഭാരത്തോടെയാണ്​. കഴിഞ്ഞ വർഷം മേയിൽ ബറേയ്​ലിയിലെ മൻസൂർ റാഫിയെന്ന 45 കാരൻ ഡ്രൈവർ ആദ്യമായി ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഒ.പി ഡിപ്പാർടുമെന്‍റില്‍ എത്തു​മ്പോള്‍ കൈയിൽ രണ്ട്​ ഫയലുകൾ സൂക്ഷിച്ചിരുന്നുവെന്ന്​ ഡോക്​ടർ ഓര്‍‌ക്കുന്നു. ഒന്നിൽ ത​ന്‍റെ മെഡിക്കൽ റിപ്പോർട്ടുകളും മറ്റൊന്നിൽ ഒരുകൂട്ടം ഫോ​ട്ടോകളുമായിരുന്നു. ഡയലാസിസ്​ നടത്തികൊണ്ടിരിക്കുന്ന മൻസൂർ മെഡിക്കലി ഫിറ്റ്​ ആയിരുന്നു. എന്നിരുന്നാലും അടിയന്തിരമായി വൃക്ക മാറ്റിവെക്കണമെന്ന്​ ഡോക്​ടർ നിർദേശിച്ചു. 

രക്​തബന്ധത്തിൽ നിന്ന്​ ആരെങ്കിലും വൃക്ക ദാനം ചെയ്യാൻ തയ്യാറാകുമോ എന്നായി ഡോക്​ടർ. ത​ന്‍റെ സഹോദരങ്ങൾ അതിന്​ തയാറല്ലെന്നും ഭാര്യയുടെ രക്​തഗ്രൂപ്പ്​ വേറെയാണെന്നുമായിരുന്നു റാഫിയുടെ മറുപടി. അവിടെ രക്​തബന്ധത്തിനും അപ്പുറത്തുള്ള സൗഹൃദത്തി​ന്‍റെ ഫയൽ റാഫി ​ഡോക്​ടർക്ക്​ മുന്നിൽ നിവർത്തി. തീർത്തും സൗജ്യമായി വൃക്കദാനം ചെയ്യാൻ സന്നദ്ധനായ ഒരു സുഹൃത്ത്​ തനിക്കുണ്ടെന്ന്​ റാഫി പറഞ്ഞു. 

എന്നാൽ ഇത്തരം ഒരു ദാതാവിൽ നിന്ന്​ വൃക്ക സ്വീകരിക്കൽ അസാധ്യമാണെന്നായിരുന്നു ഡോക്​ടറുടെ മറുപടി. എന്നിരുന്നാലും  രോഗബാധക്ക്​ മുമ്പ്​ മുതൽ ഇരുവർക്കുമിടയിൽ തുടർന്നുവരുന്ന ദീർഘകാലത്തെ വൈകാരിക ബന്ധം തെളിയിച്ചാൽ ചെറിയ സാധ്യതയുണ്ടെന്ന്​ ഡോക്​ടർ പറഞ്ഞു. റാഫി ഫയലിൽ നിന്ന്​ 12 വർഷം പഴക്കമുള്ള ഫോ​ട്ടോ എടുത്ത്​ ഡോക്​ടറെ കാണിച്ചു. റാഫിയും സുഹൃത്തായ 44 കാരൻ വിപിൻഗുപ്​തയും കുടുംബസമേതം ഒന്നിച്ച്​ അജ്​മീറിലെ ഖാജ മൊയ്​നുദ്ധീൻ ചിഷ്​തിയുടെ ദർഗ സന്ദർശിച്ച ഫോട്ടോ ആയിരുന്നു അത്​. തിരിച്ചുവരു​മ്പോള്‍ ബാലാജി ക്ഷേത്രവും തങ്ങൾ ഒന്നിച്ച്​ സന്ദർശിച്ചതായി റാഫി പറഞ്ഞു. 

തങ്ങളുടെ ബന്ധത്തിന്​ സാക്ഷികളായ അയൽവാസികളുടെ ഫോ​ട്ടോയും റാഫി കാണിച്ചു. റാഫിയുടെ പ്രശ്​നം ഡോക്​ടർ അവയവദാനത്തിന്​ അനുമതി നൽകുന്ന സ്​റ്റേറ്റ്​ ഓത​റൈസേഷൻ കമ്മിറ്റിയുടെ പരിഗണനക്കായി വിട്ടു. ദാതാവ്​ തയാറെങ്കിൽ അവയവദാനത്തിനായി സാമ്പത്തിക ഇടപാടുകൾ അടക്കം നടന്നിട്ടുണ്ടോ എന്നത്​ ഉൾപ്പെടെയുള്ള കാര്യങ്ങളാണ്​ കമ്മിറ്റി പരിശോധിക്കുക. ഒരു വർഷത്തിനിടെ റാഫിയുടെയും ഗുപ്​തയുടെയും അപേക്ഷ കമ്മിറ്റി മൂന്ന്​ തവണ നിരസിച്ചു. എന്നാൽ കഴിഞ്ഞ മേയിൽ അന്തിമ അനുമതി വന്നതോടെ റാഫിക്ക്​ ഈ മാസം ആദ്യം പുതിയ വൃക്ക ലഭിച്ചു. രക്​തബന്ധത്തിന്​ പുറമെ ആത്​മസൗഹൃദത്തി​ന്‍റെ ബലത്തിൽ കമ്മിറ്റി അംഗീകാരം നൽകുന്ന അപൂർവ അവയവദാനമായി റാഫിയുടെതും ഗുപ്​തയുടെതും മാറിയെന്ന്​ ഡോക്​ടർ പറയുന്നു.

ദാതാവും സ്വീകർത്താവും ഏറെക്കുറെ ഒരേ വരുമാനക്കാരായ ഡൈവ്രർമാർ തന്നെ. റാഫി കഷ്​ടിച്ചാണ്​ ചികിത്സാ ചെലവുകൾ വഹിക്കുന്നത്​. തികച്ചും കൃത്രിമം ഇല്ലാത്തതും പണമിടപാട്​ നടക്കാത്തതുമായ അവയവദാനമാണ്​ നടന്നതെന്ന്​ ശസ്​ത്രക്രിയ നടത്തിയ ഡോ. അംബർ കൈറയും പറയുന്നു. ജീവിച്ചിരിക്കുന്നവരിൽ രക്​തബന്ധമുള്ളവരിൽ നി​ന്നോ ഭാര്യയിൽ നിന്നോ മാത്രമേ നിയമപ്രകാരം അവയവം സ്വീകരിക്കാൻ കഴിയൂവെന്നാണ്​ നിയമം. 

അടുത്ത ബന്ധുക്കൾ ആണെങ്കിൽ പോലും സ്​നേഹബന്ധവും സാഹചര്യവും തെളിയിക്കണം. ഈ സാഹചര്യത്തിലാണ്​ ഇതിലൊന്നും വരാത്ത ഗുപ്​ത സ്​നേഹബന്ധത്തിന്‍റെ പടർപ്പിലൂടെ റാഫിയുടെ ശരീര​ത്തോട്​ ചേരുന്നത്​. ബന്ധത്തി​ന്‍റെ ആഴവും പരപ്പും ഗുപ്​ത തന്നെ വിശദീകരിക്കുന്നുണ്ട്​. റാഫി ത​ന്‍റെ ഗുരുവാണ്​. 2001ൽ താൻ അച്​ഛ​ന്‍റെ മിഠായി കടയിൽ ജോലി ​നോക്കുന്ന സമയത്ത്​ റാഫി അവിടെ സന്ദർശിച്ചു. തന്നെ ഡ്രൈവിങ്​ പഠിപ്പിക്കാൻ ഗുപ്​ത റാഫിയോട്​ ആവശ്യപ്പെട്ടു. നാല്​ മാസം റാഫി പരിശീലനം നൽകി. ഇന്ന്​ താൻ എന്‍റെ കുടുംബം പുലർത്തുന്നുവെങ്കിൽ അതിന്​ കാരണം റാഫിയാണെന്ന്​ ഗുപ്​ത പറയുന്നു. ഇതൊരു സൂചന മാത്രമാണെന്നും അദ്ദേഹം പറയുന്നു. 

വൃക്ക ദാനത്തിന്​ മുന്നിൽ തനിക്ക്​ മുന്നിലുള്ള ആദ്യ പ്രതിബന്ധം താൻ മാനസികമായി ഒരുക്കമാണെന്ന്​ തെളിയിക്കലായിരുന്നു. ഇതിനായി ബറേയ്​ലിയിലെ ആശുപത്രിയിൽ 15 ദിവസം അഡ്​മിറ്റാക്കി.  രണ്ട്​ മാസത്തെ സന്ദർശനത്തിന്​ ശേഷം ആശുപത്രി താൻ ഫിറ്റ്​ ആണെന്ന്​ സർട്ടിഫിക്കറ്റ്​ തന്നുവെന്ന്​ ഗുപ്​ത ഓര്‍ക്കുന്നു. ഗുപ്​തയും റാഫിയും ഒന്നിച്ച്​ ആറ്​ മാസത്തോളം ഒന്നിച്ച്​ ആശുപത്രിയിലും എസ്​.ഡി.എം ഓഫീസിലും കയറിയിറങ്ങി. ഓരോ തവണ എസ്​.ഡി.എം ഓഫീസിൽ രേഖകളുമായി ചെല്ലു​മ്പോള്‍ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നുവെന്ന്​ റാഫി പറയുന്നു. 

ഓരോ സമയത്തും കമ്മിറ്റി രേഖകൾ നിരസിച്ചു. ഇവരുടെ വീടുകളിലെത്തിയുള്ള പരിശോധന വൈകിപ്പിച്ചു. പരിശോധനക്ക്​ വരുമെന്ന്​ പ്രതീക്ഷിച്ച്​ ഗുപ്​ത പല ദിവസങ്ങളിലും ജോലി ഉപേക്ഷിച്ച്​ വീട്ടിൽ ഇരുന്നു. ഇതിനെല്ലാം ശേഷമാണ്​ അന്തിമ അനുമതി ലഭിച്ചതെന്ന്​ റാഫി പറയുന്നു. കഴിഞ്ഞ ആഴ്​ച റാഫി ആശുപത്രി വാസം കഴിഞ്ഞ്​ വീട്ടിലെത്തി. 

ഗുപ്​ത തനിക്ക്​ പുതിയ ജീവിതം നൽകിയെന്ന്​ റാഫി പറയുന്നു. എന്നാൽ താൻ അതിന്​ ബാധ്യതപ്പെട്ടവനെന്നാണ്​ ഗുപ്​ത പറയുന്നത്​. ഏഴ്​ വർഷം മുമ്പ്​ മകളുടെ പ്രസവ സമയത്ത്​ ഭാര്യക്കുണ്ടായ പ്രശ്​നങ്ങൾ ഗുപ്​ത എടുത്തുദ്ദരിക്കുന്നു. ചികിത്സക്ക്​ പണമില്ലാതിരുന്ന തനിക്ക്​ താങ്ങും തണലുമായി നിന്നത്​ റാഫിയായിരുന്നു. അതിനുള്ള ചെറിയ ഉപഹാരമാണ്​ വൃക്കദാനമെന്നും ഗുപ്​ത പറഞ്ഞുനിർത്തി.

Follow Us:
Download App:
  • android
  • ios