Asianet News MalayalamAsianet News Malayalam

സ്വന്തം വിവാഹം സൗദിയിലിരുന്ന് തല്‍സമയം കണ്ട് മലയാളി യുവാവ്!

man watching his marriage through online live from saudi
Author
First Published Dec 2, 2016, 7:12 AM IST

കൊല്ലം ജില്ലയിലെ വെളിയം സ്വദേശിയായ ഹാരിസ് ഖാന്‍ എന്ന യുവാവിന്റെ വിവാഹം ഇന്നലെയായിരുന്നു. ആലപ്പുഴ ജില്ലയിലെ താമരക്കുളത്തായിരുന്നു ഹാരിസിന്റെ വിവാഹം നടന്നത്. എന്നാല്‍ ഈ സമയത്ത് വരനായ ഹാരിസ് സൗദിയിലായിരുന്നുവെന്ന് മാത്രം. സൗദിയിലെ സ്വദേശിവല്‍ക്കരണമാണ് ഹാരിസിനെ വിവാഹത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് തടഞ്ഞത്. നാട്ടില്‍ തന്റെ പ്രിയതമയ്‌ക്ക് സഹോദരി, മിന്നുകെട്ടുന്നത്, ഓണ്‍ലൈനില്‍ തല്‍സമയം കാണാന്‍ മാത്രമെ ഹാരിസിന് സാധിച്ചുള്ളു.

നേരത്തെ പറഞ്ഞുറപ്പിച്ച വിവാഹത്തിനായി ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടിലെത്താനായി ഹാരിസ് തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ സൗദിയിലെ സ്വകാര്യകമ്പനിയില്‍ മാര്‍ക്കറ്റിങ് മാനേജരായിരുന്ന ഹാരിസിന്റെ യാത്ര, നിതാഖാത് മൂലമുള്ള പ്രശ്‌നങ്ങള്‍ കാരണം മുടങ്ങുകയായിരുന്നു. മക്ക കിങ് ഫഹദ് ആശുപത്രിയിലെ നഴ്‌സായ ഷംലയുമായുള്ള വിവാഹം ഡിസംബര്‍ ഒന്നിന് താമരക്കുളത്ത് വെച്ചാണ് നിശ്ചയിച്ചത്. എന്നാല്‍ ഹാരിസിന്റെ യാത്ര മുടങ്ങിയതോടെ സഹോദരി, നജിത ഷംലയ്ക്ക് മിന്നുകെട്ടുകയായിരുന്നു. സുഹൃത്തുക്കള്‍ ഒരുക്കിയ ഓണ്‍ലൈന്‍ ലൈവിലൂടെ ഹാരിസ് റിയാദില്‍ ഇരുന്ന് ഈ രംഗത്തിന് സാക്ഷിയായി.

ബുധനാഴ്‌ച രാത്രിവരെ, നാട്ടിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു ഹാരിസ്. കമ്പനി അധികൃതരുടെ ഭാഗത്തുനിന്നും അതിനുവേണ്ടിയുള്ള ശ്രമങ്ങളുണ്ടായി. കമ്പനിയിലെ മൂന്നു സൗദി സ്വദേശികള്‍ പെട്ടെന്ന് ജോലി വിട്ടുപോയതോടെയാണ് കമ്പനി പ്രതിസന്ധിയിലായത്. നവംബര്‍ 15ന് നാട്ടില്‍ വരാന്‍ വേണ്ടിയായിരുന്നു ഹാരിസ് ആദ്യം ലീവെടുത്തിരുന്നത്. റി എന്‍ട്രിക്കായി റിയാദില്‍ എത്തിയപ്പോഴാണ് നിതാഖാത്ത് പ്രശ്‌നം കമ്പനിയെ ബാധിച്ചതായി അറിയുന്നത്. തുടര്‍ന്ന് നാട്ടിലെത്താന്‍ എല്ലാ സാധ്യതയും കമ്പനി അധികൃതര്‍ തേടി. എക്‌സിറ്റില്‍ നാട്ടിലേക്ക് പോകാനും ശ്രമിച്ചെങ്കിലും അത് വിജയം കണ്ടില്ല. ഇതോടെയാണ് സ്വന്തം വിവാഹം റിയാദിലിരുന്ന് കാണേണ്ടിവരുമെന്ന യാഥാര്‍ത്ഥ്യം ഹാരിസ് ഉള്‍ക്കൊള്ളുന്നത്.

ഹാരിസിന് എത്താനാകില്ലെന്ന് അറിഞ്ഞതോടെയാണ് വരന്റെയും വധുവിന്റെയും വീട്ടുകാര്‍ കൂടിയാലോചിച്ച് വിവാഹം മുന്‍നിശ്ചയപ്രകാരം നടത്താന്‍ തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് നിക്കാഹ് മാറ്റിവെച്ചുകൊണ്ടു ആഘോഷത്തോടെയും സദ്യവട്ടങ്ങളോടെയും വിവാഹം കെങ്കേമമായി നടത്തി. ഇനി എത്രയുംപെട്ടെന്ന് നാട്ടിലെത്തി, നിക്കാഹും വിവാഹസല്‍ക്കാരവും നടത്താമെന്ന പ്രതീക്ഷയിലാണ് താനെന്ന് ഹാരിസ് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവിയോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios