Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നവീകരിച്ച അത്യാഹിത വിഭാഗം ആറുമാസത്തിനകം

new casuality in tvm medical college
Author
First Published Aug 23, 2017, 10:19 PM IST

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ എയിംസ് മാതൃകയില്‍ അത്യാധുനിക സംവിധാനത്തോടെയുള്ള പുതിയ ട്രോമ കെയര്‍ സംവിധാനം ആറ് മാസത്തിനകം പ്രവര്‍ത്തനസജ്ജമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മെഡിക്കല്‍ കോളേജിലെ പുതിയ അത്യാഹിതവിഭാഗത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ട്രോമ കെയര്‍ സവിധാനങ്ങളും എയിംസ് സംഘത്തോടൊപ്പം വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ ട്രോമ കെയര്‍, എമര്‍ജൻസി മെഡിസിന്‍ വിഭാഗങ്ങൾ ആറുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇതിനായി എല്ലാ സഹകരണവും നല്‍കുമെന്ന് എയിംസ് സംഘം ഉറപ്പു നല്‍കി.

എയിംസ് മാതൃകയില്‍ അത്യാഹിത സംവിധാനം

മെഡിക്കല്‍ കോളേജിന്റെ പ്രവേശന കവാടത്തിന് സമീപം പ്രധാന റോഡിനോട് ചേര്‍ന്നാണ് പുതിയ അത്യാഹിത വിഭാഗം സജ്ജമാക്കുന്നത്. ഇതിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. രണ്ട് നിലകളിലായാണ് ഈ സംവിധാനം ഒരുക്കുന്നത്. ഒന്നാം നിലയും രണ്ടാം നിലയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി ലിഫ്റ്റ്, റാമ്പ് സൗകര്യങ്ങള്‍ ഒരുക്കും.

 എക്‌സ്‌റേ, അള്‍ട്രാ സൗണ്ട് സ്‌കാന്‍, സി.ടി. സ്‌കാന്‍, എം.ആര്‍.ഐ. സ്‌കാന്‍ തുടങ്ങിയ അടിയന്തിര പരിശോധനകളെല്ലാംതന്നെ ഈ ബ്ലോക്കിലെ തറനിരപ്പിന് താഴെ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. തറനിരപ്പില്‍ റിസപ്ഷന്‍, ട്രയേജ്, വിവിധ അത്യാഹിത വിഭാഗങ്ങള്‍, സര്‍ജിക്കല്‍ ഐ.സി.യു, മെഡിക്കല്‍ ഐ.സി.യു., ഓപ്പറേഷന്‍ തീയറ്ററുകള്‍, പ്രീ ഓപ്പറേഷന്‍-പോസ്റ്റ് ഓപ്പറേഷന്‍ മുറികള്‍, 80 കിടക്കകളുള്ള ഒബ്‌സര്‍വേഷന്‍ റൂം എന്നിവയാണ് സജ്ജമാക്കുന്നത്.

ട്രോമ കെയറിന് വളരെയേറെ പ്രാധാന്യം നല്‍കിയാണ് പുതിയ അത്യാഹിത വിഭാഗം ഒരുക്കുന്നത്. നിലവിലെ 3 ഓപ്പറേഷന്‍ തീയറ്ററുകള്‍ക്ക് പകരം പുതിയ അത്യാഹിത വിഭാഗത്തില്‍ 8 ഓപ്പറേഷന്‍ തീയറ്ററുകള്‍ ഉണ്ടാകും. വിവിധ സെപ്ഷ്യാലിറ്റികളായ സര്‍ജറി, ന്യൂറോ സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് എന്നിവയ്ക്കും സെപ്റ്റിക് ഓപ്പറേഷന്‍ തീയറ്റര്‍, സര്‍ജറി പ്രൊസീജിയര്‍ റൂം, ഓര്‍ത്തോ പ്രൊസീജിയര്‍ റൂം എന്നിങ്ങനെയാണ് ഓപ്പറേഷന്‍ തീയറ്ററുകള്‍ ക്രമീരിച്ചിരിക്കുന്നത്.

പുതിയ അത്യാഹിത വിഭാഗത്തിലേക്ക് വരുന്ന വാഹനങ്ങള്‍ വണ്‍വേയായി നിലവിലെ അത്യാഹിത വിഭാഗം വഴിയുള്ള സമാന്തര റോഡ് വഴി പുറത്ത് പോകാവുന്നതാണ്. ആംബുലന്‍സുകളും മറ്റ് അത്യാവശ്യ വാഹനങ്ങളും പാര്‍ക്കു ചെയ്യുന്നതിനായി നിലവിലെ അത്യാഹിത വിഭാഗത്തിന് സമീപമായി പാര്‍ക്കിംഗ് സൗകര്യവും ഒരുക്കുന്നതാണ്.

പ്രതിദിനം ആയിരത്തിലധികം രോഗികള്‍ എത്തുന്ന സ്ഥലമാണ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം. പുതിയ സംവിധാനം വരുന്നതോടെ ചികിത്സതേടിയെത്തുന്നവര്‍ക്ക് മികച്ച സൗകര്യമൊരുക്കാന്‍ കഴിയും.

ട്രോമാ കെയര്‍ സംവിധാനം ഒരുക്കുന്നതിന്‍റെ ഭാഗമായാണ് എയിംസില്‍ നിന്നുളള വിദഗ്ധ സംഘം സന്ദര്‍ശനം നടത്തിയത്. അടിയന്തര ചികില്‍സ നല്‍കുന്നതിനൊപ്പം അപകടങ്ങളില്‍പെട്ടെത്തുന്നവരുടെ അംഗവൈകല്യങ്ങളുടെ നിരക്ക് കുറയ്ക്കാനുള്ള പദ്ധതികളും ഉണ്ട്. 35 ആശുപത്രികളെ തമ്മില്‍ ബന്ധിപ്പിച്ചുള്ള ട്രോമാകെയര്‍ സംവിധാനം രണ്ട് വർഷത്തിനുള്ളില്‍ പൂര്‍ണ സജ്ജമാക്കാനാണ് സര്‍ക്കാര്‍ നീക്കം. റോഡപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ മികച്ച ട്രോമകെയര്‍ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. രണ്ട് കൊല്ലത്തിനുള്ളില്‍ ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ളവ ഉള്‍ക്കൊള്ളിച്ച് മികച്ച ട്രോമ കെയര്‍ സംവിധാനം കേരളത്തിലെ ആശുപത്രികളില്‍ സജ്ജമാക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് പുറമേ ആലപ്പുഴ, എറണാകുളം, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രികളിലും ആദ്യഘട്ടത്തില്‍ ട്രോമ കെയര്‍ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സി. ഡയറക്ടറും ട്രോമ കെയര്‍ നോഡല്‍ ഓഫീസറുമായ ഡോ. മുഹമ്മദ് അഷീല്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, എയിംസിലെ എമര്‍ജന്‍സി മെഡിസിന്‍ പ്രൊഫസര്‍ ഡോ. സഞ്ജീവ് ബോയ്, അസോ. പ്രൊഫസര്‍ ഡോ. തേജ് പ്രകാശ് സിന്‍ഹ, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. സന്തോഷ് കുമാര്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.

Follow Us:
Download App:
  • android
  • ios