Asianet News MalayalamAsianet News Malayalam

ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക; ഡയബറ്റിക്​ ന്യൂറോപ്പതിയാകാം

Symptoms of Diabetic neuropathy
Author
First Published Feb 3, 2018, 6:25 PM IST

ചൂടും തണുപ്പും സ്​പർശനവുമെല്ലാം എങ്ങനെയാണ്​ നമുക്ക്​ അനുഭവേദ്യമാകുന്നതെന്ന്​ ചിന്തിച്ചിട്ടുണ്ടോ? ഇൗ ശാരീരിക അനുഭവങ്ങൾ ഇലക്​ട്രിക്​ സ​ന്ദേശങ്ങളായി ശരീരത്തിലെ നാഡീവ്യൂഹത്തിലൂടെ സഞ്ചരിച്ച്​ തലച്ചോറിലെത്തി സംവദിക്കുമ്പോഴാണ്​ അവ തിരിച്ചറിയുന്നത്​. തലച്ചോറിൽ നിന്ന്​ തിരികെ സന്ദേശങ്ങൾ നമ്മുടെ ഇന്ദ്രിയ​ങ്ങളിലേക്ക്​ തിരികെയും ലഭിക്കുന്നു. ഇൗ പ്രക്രിയ ആയുഷ്​ക്കാലം മുഴുവൻ ഇടതടവില്ലാതെ നടക്കുന്നു.

ജീവിത ശൈലീ രോഗങ്ങളിൽ ഏറ്റവും കൂടുതൽ പേരെ പിടികൂടുന്നതാണ്​ പ്രമേഹം. നമ്മുടെ ശരീരത്തിലെ സന്ദേശപ്രവാഹത്തെ ബാധിക്കുന്ന തരത്തിൽ പ്രമേഹം നിയ​ന്ത്രണ രഹിതമായി മാറാറുണ്ട്​. നാഡീവ്യവസ്​ഥയെ ബാധിക്കുന്ന ഇൗ അവസ്​ഥയാണ്​ ഡയബറ്റിക്​ ന്യൂറോപ്പതി. പഞ്ചസാരയുടെ അളവ്​ ശരീരത്തിൽ നിയന്ത്രിക്കപ്പെടാതെ കൂടുതൽ കാലം തുടരു​മ്പോഴാണ്​ നാഡീവ്യൂഹത്തെ ബാധിക്കുന്നത്​. 50 ശതമാനം പ്രമേഹരോഗികളും 25വർഷത്തിനകം വേദനയോട്​കൂടിയ ഡയബറ്റിക്​ ന്യൂറോപ്പതിക്ക്​ വിധേയരാകുന്നുവെന്നാണ്​ കണക്കുകൾ. 

പ്രധാനമായും കാലിലെ ഞരമ്പുകളെയാണ്​ ഇത്​ ബാധിക്കുന്നത്​. മറ്റ്​ ഭാഗങ്ങളെയും ബാധിക്കാം. പാദങ്ങളിലെ ഞരമ്പുകളിൽ പ്രമേഹമുണ്ടാക്കുന്ന പ്രശ്​നം പെരിഫറൽ ഡയബറ്റിക്​ ന്യൂറോപ്പതി എന്ന്​ അറിയപ്പെടുന്നു. പഞ്ചസാരയുടെ അളവ്​ ക്രമീകരിക്കാതെ തുടരുന്നതാണ്​ ഇതിനുള്ള കാരണം. 
ഒ​ട്ടേറെ പേരുടെ ഉറക്കം കെടുത്തുന്ന ഇൗ രോഗവാസ്​ഥയുടെ ചില ലക്ഷണങ്ങൾ ഇതാ: 

1. കാലുകളിലെ അസഹ്യമായ വേദന
2. കാലിൽ ഉൾപ്പെടെ ശരീര ഭാഗങ്ങളിൽ മരവിപ്പ്​
3. പേശികളിലുണ്ടാകുന്ന വലിവും ബലഹീനതയും
4. സ്​പർശനത്തോട്​ അമിതമായ ബലഹീനത    
5. ചൂടും, തണുപ്പും പോലുള്ള അവസ്​ഥ തിരിച്ചറിയാതിരിക്കുക
6. ശരീരത്തിന്‍റെ നിയന്ത്രണം നഷ്​ടപ്പെടുക    

പെരിഫറൽ ന്യൂറോപ്പതി കൂടാതെ കാലുകളിൽ തുടർച്ചയായി വേദന അനുഭവപ്പെടുന്ന അവസ്​ഥയാണ്​ ക്രോണിക്​ ഡയബറ്റിക്​ ന്യൂറോപ്പതി. രാത്രിയിൽ വേദന ക്രമാതീതമായി കൂടുന്നു. ഇത് ചിലർക്ക് ഉറക്കം കെടുത്തുന്നതും ദൈനംദിന പ്രവൃത്തികളെ ബാധിക്കുന്ന തരത്തിൽ അസഹനീയവുമായി മാറാറുണ്ട്​. ചിലർക്ക്​ നാഡീ സംവേദനമില്ലായ്​മ കാരണം കാലുകളിലുണ്ടാകുന്ന മുറിവുകളും മറ്റും തിരിച്ചറിയാനാകാതെ വരുന്നു. ഇൗ അവസ്​ഥ മൂർഛിക്കു​മ്പോള്‍ ഫൂട്​ അൾസറിനും കാൽമുറിച്ചുമാറ്റുന്നതിനും വരെ കാരണമാകുന്നു. 

ഇത്തരം രോഗസാധ്യതയുള്ളവർ ശ്രദ്ധിക്കുക. കാലുകളിൽ മുറിവ്​, വിള്ളൽ, നിറംമാറ്റം, അണുബാധ തുടങ്ങിയവ സ്​ഥിരമായി പരിശോധിക്കുക, പാദരക്ഷയില്ലാതെ നടക്കരുത്​, കൃത്യമായ അളവിലുള്ള പാദരക്ഷകൾ ഉപയോഗിക്കുക, പാദരക്ഷകൾക്കൊപ്പം സോക്​സ്​ കൂടി ഉപയോഗിക്കുന്നത്​ ഉത്തമമാണ്​, മഞ്ഞുകാലത്ത്​ തണുപ്പിൽ നിന്ന്​ സംരക്ഷണത്തിന്​ ഉതകുന്ന പാദരക്ഷ ധരിക്കുക, കാൽ നഖങ്ങൾ മുറിക്കുമ്പോള്‍ മുറിവ്​ വരാതിരിക്കാൻ ശ്രദ്ധിക്കുക.

രോഗം വന്നാൽ മികച്ച ഡോക്​ടറെ കണ്ട്​ ചികിത്സ തേടിയില്ലെങ്കിൽ അപകടമാണ്​. സ്വന്തം നിലക്ക്​ വേദന സംഹാരികൾ കഴിക്കുന്നത്​ ഡയബറ്റിക്​ ന്യൂറോപ്പതി തടയാൻ പര്യാപ്​തമല്ല. സ്വയം ചികിത്സ പാർശ്വഫലങ്ങൾ ക്ഷണിച്ചുവരുത്തുകയും ചെയ്യും. ഡോക്​ടറെ കണ്ട്​ നേരെത്ത ചികിത്സ തുടങ്ങുന്നതിലൂടെ വേദന രഹിതമായ ജീവിതത്തിന്​ സഹായകമാണ്​. 
 


 

Follow Us:
Download App:
  • android
  • ios