Asianet News MalayalamAsianet News Malayalam

കാസര്‍കോട്ടെ സ്‌കൂളില്‍ കുട്ടികള്‍ക്ക് കൂട്ടമായി എച്ച് 1 എന്‍ 1; നിങ്ങള്‍ അറിയേണ്ടത്...

കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലും എച്ച് 1 എന്‍ 1 കേസുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എറണാകുളം ജില്ലയിലായിരുന്നു ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ എല്ലാ കണക്കുകളെയും അട്ടിമറിച്ചാണ് ഇപ്പോള്‍ കാസര്‍കോട്ടെ പെരിയയില്‍ നിന്ന് എച്ച് 1 എന്‍ 1 കൂട്ടബാധയെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവരുന്നത്

symptoms of h 1 n 1 fever and things to care
Author
Trivandrum, First Published Feb 24, 2019, 12:03 PM IST

കാസര്‍കോട് പെരിയ ജവഹര്‍ നവോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കൂട്ടമായി എച്ച് 1 എന്‍ 1 രോഗം പടരുന്നുവെന്ന റിപ്പോര്‍ട്ട് സംസ്ഥാനത്തെയൊട്ടാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. രോഗലക്ഷണങ്ങളുമായി എത്തിയ നവോദയയിലെ 72 കുട്ടികളില്‍ അഞ്ച് പേര്‍ക്കും പനി സ്ഥിരീകരിച്ചുകഴിഞ്ഞു. പനി സ്ഥിരീകരിച്ച കുട്ടികളെ നവോദയയില്‍ തന്നെ പ്രത്യേക വാര്‍ഡ് സജ്ജീകരിച്ച് ചികിത്സ നടത്തുകയാണിപ്പോള്‍. 

സംസ്ഥാനത്ത് എച്ച് 1 എന്‍ 1 വ്യാപകമായി പടരാന്‍ സാധ്യതയുണ്ടെന്ന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആരോഗ്യവകുപ്പ് സൂചന നല്‍കിയിരുന്നു. സാധാരണഗതിയില്‍ രോഗം റിപ്പോര്‍ട്് ചെയ്യാറുള്ള ജൂണ്‍, ജൂലൈ മാസങ്ങള്‍ക്ക് പുറമെ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലും രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. 

തുടര്‍ന്ന് കാസര്‍കോട് ഒഴികെ എല്ലാ ജില്ലകളിലും എച്ച് 1 എന്‍ 1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ജില്ലയിലായിരുന്നു ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ എല്ലാ കണക്കുകളെയും അട്ടിമറിച്ചാണ് ഇപ്പോള്‍ കാസര്‍കോട്ടെ പെരിയയില്‍ നിന്ന് എച്ച് 1 എന്‍ 1 കൂട്ടബാധയെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവരുന്നത്. 

കരുതേണ്ട കാര്യങ്ങള്‍....

വായുവിലൂടെ പകരുന്ന ഒരിനം പനിയാണ് എച്ച് 1 എന്‍ 1. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പിക്കുന്നതിലൂടെ ഒരു പരിധി വരെ എച്ച് 1 എന്‍ 1 തടയാം. ജലദോഷമോ ചുമയോ ഉള്ളവര്‍ കൂടുതല്‍ കരുതലെടുക്കുക. മൂക്കും വായും പൊത്തിവേണം, തുമ്മാനും ചുമയ്ക്കാനുമെല്ലാം. അതുപോലെ തന്നെ അണുബാധയ്ക്കുള്ള സാധ്യതകളെ മാറ്റിനിര്‍ത്താന്‍ കൈകാലുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. 

ഗര്‍ഭിണികള്‍, പ്രായമായവര്‍, പ്രമേഹമുള്ളവര്‍, രക്തസമ്മര്‍ദ്ദമുള്ളവര്‍ എന്നിവരും ഒന്ന് കരുതണം. നിങ്ങളില്‍ എച്ച് 1 എന്‍ 1 രോഗാണുക്കളെത്താന്‍ സാധ്യതകള്‍ കൂടുതലാണ്. 

ഇതിന് ഫലപ്രദമായ ചികിത്സയുണ്ട്. എന്നാല്‍ സമയത്തിന് ചികിത്സ തേടിയില്ലെങ്കില്‍ ഇത് ജീവന് തന്നെ ഭീഷണിയായേക്കാം. അതിനാല്‍ രോഗലക്ഷണങ്ങള്‍ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ഇത്തരത്തിലുള്ള ഏതെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പോയി സ്ഥരീകരണം നടത്താം. 

ലക്ഷണങ്ങള്‍...

രണ്ട് ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പനിയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അങ്ങനെ പനി നീണ്ടുനിന്നാല്‍ തീര്‍ച്ചയായും ഡോക്ടറെ കണ്ട് രോഗമില്ലെന്ന് ഉറപ്പുവരുത്തണം. 100 ഡിഗ്രിക്ക് മുകളില്‍ വരെ ഈ പനി എത്താന്‍ സാധ്യതയുണ്ട്. 

ഇതിനൊപ്പം തന്നെ ചുമ, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ഛര്‍ദി, വയറിളക്കം എന്നീ പ്രശ്‌നങ്ങളെല്ലാം നേരിട്ടേക്കാം. ആദ്യഘട്ടത്തില്‍ എല്ലാ ലക്ഷണങ്ങളും ഒന്നിച്ച് കാണിക്കണമെന്നില്ല. എന്നാല്‍ അടുത്ത ഘട്ടമാകുമ്പോഴേക്ക് ലക്ഷണങ്ങളെല്ലാം മൂര്‍ച്ഛിക്കും. ചിലരില്‍ നേരിയ തോതില്‍ ശ്വാസതടസ്സങ്ങളും കണ്ടേക്കാം. 

ധാരാളം വെള്ളം കുടിക്കുന്നതും പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നതും ശരീരവും ചുറ്റുപാടും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതും എച്ച് 1 എന്‍ 1ന് എതിരെയുള്ള നല്ല മുന്‍കരുതലുകളാണ്. എങ്കിലും മേല്‍പ്പറഞ്ഞ ലക്ഷണങ്ങളിലേതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പോയി ആവശ്യമായ പരിശോധനകള്‍ നടത്തുക തന്നെ വേണം.
 

Follow Us:
Download App:
  • android
  • ios