Asianet News MalayalamAsianet News Malayalam

ആ രണ്ടു മത്സ്യങ്ങള്‍ ഇപ്പോഴും കുന്നുകയറാറുണ്ട്

Two fishes
Author
First Published Sep 20, 2016, 12:50 PM IST

 

Two fishes

പൂവാലിക്കു മുട്ടയിടണമെങ്കില്‍ കവ്വായിക്കായലിലെ ഉപ്പുവെള്ളത്തില്‍ നിന്നും പുറത്തുകടക്കണം. അതിനു വേനല്‍മഴ പെയ്യണം. നീരൊഴുക്കുകള്‍ക്കിടയിലൂടെ കുന്നും മലയും പാറക്കെട്ടുകളുമൊക്കെ തുള്ളിക്കയറണം. ശൂലാപ്പ് കാവിലെത്തണം. കാവിലെ തെളിനീരില്‍ മുട്ടയിട്ടു പെറ്റുപെരുകണം. കുഞ്ഞുങ്ങളെ വളര്‍ത്തണം. പിന്നെ കാലവര്‍ഷത്തിലെ മാരിപ്പെയ്ത്തില്‍ നീരൊഴുക്കുകളില്‍പറ്റി കുഞ്ഞുങ്ങളെയും കൊണ്ടു കുന്നിറങ്ങണം. തോടുകള്‍ കടക്കണം. കാര്യങ്കോടു പുഴയും നീലേശ്വരം പുഴയും കടന്ന് കവ്വായിക്കായലില്‍ തിരികെയെത്തണം. അഴകന്റെയും പൂവാലിയുടെയും ജീവിതസ്വപ്‌നങ്ങളില്‍ ആത്മാംശം പടരുന്ന നേരത്ത്  നെടുംബ ജംഗ്ഷനിലേക്ക് ബസ് ഇരച്ചു കയറി നിന്നു.

Two fishes

ഇടനാടന്‍ ചെങ്കല്‍ക്കുന്നുകള്‍. അത്യുത്തര കേരളത്തിന്റെ തീഷ്ണത ജ്വലിക്കുന്ന ചെങ്കല്‍പ്പാറകള്‍. ചെമ്മണ്‍ റോഡുകള്‍. തല്ലിക്കെടുത്തിയാലും നശിച്ചുപോകില്ലെന്നുറപ്പിച്ച് മുറ്റോടെ തഴച്ചുനില്‍ക്കുന്ന കുറ്റിച്ചെടികള്‍. ലഹരിനുരയുന്ന പറങ്കിമാവുകള്‍. കോലത്തുനാടിന്റെയും തുളുനാടിന്റെയും പരുക്കന്‍ ശരീരം.

സുഹൃത്ത് രഞ്ജുവേട്ടന്റെ സ്‌കൂട്ടറിനു പിന്നിലിരുന്നായി തുടര്‍ന്നുള്ള യാത്ര. കാവിലെക്കുള്ള ചെമ്മണ്‍പാത മനസ്സില്‍ ഭൂതകാലത്തിന്റെ കുളിരുണ്ടാക്കി. റോഡിന്റെ ഇരുവശങ്ങളിലും ആഴമൊളിപ്പിച്ചു കിടക്കുന്ന ചെങ്കല്‍പ്പണകള്‍. നിറയെ വെള്ളം. ഒറ്റയ്ക്കും കൂട്ടായും മേഞ്ഞുനടക്കുന്ന കന്നുകാലികള്‍. ആടുകള്‍. കാറ്റിന്റെ മൂളക്കം. ഇടയില്‍ കിളികളുടെ ശബ്ദം. ക്ഷണിക്കാതെ വന്ന് മണ്ണ് കീഴടക്കിത്തുടങ്ങിയ അക്കേഷ്യാ മരക്കൂട്ടങ്ങള്‍.

Two fishes

കാവിനകത്തു നിന്നും വെള്ളം ഒഴുകിയിറങ്ങി വരുന്നു. കാലങ്ങള്‍ക്കപ്പുറത്താണ് ഉറവയെന്നു തോന്നി. പതിയെ കാല്‍വച്ചു. നല്ല തണുപ്പ്. വെള്ളത്തിലിരുന്ന് തോര്‍ത്ത് ഉപയോഗിച്ച് മീന്‍ പിടിക്കാനുള്ള ശ്രമത്തിലാണ് കുറച്ചു കുട്ടികള്‍. അഴകനും പൂവാലിയും വീണ്ടും ഓര്‍മ്മകളിലെത്തി. നെടുംചൂരിയെയാണോ പിടിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അല്ല, കല്ലേപ്പറ്റി എന്നു മറുപടി.

Two fishes

നെടുംചൂരികള്‍ക്ക് ഇളംകറുപ്പ് നിറമാണ്. ചൂണ്ടുവിരലിന്റെ നീളം. കല്ലേപ്പറ്റി നെടുംചൂരിയെക്കാളും ചെറുതാണ്. ഇടനാടന്‍ ചെങ്കല്‍പ്രദേശങ്ങളിലെ തോടുകളിലും നീര്‍ച്ചാലുകളിലുമൊക്കെ സുലഭം. മണ്ണിന്റെ നിറം. അതില്‍ ഇടവിട്ട് കറുത്ത വരകള്‍. ഒറ്റനോട്ടത്തില്‍ കടുവയുടെ ഉടല്‍ പോലെയിരിക്കും. കല്ലുകള്‍ക്കിടയിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്നതിനാലാണ് കല്ലേപ്പറ്റി എന്ന പേരു വീണത്.

കാവിനകത്തേക്കു കടക്കുന്തോറും തണുപ്പുവന്നു പൊതിഞ്ഞു. ചുറ്റും കൂറ്റന്‍മരങ്ങള്‍. വള്ളിക്കെട്ടുകള്‍. ചിതല്‍പ്പുറ്റുകള്‍. വെള്ളത്തിലൂടെയായിരുന്നു നടപ്പ്. ആദ്യം കാല്‍പ്പാദം വരെയായിരുന്നു വെള്ളം. പിന്നെപ്പിന്നെ കാലു വയ്ക്കുന്ന ഇടം താഴുന്നതറിഞ്ഞു. മരങ്ങളുടെ ഇലയും മറ്റും വീണ് പുതഞ്ഞു കിടക്കുന്ന ജലം.

Two fishes

കാവിനകം മിറിസ്റ്റിക്ക എന്ന ചതുപ്പാണ്. ചിലയിടങ്ങളില്‍ പരന്ന ജലത്തിനു മുകളില്‍ പാട പോലെ പൊതിഞ്ഞ് കരിയിലകള്‍. ഏതാനും ദിവസം കൊണ്ട് അവയും ലയിച്ചു ജലഭാഗമാകുമെന്നു തോന്നി. ഇലകള്‍ കാലുകൊണ്ട് വകഞ്ഞു മാറ്റിയ ഇടങ്ങളിലൊക്കെ ആഴം തിരിച്ചറിയിക്കാതെ ഇരുണ്ട മുഖവുമായി വെള്ളം കിടന്നു.

മൂന്നു പതിറ്റാണ്ട് മുമ്പ് വരെ പതിമൂന്നേക്കറോളം വിസ്തൃതിയുണ്ടായിരുന്നെന്ന് കാവിനെന്നു പഴമക്കാര്‍. എന്നാല്‍ ഇന്നത് കേവലം രണ്ടേക്കറായി ചുരുങ്ങി. വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ എന്തോ അനങ്ങി. സൂക്ഷിച്ചു നോക്കി. ഒരു കുരങ്ങന്‍. ആളനക്കം കണ്ട് അത് വള്ളികളിലൂടെ കയറി ആകാശത്തേക്കു മറഞ്ഞു. പണ്ടിവിടെ കുറുനരികളും പുലികളുമൊക്കെ ഉണ്ടായിരുന്നെന്നും പഴമക്കാര്‍.

ക്ഷേത്ര മതിലിനോട് ചേര്‍ന്നു നടന്നു. മതിലിനപ്പുറത്താണ് ശൂലാപ്പ് ഭഗവതിയായ മൂകാംബികദേവി. മൂകാസുരനെ കൊന്ന ശേഷം ദേവി ചുഴറ്റിയെറിഞ്ഞ ശൂലം വന്നു വീണ ഇടമാണ് ശൂലാപ്പ് കാവെന്നാണ് ഐതിഹ്യം. ശൂലം ആപ്പു പോലെ തറച്ചു നിന്ന ഇടത്ത് ക്ഷേത്രം വന്നതിനു പിന്നിലെ കഥ പറഞ്ഞത് തദ്ദേശവാസിയായ രാധാകൃഷ്ണന്‍ മാസ്റ്റര്‍. അന്ന് പ്രദേശം ഭരിച്ചിരുന്നത് മൊറോക്കാട്ട് മന്നന്‍. ഒരുദിവസം മന്ന‍ന്‍ കാലിയെ മേയ്ക്കാന്‍ ഈ പ്രദേശത്തെത്തി. ദാഹിച്ചു വലഞ്ഞ മന്നന്‍ വെള്ളം തേടി അലഞ്ഞു നടന്നു.

Two fishes

പാറപ്പുറത്തെ ഒരു കുറ്റിക്കാട്ടിലെ കാട്ടുവള്ളിയിലിരുന്ന് ഊഞ്ഞാലാടുന്ന സുന്ദരി മന്നന്‍റെ കണ്ണിലുടക്കി. കുറച്ചകലെ ശൂലം തറച്ച ഒരിടമുണ്ടെന്നും അവിടെ കുഴിച്ചാല്‍ വെള്ളം കിട്ടുമെന്നും അവള്‍. 

അവള്‍ ചൂണ്ടിക്കാണിച്ച ഇടത്തെത്തിയ മന്നന്‍ ശൂലമൂരിയിടത്തു നിന്നും വെള്ളം കുതിച്ചു വന്നു.  വെള്ളം കുടിച്ചു മന്നന്‍ ദാഹമകറ്റി. കാട്ടുവള്ളിയില്‍ ഊഞ്ഞാലാടിയവള്‍ ദേവിയായിരുന്നെന്ന തിരിച്ചറിവ്. അങ്ങനെ മൊറാക്കാട്ട് മന്നന്‍ പാകിയ ക്ഷേത്രമാണിതെന്നാണ് കഥ. രാധാകൃഷ്ണന്‍ മാസ്റ്റര്‍ക്ക് ഈ പഴങ്കഥ പറഞ്ഞു കൊടുത്തത് ഗ്രാമത്തിലെ പഴമക്കാരന്‍ രാമേട്ടന്‍. രാമേട്ടന്‍ ഇന്നില്ല. ക്ഷേത്രത്തിനു പുറത്ത്, കാവിന്റെ അകത്തും പുറത്തുമായി രണ്ട് കിണറുകളുണ്ട്. അകത്തെ കിണര്‍ ചതുപ്പിന്റെ ഭാഗമാണെന്നു തോന്നിച്ചു. ഭഗവതിയോടുള്ള ഭയമാവാം കാവിനെ അല്‍പ്പമെങ്കിലും അവശേഷിപ്പിച്ചിരിക്കുന്നത്.

പശ്ചിമഘട്ട വനമേഖലയിലെ അത്യപൂര്‍വ്വ സസ്യാവരണമാണ് മിറിസ്റ്റിക്ക ചതുപ്പുകള്‍ എന്ന് എവിടെയോ വായിച്ചിരുന്നു. ഭൂരിഭാഗം ചതുപ്പുകളും കണ്ടല്‍ക്കാടുകളാല്‍ നിറഞ്ഞിരിക്കുമ്പോള്‍ മിറിസ്റ്റിക്ക ചതുപ്പുകള്‍ കാവടിവേരുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഇത്തരം ചതുപ്പുകള്‍ ഇന്ത്യയില്‍ പശ്ചിമഘട്ടത്തില്‍ മാത്രമാണുള്ളത്. പാരിസ്ഥിതിക പ്രാധാന്യമുള്ള വിരളമായ ഈ സസ്യസമ്പത്ത് കേരളത്തില്‍ ആദ്യമായി കണ്ടെത്തുന്നത് കൊല്ലം ജില്ലയിലെ  ചെന്തുരുണി, കുളത്തൂപ്പുഴ വനമേഖലയിലാണ്. 1960കളില്‍.

Two fishes

വണ്ണക്കുറവും ശിഖരരഹിതവും നിത്യഹരിതവുമായിരിക്കും മിറിസ്റ്റിക്കേസി സസ്യകുടുംബത്തിലെ മിക്കവാറും സസ്യങ്ങളും. 15 മുതല്‍ 30 വരെ മീറ്റര്‍ വരെ ഉയരം. വിസ്തൃതമായ തലപ്പ്. കൊത്തപ്പയിന്‍  (മിറിസ്റ്റിക്ക മാഗ്‌നിഫിക്ക), ഉണ്ടപ്പയിന്‍  (മിറിസ്റ്റിക്ക കനിറിക്ക), കാട്ടുജാതി  (മിറിസ്റ്റിക്ക മലബാറിക്ക) തുടങ്ങിയവയാണ് കൂടുതലും. ഭൂമിക്കു മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന കെട്ടുപിണഞ്ഞ വേരുകളാണ് ഇവയുടെ പ്രത്യേകത. 'റ' പോലെ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന ഈ വേരുകളിലൂടെയാണ് ഇവയുടെ ശ്വസനപ്രക്രിയ നടക്കുന്നത്. മണല്‍ കലര്‍ന്ന എക്കല്‍ മണ്ണുള്ള ശുദ്ധജല ആവാസമേഖലയാണ് ഈ ചതുപ്പുകളുടെ മറ്റൊരു പ്രത്യേകത. ജൂണ്‍ മുതല്‍ ജനുവരി വരെ വെള്ളക്കെട്ടുള്ള ചതുപ്പില്‍ മറ്റു മാസങ്ങളില്‍ ഈര്‍പ്പം നിറഞ്ഞു നില്‍ക്കും.

വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍ ചിത്രശലഭങ്ങളുടെ ലാര്‍വകള്‍ തൂങ്ങിക്കിടന്നു. ഗരുഡശലഭം, വിറവാലന്‍, നീലക്കടുവ, കൃഷ്ണശലഭം, മരോട്ടി ശലഭം, നാരകക്കാളി, പുള്ളിക്കുറുമ്പന്‍, പൊന്തച്ചുറ്റന്‍, മഞ്ഞപ്പാപ്പാത്തി, വിലാസിനി, തീച്ചിറകന്‍ തുടങ്ങിയ വിവിധ ഇനം ശലഭങ്ങളെക്കൊണ്ട് സമ്പന്നമാണ് ശൂലാപ്പ്. നീറ്റിലെ തവള, മരത്തവള, ചൊറിത്തവള തുടങ്ങിയ തവള വര്‍ഗ്ഗങ്ങളും കാവിലുണ്ടായിരുന്നതായി പഠനങ്ങള്‍. അഴകനും പൂവാലിയും കാവിലേക്കുള്ള വഴയില്‍ പരിചയപ്പെട്ട വയസ്സന്‍ തവള ഇതില്‍ ഏതിനത്തില്‍പ്പെടുമെന്ന് വെറുതെ ആലോചിച്ചു നോക്കി.

വെള്ളാടന്‍ കോട്ടയും വണ്ണാത്തിക്കാനവും തേടി കാവിറങ്ങി. നെടുംബ  ചീമേനി റോഡില്‍ ചീമേനി ടൗണിന് രണ്ടു കിലോമീറ്റര്‍ അകലെയാണ് കോട്ട എന്നറിയപ്പെടുന്ന പ്രദേശം. ഇവിടെ മാധവിയമ്മയുടെ പുരയിടത്തിലാണ് കോട്ടയുള്ളത്. കോട്ടയെന്ന് പേരു കേട്ടപ്പോള്‍ വലിയൊരു നിര്‍മ്മിതിയുടെ രൂപമായിരുന്നു മനസ്സില്‍. എന്നാല്‍ വലിയൊരു മണ്‍കൂനയും വിളക്കു വയ്ക്കുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു തറയും മാധവിയമ്മ ചൂണ്ടിക്കാട്ടി.

Two fishes

മണ്‍കൂനയില്‍ ഒന്നുരണ്ടു മരങ്ങള്‍ വളര്‍ന്നു പടര്‍ന്നു നില്‍ക്കുന്നു. പണ്ട് ഈ സ്ഥാനത്തൊരു പടുകൂറ്റന്‍ മരമുണ്ടായിരുന്നു. ടിപ്പു സുല്‍ത്താന്റെ പടയോട്ടക്കാലത്ത് ആ മരത്തിനു മുകളില്‍ ഏറുമാടം കെട്ടിയിരുന്നു. പടത്തലം എന്നും ഇതറിയപ്പെട്ടു. ആ മരമൊക്കെ നാടുനീങ്ങിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. തൊട്ടടുത്തുള്ള വിളക്കുതറ നാല് ഭഗവതിമാരുടെ സംഗമസ്ഥാനമാണെന്നു മാധവിയമ്മ. ഒയോളത്ത്, കാനത്തറ, ശൂലാപ്പ്, പരദേവത എന്നീ ദേവിമാര്‍ സംഗമിക്കുന്ന ഇടം. എല്ലാ ദിവസവും മാധിവിയമ്മ ഇവിടെ വിളക്കു വയ്ക്കും. തുലാപ്പത്തിന് അവിലു കുഴയ്ക്കുന്ന ചടങ്ങു നടക്കും.

Two fishes

ഒരുകാലത്ത് ചെറുവത്തൂരേക്കും ചീമേനിയിലേക്കുമൊക്കെയുള്ള നടവഴി ഇതുവഴിയായിരുന്നു. തൃക്കരിപ്പൂര്‍, കൊടക്കാട്, കരിവെള്ളൂര്‍ തുടങ്ങിയ പ്രദേശങ്ങളിലേക്കും ചെറുവത്തൂര്‍ ചന്തയിലേക്കുമൊക്കെയുള്ള കാല്‍നടവഴി. മാധവിയമ്മയുടെ അമ്മയുടെ അമ്മാവന് താഴേക്കാട്ടു മന വക കിട്ടിയ ഭൂമിയാണിത്. അതിനു പിന്നിലൊരു കഥയുണ്ടെന്ന് മാധവിയമ്മ പറഞ്ഞു.

അക്കഥ ഇതാണ്. ചീമേനിയില്‍ കള്ളുഷാപ്പുണ്ടായിരുന്നു വലിയമ്മാവന്‍ രാമന്. ഒരു ദിവസം ഷാപ്പടച്ച് വീട്ടിലേക്കു പോകുന്ന വഴിയില്‍ ഈ കുന്നിന്‍ ചെരിവിലെത്തിയപ്പോള്‍ തളര്‍ന്നുപോയി അമ്മാവന്‍. ദാഹിച്ച് അവശനായി. തന്നെ ബാക്കിയായാല്‍ ഇവിടൊരു കിണറുണ്ടാക്കുമെന്ന് അമ്മാവന്‍ ദൈവത്തെ വിളിച്ചു ശപഥം ചെയ്തു. അങ്ങനെ ബാക്കിയായ രാമനമ്മാവന്‍ ജന്മികളായ താഴേക്കാട്ടു മനക്കാരെ പോയി കണ്ടു. ദാനം കിട്ടിയ ഭൂമിയില്‍ രാമന്‍ കിണറുകുത്തി. വഴിപോക്കര്‍ക്ക് വെള്ളം കൊടുത്തു.

ഇവിടം വെള്ളാടന്‍ കോട്ടപ്പൊയിലെന്നും അറിയപ്പെടുന്നു. പൊയില്‍ എന്നാല്‍ കുന്നുകളുടെ ഇടയിലെ സമതലം. നെടുംപൊയിലാണ് നെടുംബ ആയതെന്ന് മാധവിയമ്മ. വെള്ളാടന്‍ കോട്ട തേടി മുമ്പ് വല്ലപ്പോഴുമൊക്കെ ഗവേഷകരും പുരാവസ്തുക്കാരുമൊക്കെ വന്നിരുന്നുവെന്ന് മാധവിയമ്മ പറയുന്നു. ഇപ്പോള്‍ കുറേക്കാലമായി ആരും വരവില്ല. ഇതുപോലൊരു കോട്ട അല്‍പ്പം അകലെ വേറെയുമുണ്ടെന്നും വേട്ടുവക്കോട്ട എന്നാണ് പേരെന്നും മടങ്ങുമ്പോള്‍ മാധവിയമ്മ പറഞ്ഞു.

Two fishes

പ്രസിദ്ധമായ ബേക്കല്‍ കോട്ട കൂടാതെ കാസര്‍കോട് ജില്ലയിലെ വിവിധ കോട്ടകളെപ്പറ്റി പ്രാദേശിക ചരിത്രകാരന്മാര്‍ സൂചന നല്‍കുന്നുണ്ട്. മായില കോട്ടകള്‍ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. മണ്ണുകൊണ്ട് കെട്ടിയുണ്ടാക്കിയ മധൂര്‍, വജ്ബയല്‍, കാട്ടുകുക്കെ, ആദൂര്‍, ചീമേനി തുടങ്ങിയ മായിലക്കോട്ടകള്‍. ഇതില്‍ ചീമേനിക്കോട്ട ഇക്കേരി രാജാക്കന്മാര്‍ നിര്‍മ്മിച്ചതാണെന്നും ചിലര്‍ വാദിക്കുന്നു. മായിലക്കോട്ടകള്‍ മാവില സമുദായക്കാരുടെതാണെന്നും കേട്ടിരുന്നു. കുറേ അന്വേഷിച്ചെങ്കിലും മാധവിയമ്മ പറഞ്ഞ വേട്ടുവക്കോട്ട കാണാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.

Two fishes

ഇതുവരെ കണ്ടും കേട്ടുമുള്ള കോട്ട എന്ന വാക്കിന് പുതിയൊരു ദൃശ്യബിംബം ലഭിച്ചതിന്റെയും ചരിത്രവും മിത്തുകളുമൊക്കെ കൂടിക്കുഴഞ്ഞ ആശയക്കുഴപ്പങ്ങള്‍ക്കുമിടയിലാണ് വണ്ണാത്തിക്കാനത്തിലെത്തുന്നത്. ചെങ്കല്‍ക്കുന്നുകള്‍ക്കിടയിലെ വെള്ളച്ചാട്ടങ്ങളാണ് അത്യുത്തര കേരളത്തില്‍ കാനം എന്നറിയപ്പെടുന്നത്. രൂപം കൊണ്ടും സസ്യജന്തുജാലങ്ങളെക്കൊണ്ടും കാവുകള്‍ക്ക് സമാനമാണ് കാനങ്ങളിലെ അന്തരീക്ഷവും.

Two fishes

ചീമേനി ടൗണില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ് വണ്ണാത്തിക്കാനം. മണ്‍റോഡില്‍ വാഹനം നിര്‍ത്തി. വിശാലമായ കവുങ്ങിന്‍ തോപ്പ്. ഒറ്റയടിപ്പാത. പഴുത്തടക്കയുടെ കൊതിപ്പിക്കുന്ന ദൃശ്യങ്ങള്‍. അരികിലൂടെ നിറയെ വെള്ളവുമായി ഒരു ചെറുതോട്. കവുങ്ങിന്‍ തോപ്പ് അവസാനിക്കുന്നിടത്ത് വച്ച് കയ്യാലയിലൂടെ തോട്ടിലേക്ക് ഊര്‍ന്നിറങ്ങി. പിന്നെ തോട്ടിലൂടെയായി നടപ്പ്. ചെറിയ ഉരുളന്‍ കല്ലുകളില്‍ തട്ടി വെള്ളം തല്ലിയൊഴുകുന്നു. മുന്നോട്ടു നടക്കുന്തോറും ചുറ്റും വനത്തിന്റെ പ്രതീതി. ഓരോ കാല്‍വെയ്പ്പിലും തണുപ്പു പൊതിഞ്ഞു.

മുമ്പില്‍ വിശാലമായൊരു കുളം. ചുറ്റിലും വന്‍മരങ്ങള്‍. പെരുമ്പാമ്പുകളെപ്പോല തൂങ്ങിക്കിടക്കുന്ന കാട്ടുവള്ളികള്‍. കുന്നിന്‍മുകളില്‍ നിന്നും ജലപ്രവാഹം. പാറക്കെട്ടുകളിലും മരച്ചില്ലകളിലും തട്ടിച്ചിതറി താഴേക്കു വീഴുന്ന ജലശബ്ദം. വഴിതെറ്റി, ശൂലാപ്പു കാവില്‍ തിരികെയെത്തിയെന്ന് തോന്നി. ഇതാണ് വണ്ണാത്തിക്കാനം. ഒപ്പമുണ്ടായിരുന്ന പ്രദേശവാസി ശരത് പറഞ്ഞു. പണ്ടെങ്ങോ ഇവിടെയെവിടെയോ ഒരു വണ്ണാത്തി താമസിച്ചിരുന്നു. അങ്ങനെയാണ് കാനത്തിന് ഈ പേരു വന്നത്.

മുകളില്‍ നിന്നും വന്നുവീഴുന്ന വെള്ളം കുളം പോലെ കെട്ടിക്കിടക്കുന്നു. ഇതില്‍ നിന്നാണ് തോട് പിറക്കുന്നത്. അധികം ആഴമൊന്നുമില്ല. പക്ഷേ കാല്‍ വച്ചപ്പോള്‍ വല്ലാതെ താഴുന്നു. ഇലകള്‍ വീണ് പുതഞ്ഞു കിടക്കുകയാണ്. പേടി തോന്നി. ഇറങ്ങി നടക്കാം. മുട്ടോളം മാത്രമേ താഴൂ. ശരത് പറഞ്ഞു. പക്ഷേ ഭയം അനുവദിച്ചില്ല. മണ്‍തിട്ടയിലെ കല്ലുകളില്‍ ചവിട്ടി കാട്ടുവള്ളികളില്‍ പിടിച്ച് മുന്നോട്ടു നടക്കാനായി ശ്രമം. ഇടയില്‍ ചവിട്ടിയ കല്ലിടിഞ്ഞ് വെള്ളത്തിലേക്കു വഴുതി. ഭാഗ്യത്തിന് മറ്റൊരു വള്ളിയില്‍ പിടിത്തം കിട്ടി. അങ്ങനെ ഒരുവിധത്തില്‍ വെള്ളച്ചാട്ടത്തിന്റെ കീഴിലെത്തി.

Two fishes

വടക്കേമലബാറില്‍ ഇത്തരം നിരവധി കാനങ്ങളുണ്ട്. വെള്ളച്ചാട്ടവും ചെറുവനങ്ങളും ചേര്‍ന്ന ജൈവവൈവിധ്യക്കലവറകള്‍. സര്‍പ്പഗന്ധി, ഏകനായകം, മധുരക്കാഞ്ഞിരം,കൂവളം, നന്നാറി, മൂവില, വാതംകൊല്ലി, കനി, ചന്ദനം, മുരിക്ക്, പിണ്ഡി, ഇരുള്‍, പാല, എരുവക്കാശാവ്, ആടലോടകം, കുറുന്തോട്ടി, അതിരാണി തുടങ്ങി അപൂര്‍വ്വ ഇനം ഔഷധ സസ്യങ്ങളും മരങ്ങളുമൊക്കെ ഇടനാടന്‍ചെങ്കല്‍ക്കുന്നുകളിലെ ഇടതൂര്‍ന്ന വനങ്ങളിലുണ്ട്. ഇവയില്‍ പലതും ശൂലാപ്പിലും വണ്ണാത്തിക്കാനത്തിലുമൊക്കെയുണ്ട്.

വണ്ണാത്തിക്കാനത്തിനടുത്തു വച്ച് കുറച്ചു ദിവസം മുമ്പ് കാട്ടുപന്നിയുടെ മുന്നില്‍പ്പെട്ട കഥ ശരത് പറഞ്ഞു. കുന്നിന്‍ ചെരുവിലെ പൊന്തക്കാട്ടിലെ വഴിയില്‍. ഭാഗ്യത്തിനാണ് കൂട്ടുകാരോടൊത്ത് ഓടി രക്ഷപ്പട്ടതെന്നു ശരത്.

കാലങ്ങള്‍ക്കു മുമ്പ് ഇവിടെവിടെയോ ജീവിച്ചിരുന്ന ആ വണ്ണാത്തിപ്പെണ്ണിനെക്കുറിച്ചോര്‍ത്തപ്പോള്‍ അഭിമാനവും കൗതുകവും തോന്നി.

മടക്കയാത്രയ്ക്കായി ബസ് തേടി ചീമേനി ടൗണില്‍. വിശാലമായ ചെങ്കല്‍പ്പാളികള്‍ക്കിടയില്‍ കഥകളും ചരിത്രവും ഒളിപ്പിച്ച് ഒന്നുമറിയാത്ത പോലെ ദേശം കിടന്നു. ഒരു നൂറുവട്ടം വന്നാലും കണ്ടുതീരില്ല അത്യുത്തര കേരളത്തിന്റെ നാട്ടുപ്രദേശങ്ങളെന്നു തോന്നി. പയ്യന്നൂരിലേക്കുള്ള ബസ് ശൂലാപ്പ് കാവിനെ പിന്നിലാക്കി.

കാവുപേക്ഷിക്കാന്‍ അഴകനോടും പൂവാലിയോടും അംബികാസുതന്‍ മാഷ് പറഞ്ഞതോര്‍ത്തു. ഒരിക്കലും മനുഷ്യനെത്താത്ത, നിറയെ ശുദ്ധജലമുള്ള ഇടവും തേടി ആ രണ്ടു മത്സ്യങ്ങളും എട്ടാംക്ലാസ്സിലെ പാഠപുസ്തകത്തില്‍ കിടന്നു വട്ടംതിരിഞ്ഞു. ഒരു ന്യൂജന്‍ വിദ്യാര്‍ത്ഥിയുടെ നിസ്സഹായത വന്നു പൊതിയുന്നതറിഞ്ഞു.

 

Two fishes

 

വീഡിയോ കാണാം

 

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഫോട്ടോ ഗാലറി സന്ദര്‍ശിക്കുക

Follow Us:
Download App:
  • android
  • ios