Asianet News MalayalamAsianet News Malayalam

ആറുമണിക്കൂര്‍ എങ്കിലും ഉറങ്ങൂ; അല്ലെങ്കില്‍ മരണത്തെ സ്വാഗതം ചെയ്തോളൂ.!

What Does Your Sleeping Position Say About You
Author
First Published Jun 11, 2017, 6:58 AM IST

ആറുമണിക്കൂര്‍ എങ്കിലും ദിവസം ഉറക്കം കിട്ടുന്നില്ലെ, എങ്കില്‍ നിങ്ങളുടെ ആരോഗ്യം വളരെ ശ്രദ്ധിക്കേണ്ട സമയമായിരിക്കുന്നു. ശരീരത്തിന് ആറു മണിക്കൂറെങ്കിലും മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ മരണസാധ്യത ഇരട്ടിയാകുമെന്നാണ് പുതിയ പഠനം പറയുന്നത്. പ്രത്യേകിച്ച്,  ശരീരത്തിന്‍റെ മെറ്റബോളിക് പ്രവര്‍ത്തനത്തെ ഉറക്കകുറവ് ബാധിക്കും എന്നാണ് പഠനം പറയുന്നത്. ആറുമണിക്കൂറില്‍ കുറവ് ഉറങ്ങിയാല്‍ ഹൃദ്രോഗവും പക്ഷാഘാതവും മൂലം മരിക്കാനുള്ള സാധ്യത രണ്ടു മടങ്ങാണെന്ന് പഠനം പറയുന്നു.

രക്തസമ്മര്‍ദ്ധം, പ്രമേഹം, അമിത കൊഴുപ്പ് അഥവാ പൊണ്ണത്തടി, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയ ഉപാപചയ രോഗങ്ങളുള്ളവര്‍ ആറു മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ മരണസാധ്യത ഇരട്ടിയാകുമെന്നും കൂടുതല്‍ ഉറക്കം ലഭിക്കുന്നവര്‍ക്ക് മരണസാധ്യത കുറയുമെന്നും പഠനം പറയുന്നു. 

ആറ് മണിക്കൂറിലധികം ഉറങ്ങുന്ന ഉപാപചയരോഗികളായ ആളുകള്‍ക്ക് സ്ട്രോക്ക് മൂലം മരണം സഭവിക്കാനുള്ള സാധ്യത 1.49 മടങ്ങായിരിക്കുമെന്ന് പഠനം പുറയുന്നു. ഉപാപചയ രോഗങ്ങള്‍ ബാധിക്കാത്തവരെ അപേക്ഷിച്ച് ഈ രോഗങ്ങള്‍ ബാധിച്ച ഉറക്കക്കുറവുള്ളവര്‍ക്ക് ഏതെങ്കിലും കാരണത്താല്‍ മരിക്കാനുള്ള സാധ്യത 1.99 ഇരട്ടിയാണ്.

ഹൃദ്രോഗം വരാനുള്ള സാധ്യതാ ഘടകങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ ഉറക്കത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും ആവശ്യമെങ്കില്‍ വൈദ്യസഹായം തേടണമെന്നും അതുവഴി ഹൃദ്രോഗമോ ഹൃദയാഘാതമോ മൂലമുള്ള മരണസാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്നും പഠനത്തിനു നേതൃത്വം നല്‍കിയ ജൂലിയോ ഫെര്‍ണാണ്ടസ് മെന്‍ഡോസ പറഞ്ഞു.

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ജേണല്‍ പ്രസിദ്ധീകരിച്ച പഠനം ശരാശരി 49 വയസ്സു പ്രായമുള്ള 1344 പേരിലാണ് നടത്തിയത്. ഇവരില്‍ 42 ശതമാനം പുരുഷന്മാരായിരുന്നു. പഠനത്തിനായി ഒരു രാത്രി സ്ലീപ്പ് ലബോറട്ടറിയില്‍ ഇവര്‍ കഴിഞ്ഞു. ഇവരില്‍ 39 ശതമാനം ആളുകള്‍ക്കും കുറഞ്ഞത് മൂന്ന് രോഗസാധ്യതാ ഘടകങ്ങള്‍ ഉള്ളതായി കണ്ടു. ബോഡിമാസ് ഇന്‍ഡക്സ് (ബിഎംഐ) 30 ല്‍ കൂടുതല്‍, ഉയര്‍ന്ന കൊളസ്ട്രോള്‍, ഫാസ്റ്റിങ്ങ് ബ്ലഡ് ഷുഗര്‍, രക്തസമ്മര്‍ദം, ട്രൈഗ്ലിസറൈഡ് നില ഇവ കൂടുതല്‍ ആണെന്നും കണ്ടു. 

16 വര്‍ഷത്തെ പഠന കാലയളവില്‍ 22 ശതമാനം പേര്‍ പേര്‍ മരണമടഞ്ഞു. രക്തസമ്മര്‍ദവും രക്തത്തിലെ ഗ്ലൂക്കോസ് നിലയും കുറച്ച് ഉറങ്ങുന്ന സമയം വര്‍ധിപ്പിച്ചാല്‍ മെറ്റബോളിക് സിന്‍ഡ്രോം ബാധിച്ചവരില്‍ അപകടസാധ്യത കുറയ്ക്കാന്‍ സാധിക്കുമോ എന്നതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നു ഫെര്‍ണാണ്ടസ് മെന്‍ഡോസ പറഞ്ഞു.

Follow Us:
Download App:
  • android
  • ios