Asianet News MalayalamAsianet News Malayalam

ദയാവധത്തിന് സുപ്രിം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

  • ദയാവധത്തിന് സുപ്രിം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
What is Living Will and Right to Die Heres a Look mercy killing

ദില്ലി: ഉപാധികളോടെയുള്ള ദയാവധം നടപ്പാക്കുന്നതിന് കൃത്യമായ നിർദ്ദേശങ്ങളാണ് സുപ്രീം കോടതിയിലെ അഞ്ചംഗ ബെഞ്ച് മുന്നോട്ട് വച്ചിരിക്കുന്നത്. ദയാവധത്തിന് മരണസമ്മതപത്രം തയ്യാറാക്കണ്ടത് ഒന്നാം ക്ളാസ് മജിസ്ട്രേറ്റിന്റെ സാക്ഷ്യത്തിലാകണമെന്ന്  വിധിയിൽ പറയുന്നു. അങ്ങനെ സമ്മതപത്രം തയ്യാറാക്കുന്ന മജിസ്ട്രേറ്റ് കോടതിയിലും ജില്ലാ കോടതിയിലും സമർപ്പിക്കണം.

ഒരാൾക്ക് സ്വന്തം താല്‍പര്യപ്രകാരം മരണ സമ്മതപത്രം മുന്‍കൂട്ടി തയ്യാറാക്കി വയ്‌ക്കാം. ജിവിതത്തിലേക്കുള്ള മടങ്ങിവരവ് അസാധ്യമാകുന്ന തരത്തിൽ രോഗ ബാധിതരായാല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നീക്കി മരണം അനുവദിക്കണമെന്നാണ്‌ മരണസമ്മത പത്രത്തില്‍ എഴുതേണ്ടത്‌. 

മരണ സമ്മത പത്രം നടപ്പിലാക്കാന്‍ ചുമതലപെടുത്തിയിരിക്കുന്ന ആളിന്റെ വിശദാംശങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നും ചികില്‍സ നിര്‍ത്തേണ്ട സാഹചര്യം കൃത്യമായി വിശദീകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. രണ്ട്‌ സാക്ഷികളുടെ സാന്നിധ്യത്തില്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റിന്റെ സാക്ഷ്യപെടുത്തലോടെയാണ് സമ്മതപത്രം തയ്യാറാക്കേണ്ടത്‌.

സമ്മതപത്രത്തിന്റെ പകർപ്പ് മജിസ്‌ട്രേറ്റ്‌ ഓഫീസിൽ സൂക്ഷിക്കണം. ജില്ലാ കോടതിയിലും തദ്ദേശഭരണ സ്ഥാപനത്തിലും സമ്മതപത്രത്തിന്റെ പകർപ്പ് നൽകണം. രോഗിക്ക്‌ ജിവിതത്തിലേക്ക്‌ തിരിച്ചുവരാനാകില്ലെന്ന് ചികിത്സിക്കുന്ന ഡോക്ടർ ആദ്യം സാക്ഷ്യപ്പെടുത്തണമെന്നും പിന്നീട് മെഡിക്കൽ ബോർഡ് രൂപീകരിച്ച് തീരുമാനം ജില്ല കലക്ടറെ അറിയിക്കണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 

ജില്ല കലക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡുണ്ടാക്കി വീണ്ടും പരിശോധന നടത്തണമെന്നും ഈ ബോര്‍ഡിന്റെ തീരുമാനം മജിസ്‌ട്രേറ്റിനെ അറിയിക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു. പിന്നീട് മജിസ്ട്രേറ്റ് സ്ഥിതി നേരിട്ട് വിലയിരുത്തണം. മജിസ്‌ട്രേറ്റിന്റെ അന്തിമ അനുമതിയോടെ ദയാവധം നടപ്പാക്കാം.

മരണപത്രം മുന്‍കൂട്ടി തയ്യാറാക്കിയിട്ടില്ലാത്തവര്‍ക്കും സമാന നടപടിയിലൂടെ ദയാവധത്തിന്‌ വിധേയമാകാമെന്നും കോടതി നിർദ്ദേശിച്ചു. മെഡിക്കല്‍ ബോര്‍ഡ്‌ അംഗീകാരം കിട്ടിയില്ലെങ്കില്‍ രോഗിയുടെ ബന്ധുക്കൾക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios